ബംഗളൂരു: മുൻ ബി.ജെ.പി സർക്കാറിന്റെ കാലത്ത് മുൻ ന്യൂനപക്ഷ കമീഷൻ ചെയർമാൻ അൻവർ മണിപ്പാടി കർണാടകയിലെ വഖഫ് സ്വത്ത് കൈയേറ്റവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ട് പൂഴ്ത്താൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര 150 കോടി രൂപ കൈക്കൂലി നൽകാൻ ശ്രമിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.
തന്റെ വീട്ടിലെത്തി വിജയേന്ദ്ര നടത്തിയ ഈ നീക്കം സംബന്ധിച്ച് അൻവർ മണിപ്പാടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും സിദ്ധരാമയ്യ അവകാശപ്പെട്ടു.ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിജയേന്ദ്ര തന്റെ വീട് സന്ദർശിച്ചതായും വഖഫ് സ്വത്ത് കൈയേറ്റ റിപ്പോർട്ടിനെക്കുറിച്ച് മൗനം പാലിക്കാൻ 150 കോടി രൂപ വാഗ്ദാനം ചെയ്തതായും അൻവർ മണിപ്പാടി പരസ്യമായി പറഞ്ഞിരുന്നു. അൻവർ വിജയേന്ദ്രയെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു.
മോദിയുടെ മഹത്തായ ‘നാ ഖുംഗ, നാ ഖാനെ ദൂംഗ’ വാഗ്ദാനത്തിന് എന്ത് സംഭവിച്ചു? സ്ഫോടനാത്മകമായ ഈ ആരോപണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൗനം സംശയങ്ങളും നിരവധി ചോദ്യങ്ങളും ഉയർത്തുന്നു. എന്തിനാണ് ബി.ജെ.പി നേതൃത്വം വഖഫ് സ്വത്ത് കൊള്ളയിൽ വിജയേന്ദ്രയെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നത്? മുഖ്യമന്ത്രി ചോദിച്ചു. കർണാടക ബി.ജെ.പിയുടെ എ.ടി.എം ആയി മാറിയെന്ന് വ്യക്തമാക്കുന്നതാണ് സാഹചര്യം.
തന്റെ പിതാവ് യെദിയൂരപ്പയുടെ മുഖ്യമന്ത്രിസ്ഥാനം ഉറപ്പാക്കാൻ വിജയേന്ദ്ര 2000 കോടി രൂപ നൽകിയെന്ന് വിജയപുര ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ ആരോപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് സംഭരണ കുംഭകോണം മുതൽ വഖഫ് സ്വത്ത് കൊള്ള വരെ, കർണാടകയിലെ ബി.ജെ.പിയുടെ അലമാരയിൽ നിന്ന് അസ്ഥികൂടങ്ങൾ താഴേക്ക് പതിക്കുന്നു. ഈ ആരോപണങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം നമ്മുടെ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. മോദി മൗനം വെടിഞ്ഞ് ഈ ആരോപണങ്ങളിൽ ഉടൻ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണം.
വഖഫ് വിഷയം ഉന്നയിക്കുന്നതിൽ നിന്ന് പ്രതിപക്ഷ നേതാവ് ആർ. അശോകനെ തടയാൻ ഭരണകക്ഷിയായ കോൺഗ്രസ് അംഗങ്ങൾ ശ്രമിച്ചുവെന്നാരോപിച്ച് ബി.ജെ.പി എം.എൽ.എമാർ വെള്ളിയാഴ്ച നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.