ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വെള്ളമെടുക്കുന്ന സ്രോതസ്സുകളുടെ വിശദാംശങ്ങളാവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. സംസ്ഥാനത്തെ കടുത്ത ജലക്ഷാമത്തിനിടെ ഐ.പി.എൽ മത്സരങ്ങൾക്കായി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ച ട്രൈബ്യൂണൽ, സ്റ്റേഡിയത്തിന്റെ പ്രതിദിന ജല ഉപഭോഗം 1,94,000 ലിറ്ററും അതിൽ 80,000 ലിറ്റർ ശുദ്ധജലമാണെന്നും ചൂണ്ടിക്കാട്ടി.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെ.എസ്.സി.എ) അഭ്യർഥന പ്രകാരം ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ അനുമതി നൽകിയെന്ന മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. സ്റ്റേഡിയത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവും സ്രോതസ്സും സംബന്ധിച്ച പൂർണവിവരങ്ങളടങ്ങിയ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം ബി.ഡബ്ല്യു.എസ്.എസ്.ബിയോട് നിർദേശിച്ചിരുന്നു.
സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള മലിനജല സംസ്കരണ പ്ലാന്റിന്റെ വിവരങ്ങളും അതിന്റെ പ്രവർത്തന വിശദാംശങ്ങളും സമർപ്പിക്കാൻ അസോസിയേഷനോട് ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.