ബംഗളൂരു: മഹാരാഷ്ട്രയില്‍ യശശ്രീ ഷിൻഡെ (20) കൊല്ലപ്പെട്ട കേസിലെ പ്രതി കർണാടകയിൽ അറസ്റ്റിലായി. ശനിയാഴ്ച നവി മുംബൈയിലെ ഉറാൻ പ്രദേശത്താണ് യശശ്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിരച്ചിലിനിടെ ഗുല്‍ബർഗ ജില്ലയില്‍ നിന്നാണ് പ്രതി ദാവൂദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യാർഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി ഇയാള്‍ യശശ്രീയെ ശല്യം ചെയ്തിരുന്നു. തുടർന്ന് പിതാവിന്റെ പരാതിയിൽ ദാവൂദ് ഷെയ്ക്കിനെതിരെ 2019ല്‍ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് ഒന്നര മാസത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞു. നിരന്തര ശല്യം കാരണം യശശ്രീ ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. എന്നാല്‍, ദാവൂദ് തന്റെ സുഹൃത്തായ മൊഹ്സിന്റെ ഫോണിൽ വിളിക്കുകയും, സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജൂലൈ 22ന് കർണാടക വിട്ട പ്രതി 23ന് നവി മുംബൈയിലെത്തി. അടുത്ത ദിവസം തന്നെ കാണണമെന്ന് യശശ്രീയെ നിർബന്ധിച്ചു. ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രതി സ്വകാര്യ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തുടർന്നാണ് കാണാമെന്ന് സമ്മതിച്ചത്. തുടർന്നുണ്ടായ തർക്കത്തിനൊടുവില്‍ ഇയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യശശ്രീയുടെ മൃതദേഹം നവി മുംബൈയിലെ ഉറാൻ മേഖലയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് ദാവൂദ് രണ്ട് കത്തികള്‍ കൊണ്ടുവന്നിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.