ബംഗളൂരു: തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ത്രീകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം നൽകുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ വേറിട്ട വാഗ്ദാനവുമായാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ പാർട്ടി എത്തിയത്. കർഷകകുടുംബത്തിലെ യുവാക്കളെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് രണ്ടുലക്ഷം രൂപയാണ് വാഗ്ദാനം. മുതിർന്നനേതാവും മുൻ മുഖ്യമന്ത്രിയും ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടി അധികാരത്തിലെത്തിയാൽ വാഗ്ദാനം നടപ്പാക്കും. കർഷകരായ യുവാക്കളുടെ പ്രയാസമറിഞ്ഞാണ് ഈ തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണ ‘പഞ്ചരത്നയാത്ര’യുടെ ഭാഗമായി ഹാസനിലെ ബേലൂരിൽ എത്തിയപ്പോഴായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം.
ഗ്രാമങ്ങളിലെ കർഷകരായ യുവാക്കളിൽ പലർക്കും കല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല. കർഷകരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറാകുന്നില്ല. ഈ വസ്തുത തനിക്കറിയാം.
പ്രശ്നം പരിഹരിക്കണമെന്നഭ്യർഥിച്ച് ജനങ്ങൾ തന്നെ സമീപിക്കാറുണ്ട്. ഇതിനാലാണ് ഇത്തരം പെൺകുട്ടികൾക്ക് രണ്ടുലക്ഷം രൂപ നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും രണ്ടുലക്ഷം രൂപ പ്രതീക്ഷിച്ചെങ്കിലും കർഷകയുവാക്കളെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ വരുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.