‘മരണത്തിനും ജീവിതത്തിനുമിടയില്‍’ എന്നത് ആയിരത്തൊന്ന് ആവര്‍ത്തിച്ച ക്ളീഷേ അല്ളെന്ന് ബോധ്യപ്പെടും ആറ് പതിറ്റാണ്ടുകള്‍ക്കപ്പുറം ഇറങ്ങിയ ഒരു ബ്ളാക്ക് ആന്‍റ് വൈറ്റ് സിനിമ കാണുമ്പോള്‍. അതിജീവനത്തിനിടയിലെ അരക്കാതത്തില്‍ പകരം വെക്കാവുന്നത് ജീവന്‍ മാത്രമാണെന്നും അപ്പുറമത്തെിയാല്‍ പ്രതിഫലമായി ഒരു ജീവിതം കിട്ടിയേക്കാം എന്നുമുള്ള പ്രതീക്ഷയില്‍ ഏത് മരണക്കയവും നീന്താന്‍ ഒരുമ്പെടുന്ന മനുഷ്യരുടെ കഥയാണത്.
ഏത് നിമിഷവും മുങ്ങിയേക്കാവുന്ന ഒരു തോണിയില്‍ അരക്ഷിതമായ മെഡിറ്ററേനിയന്‍ കടലില്‍ രക്ഷയുടെ മറുതീരം തേടവേ അയലന്‍ കുര്‍ദിയുടെ കുടുംബം സ്വന്തം ജീവന് എന്ത് വില കല്‍പിച്ചിരിക്കും എന്നോര്‍ക്കുമ്പോള്‍ ‘വേജസ് ഓഫ് ഫിയര്‍’ (ഭയത്തിന്‍െറ വേതനം) എന്ന 1953ലെ ബ്ളാക്ക് ആന്‍റ് വൈറ്റ് സിനിമയുടെ ഉള്ളടക്കം പിടികിട്ടും. ഒരു നേര്‍ത്ത കച്ചിത്തുരുമ്പില്‍ ഇരയായി കൊരുത്തിടുന്നത് സ്വന്തം ജീവനാണ്. അതില്‍ കൊത്തിവലിച്ച് കരക്കുകയറുന്നത് ചിലപ്പോള്‍ ഒരു ജീവിതം തന്നെയാകും. കീഴ്ക്കാം തൂക്കായ പാറയിടുക്കിലെ കാലിഞ്ച് പ്രതലത്തിലൂടെ കടക്കുന്നതുപോലൊരു സാഹസികത. പിടിവിട്ടാല്‍ തകര്‍ന്നുപോകുന്ന ജീവന്‍ അന്നേരം വിലകെട്ടതായി മാറും.
1950ല്‍ പ്രസിദ്ധീകരിച്ച ജോര്‍ജ് അര്‍നൗഡിന്‍െറ Le Salaire de la Peur (The Salary of Fear) എന്ന നോവലിന്‍െറ ചലച്ചിത്രാവിഷ്കാരമായിരുന്നു ഹെന്‍റി ജോര്‍ജസ് ക്ളോസേ സംവിധാനം ചെയ്ത ‘The Wages of Fear’. തെക്കന്‍ മെക്സിക്കോയിലെ ഒരു ചെറു നഗരത്തില്‍ എങ്ങനെയൊക്കെയോ വന്നുപെട്ടുപോയ നാലുപേര്‍. ഫ്രഞ്ചുകാരായ മാരിയോയും ജോയും. ഡച്ചുകാരന്‍ ബിംബ. ഇറ്റലിക്കാരന്‍ ല്യുംഗി. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടിയ ആ നഗരത്തില്‍നിന്ന് പുറത്തുകടന്ന് എങ്ങനെയെങ്കിലും ജീവിതം രക്ഷപ്പെടുത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല ആ നഗരത്തില്‍. സതേണ്‍ ഓയില്‍ കമ്പനി എന്ന അമേരിക്കന്‍ കമ്പനിയാണ് ആ നഗരം ഭരിക്കുന്നത്. എല്ലാം ആ കുത്തക കമ്പനിയുടെ താല്‍പര്യത്തിന് അനുസരിച്ച്. നഗരമധ്യത്തിലെ കൂറ്റന്‍ ഗേറ്റുകളും മതിലുമുള്ള എണ്ണക്കമ്പനി ആസ്ഥാനത്തിരുന്നു മുതലാളിമാര്‍ എല്ലാം നിയന്ത്രിച്ചുപോന്നു.
നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഒരേയൊരു വഴി ചെറിയൊരു വിമാനത്താവളമാണ്. പക്ഷേ, വിമാന ടിക്കറ്റിന് വേണ്ടത്ര പണമുള്ള ആരും ആ നഗരത്തിലില്ല. അതുകൊണ്ട് നിതാന്തമായി ആ നഗരത്തിന്‍െറ തടവുകാരായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് ഓരോരുത്തരും. എന്നെങ്കിലുമൊരിക്കല്‍ പുറത്തേക്കുള്ളൊരു വഴി തുറന്നേക്കുമെന്ന് കാത്തിരുന്ന അവരുടെ ജീവിതങ്ങളിപ്പോള്‍ ഓരോ ബോണ്‍സായികളായി മാറിയിരുന്നു. ആശ നശിച്ചൊരു ജനതയാണവര്‍. അപ്പോഴായിരുന്നു വടക്കന്‍ പ്രവിശ്യയിലെ സതേണ്‍ ഓയില്‍ കമ്പനിയുടെ എണ്ണപ്പാടത്ത് തീപ്പിടുത്തമുണ്ടായത്. തീ കെടുത്താന്‍ ഒരേയൊരു മാര്‍ഗം. നൈട്രോ ഗ്ളിസറിന്‍ ഉപയോഗിച്ച് മറുസ്ഫോടനം നടത്തുക. നൈട്രോ ഗ്ളിസറിന്‍ നഗരത്തിലെ ഗോഡൗണിലാണ് ശേഖരിച്ചുവച്ചിരിക്കുന്നത്. അത്യന്തം അപകടകാരിയായ ഈ സ്ഫോടക ശേഖരം എങ്ങനെയാണ് നഗരത്തില്‍ നിന്ന് 300 മൈലകലെയുള്ള തീപിടിച്ച എണ്ണപ്പാടത്ത് എത്തിക്കുക?
എത്രയും വേഗം ഗ്ളിസറിന്‍ നൈട്രേറ്റ് അവിടേക്ക് എത്തിക്കണം. ട്രക്കുകളല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല. പാതയാണെങ്കില്‍ അത്യന്തം ദുര്‍ഘടം. ശക്തമായ ഒരു കുലുക്കം കൊണ്ടുപോലും അതിഭീകരമായ പൊട്ടിത്തെറി ഉണ്ടാകാവുന്ന മാരകമായ വസ്തു എങ്ങനെയാണ് അവിടേക്ക് എത്തിക്കുക? കമ്പനിയുടെ സ്വന്തം ജീവനക്കാര്‍ സംഘടിതരായതിനാല്‍ ഇത്രയും അപകടം പിടിച്ചൊരു പണിക്ക് അവര്‍ തയാറല്ലായിരുന്നു. സുരക്ഷിതവും സംരക്ഷിതവുമായ ജീവിതം നയിക്കുന്ന അവരെ എത്ര വലിയ പ്രതിഫലംകൊണ്ടുപോലും വശത്താക്കാന്‍ കഴിയുമായിരുന്നില്ല.
പക്ഷേ, ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ച ആ ചെറുപട്ടണത്തിലെ ജനങ്ങളുടെ അവസ്ഥ അതായിരുന്നില്ല. പ്രത്യേകിച്ച് ആ നാലുപേര്‍. ആ നഗരം അവരുടേതല്ളെന്ന് അവര്‍ക്കറിയാം. എങ്ങനെയും രക്ഷപ്പെടാന്‍ അലകടലിലേക്കിറങ്ങിയ അഭയാര്‍ത്ഥികളുടെ മനസ്സുപോലെ ആയിരുന്നു അവരുടേത്. അതുകൊണ്ടായിരുന്നു കമ്പനി ഫോര്‍മാന്‍ ബില്‍ ഒബ്രിയന്‍ വെച്ചുനീട്ടിയ ഇത്തിരി ഭേദപ്പെട്ട പ്രതിഫലം കൈപ്പറ്റി അവിടെനിന്ന് രക്ഷപ്പെടാനായി അത്യന്തം സാഹസികമായ ആ ജോലി ഏറ്റെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. ഒരാള്‍ക്ക് 2000 അമേരിക്കന്‍ ഡോളര്‍.
നാട്ടുകാരെ പുഴുക്കളെപ്പോലെ കാണുന്ന കമ്പനിയെ സംബന്ധിച്ച് അവര്‍ക്ക് യാതൊരു സുരക്ഷയും ഒരുക്കേണ്ടതില്ലായിരുന്നു. പോയാല്‍ ‘വെറും ജീവന്‍’, കിട്ടിയാല്‍ നല്ളൊരു ജീവിതം. ആ പ്രതീക്ഷയില്‍ അവര്‍ പുറപ്പെട്ടു. ജോയും മാരിയോയും ഒരു ട്രക്കില്‍. മറ്റൊന്നില്‍ ല്യൂഗിയും ബിംബായും.
പക്ഷേ, അവര്‍ കരുതിയപോലെ അത്ര എളുപ്പമായിരുന്നില്ല ആ യാത്ര. എന്തിനും ഏതിനും റോഡ് മൂവി എന്ന് പേരിട്ട് സിനിമ പടയ്ക്കുന്ന ഈ കാലത്ത് ശ്വാസമടക്കിപ്പിടിച്ചു മാത്രമേ ഈ ആദ്യകാല റോഡ് മൂവി കണ്ടിരിക്കാന്‍ പറ്റൂ. റോഡു പോലുമില്ലാത്ത മലമ്പാതകളെ ചുറ്റിവളഞ്ഞ്, ചുരങ്ങള്‍ താണ്ടി, ചതുപ്പുകളും കടന്ന് അവരുടെ വണ്ടി മുന്നോട്ടുനീങ്ങുന്നു. വഴിനീളെ പ്രതിബന്ധങ്ങളില്‍ ആടിയുലഞ്ഞ യാത്ര.ഒരിടത്ത് പാലം പൊളിഞ്ഞുവീണിരുന്നു. മറ്റൊരിടത്ത് വഴിയടച്ചൊരു കൂറ്റന്‍ പാറ. യാത്രയില്‍ ഓരോരുത്തരും തിരിച്ചറിയുന്നത് അവരുടെ ജീവിതത്തിന്‍െറ അര്‍ഥമില്ലായ്മയാണ്. ല്യൂഗിക്കറിയാം പണ്ട് താന്‍ പണിയെടുത്തിരുന്ന സിമന്‍റ് ഫാക്ടറി ശ്വാസ കോശത്തില്‍ നിറച്ച പൊടിപടലങ്ങള്‍ അല്‍പാല്‍പമായി തന്നെ കൊന്നുകൊണ്ടിരിക്കുകയാണ് എന്ന്. ഈ കാതങ്ങളത്രയും താണ്ടിയത്തെിയാലും ബാക്കിയാവുന്ന ജീവിതത്തില്‍ എത്രനാള്‍ എന്ന് ല്യൂഗിക്കറിയില്ല.
പക്ഷേ, ബിംബായും ല്യുഗിയും ആ യാത്ര പൂര്‍ത്തിയാക്കിയില്ല. പാതിവഴിയില്‍ അവരുടെ ട്രക്ക് പൊട്ടിത്തെറിച്ചു. എന്നിട്ടും മാരിയോയും ജോയും യാത്ര തുടര്‍ന്നു. അതിനിടയില്‍ ജോക്ക് മാരകമായി പരിക്കുമേറ്റു. ഒടുവില്‍ തീപിടുത്ത സ്ഥലത്തത്തെുമ്പോള്‍ ജോയും മരിച്ചുവീഴുന്നു. അത്രയും ദൂരം കൊണ്ടുനടന്ന ഭയത്തിന്‍െറ വേതനം പറ്റാന്‍ ആകെ ശേഷിച്ചത് മാരിയോ മാത്രം. രക്ഷപ്പെടാന്‍ താണ്ടിയ വഴിയിലൂടെ അയാള്‍ തനിക്കായി കാത്തിരിക്കാന്‍ ആരുമില്ലാത്ത നഗരത്തിലേക്ക് തന്നെ മടങ്ങുമ്പോള്‍ ചിത്രം അവസാനിക്കുകയല്ല, മനുഷ്യന്‍െറ പിടികിട്ടാത്ത ഭാവങ്ങളിലേക്ക് കയറില്‍ കൊരുത്ത മറ്റൊരു കൊളുത്ത് എറിയുകയാണ്.
1942 മുതല്‍ 68 വരെയുള്ള കാലയളവില്‍ കരിയറില്‍ ഒരു ഡസന്‍ സിനിമകളാണ് ഹെന്‍റി ജോര്‍ജസ് ക്ളോസേ സംവിധാനം ചെയ്തത്. പക്ഷേ, അതില്‍ Wages of Fear എല്ലാറ്റിനും മുകളില്‍നില്‍ക്കുന്നു. സാങ്കേതിക മികവ് സിനിമയെ ഭരിക്കുന്നതിന് മുമ്പ് മനുഷ്യ ജീവിതത്തിന്‍െറ അത്യന്തം സങ്കീര്‍ണമായ പ്രതിസന്ധികളെ തിരശ്ശീലയില്‍ വിരിച്ചിട്ടാണ് ക്ളോസേ ഇന്നും കൈയടി നേടുന്ന ക്ളാസിക് സംവിധായകനായി അറിയപ്പെടുന്നത്. 1977ല്‍ ഈ ഫ്രഞ്ച് സംവിധായകന്‍ വിടപറഞ്ഞു. പക്ഷേ, ഇന്നും ഈ റോഡ് മൂവിയെ വെല്ലാന്‍ പാകത്തില്‍ ഒരു സിനിമ പിറന്നിട്ടില്ളെന്ന് നിരൂപക ലോകം ഒന്നടങ്കം വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.