മെല്‍ക്വിയാഡിസ് എസ്ട്രാഡ, നീ വീണ്ടും എന്നെ അസ്വസ്ഥയാക്കുന്നു

മെല്‍ക്വിയാഡിസ് എസ്ട്രാഡയുടെ നിഷ്കളങ്ക മുഖം ഇടക്കിടെ ചില ഉണര്‍ച്ചകളായി ഉള്ളിലേക്ക് കയറിയ വന്ന് അസ്വസ്ഥപ്പെടുത്താറുണ്ട്. ഇപ്പോള്‍ വീണ്ടും ലെസ്തോറെ മാര്‍സിമിലാനോയും സാല്‍വതോറെ ഗിറോണെയും ചാനല്‍ മുഖപ്പുകളില്‍ നിന്ന് തലയിലേക്ക് പൊട്ടിവീഴുമ്പോള്‍ മെല്‍ക്വിയാഡിസ് നീ വീണ്ടും അസ്വസ്ഥപ്പെടുത്തുന്ന ഓര്‍മയാവുന്നു. അന്നത്തിനുള്ള വക തേടി പോയി കരകാണാ കടലിന്‍റെ വിജനതയില്‍  ഒരൊറ്റ വെടിയില്‍ എന്തിനെന്നറിയാതെ പിടഞ്ഞൊടുങ്ങിയ ആ രണ്ടു പേരും നിന്നെ കുറിച്ചുള്ള ആ ഓര്‍മകളില്‍ ഒപ്പം ചേരുന്നു. കാരണം പ്രാണന്‍റെ പിടച്ചിലില്‍ നീയായിരുന്നുവല്ളോ അവര്‍. അല്ളെങ്കില്‍ അവരായിരുന്നുവല്ളോ നീ.

കടല്‍ കൊലപാതകികളെ വിചാരണ ചെയ്യാനുള്ള അവകാശം ആര്‍ക്കാണെന്ന തര്‍ക്കത്തിനൊടുവില്‍ ഒന്നും സംഭവിക്കില്ളെന്നും കൊലപാതകികള്‍ക്ക് മെല്‍ക്വിയാഡിസിന്‍റെ കൊലയാളിയെപോലെ  പ്രാണന്‍റെ വില അറിയാന്‍ ഒരവസരം അന്താരാഷ്ട്ര ട്രിബൂണല്‍ ഒരുക്കുമെന്നുമുള്ള വ്യാമോഹം തെല്ലുമില്ല. ഈ സന്ദര്‍ഭത്തിലാണ് മെല്‍ക്വിയാഡിസ് എന്ന ആട്ടിടയനെ അഭ്ര പാളികളില്‍ മരിച്ചിട്ടും മരണമില്ലാത്തവനാക്കിയ ടോമി ലീ ജോണ്‍ എന്ന സംവിധാകനെ നമിച്ചുപോവുക.

ഇനി കഥയിലേക്ക് കടക്കാം. ‘മെല്‍ക്വിയാഡിസ് എസ്ട്രാഡയുടെ മൂന്നു മറമാടല്‍’ (ദ ത്രീ ബറിയല്‍സ് ഓഫ് മല്‍ക്വിയാഡിസ് എസ്ട്രാഡ). ആ കഥയില്‍ അന്യായമായി ചോര ചിന്തുന്ന, കയ്യോ മനസ്സോ അറിയാതെ പോലും ഒരു പ്രാണന്‍ എടുക്കുന്ന ഏതൊരുവനെയും അവന്‍ മുമ്പേ പറഞ്ഞയച്ചയാള്‍ കടന്നുപോയ വഴികളിലൂടെ കൂട്ടിക്കൊണ്ടുപോവുന്നുണ്ട് ടോമി ലീ ജോണ്‍. ടോമി തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രമായ പീറ്റ് പെര്‍ക്കിന്‍സ് ആയി വേഷമിടുന്നത്. കൊലയാളിയെ കുറ്റബോധത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും നിലയില്ലാ കയത്തിലേക്ക് കെട്ടിയിറക്കുന്ന ഈ ചിത്രം ഒരു യു.എസ് സംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതില്‍ ഏറ്റവും മനോഹരമായ ചലച്ചിത്ര ആവിഷ്കാരങ്ങളില്‍ ഒന്നായിരിക്കും. യു.എസിലെ ടെക്സാസില്‍ നടന്ന അമേരിക്കന്‍ കൗമാരക്കാരന്‍റെ കൊലയാണ് ഈ സിനിമക്ക് ഇതിവൃത്തമായ യഥാര്‍ഥ സംഭവം. അന്യായമായി പൊലിഞ്ഞ ജീവന്‍ അമേരിക്കാ വന്‍ കരയില്‍ ആയതുകൊണ്ട് അതിനെതിരിലുള്ള ചലച്ചിത്ര വിചാരണ ഇറാഖിലും സിറിയയിലും ഇന്ത്യയിലും പാകിസ്ഥാനിലും പിടഞ്ഞൊടുങ്ങുന്ന ഹതഭാഗ്യര്‍ക്ക് ബാധകമാവില്ളെന്നില്ലല്ളോ? കാരണം അന്യായ കൊലയുടെ അനീതിക്ക് ഏത് മണ്ണിലും ഒരേ നിറമാണ്. അതാരു തന്നെ ചെയ്താലും.

യു.എസ് -മെക്സിക്കന്‍ അതിര്‍ത്തി രക്ഷാസേയിലെ  യു.എസ് സൈനികന്‍റെ തോക്കില്‍ നിന്ന് ‘അറിയാതെ’ കുതിച്ചുപാഞ്ഞ ഒരു തിര. അത് തുളച്ചുകയറിയത് ഭൂമിയിലെ ഒരു ജീവിതത്തിലേക്ക്, അതല്ല ഒരു പാടുപേരുടെ സ്വപ്നങ്ങളിലേക്കായിരുന്നു. മെക്സിക്കോയിലെ ദരിദ്രമായ മണ്ണില്‍ നിന്ന് ഉപജീവനം തിരഞ്ഞ്, ഉള്‍നാടന്‍ ഗ്രാമമായ ഹിമിനിസില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ആ മനുഷ്യന്‍. നിന്നിലേക്കും കുട്ടികളിലേക്കും തിരികെ അണയുമെന്ന് പ്രിയപ്പെട്ടവള്‍ക്ക്  ഉറപ്പു നല്‍കിയാണ് മെല്‍ക്വിയാഡിസ് എസ്ട്രാഡ ജോലി തേടി ഇറങ്ങിയത്. സ്വന്തം രാജ്യത്തോട് തൊട്ടു കിടക്കുന്ന സമ്പന്ന ഭൂമിയായ അമേരിക്കയിലേക്ക്  ദരിദ്രനായ ഏതൊരു മെക്സിക്കനെയും പോലെ രേഖകള്‍ ഇല്ലാതെ പ്രതീക്ഷയോടെ ചേക്കേറുന്നു അയാള്‍. അതിര്‍ത്തി ദേശമായ ടെസ്കാസില്‍ എത്തുന്ന മെല്‍ക്വിയാഡിസ് അവിടെയുള്ള കുതിരലായത്തിന്‍റെ ഉടമയായ പീറ്റ് പെര്‍ക്കിന്‍സിന്‍റെ ഉറ്റ സുഹൃത്തായി മാറുന്നു. അങ്ങനെയൊരു സന്ധ്യക്ക് പീറ്റിനോട് മെല്‍ക്വിയാഡിസ് പറയുന്നുണ്ട്. ഭൂമിയിലെ തന്‍റെ സ്വര്‍ഗമായ ഹിമനിസിനെ കുറിച്ച്. താന്‍ ഇവിടെക്കിടന്നെങ്ങാനും മരിക്കുകയാണെങ്കില്‍ എന്‍റെ സ്വപ്നഭൂമിലേക്ക്  എന്നെ തിരികെ എത്തിക്കണം. അവിടെ എന്‍െറ സ്നേഹനിധിയായ ഭാര്യയും കുട്ടികളും ഉണ്ട്. എനിക്ക് അവിടെ അവരുടെ സാമീപ്യത്തില്‍ അന്ത്യനിദ്ര പൂകണം. പ്രിയ സുഹൃത്തിന്‍റെ ആ പറച്ചിലില്‍ ഏറെ വിഷമം തോന്നിയെങ്കിലും എന്തുവന്നാലും താന്‍ അതു ചെയ്തിരിക്കുമെന്ന് പീറ്റ് അവന്‍റെ കയ്യില്‍ പിടിച്ച്  ഉറപ്പു നല്‍കുന്നു. അപ്പോള്‍ മെല്‍ക്വിയാഡിസ് വിലാസമായി നല്‍കിയത് സ്വന്തം കൈകൊണ്ട് വരച്ച രണ്ട് കുന്നുകള്‍ക്കിടയിലെ ഒരു ദേശത്തിന്‍റെ മങ്ങിയ ചിത്രമായിരുന്നു. ഹിമിനിസ് എന്ന പേരും.

പീറ്റിന്‍റെ ആടുകളെ മേയ്ക്കുകയായിരുന്നു ഒരു സന്ധ്യക്ക് അയാള്‍. ആട്ടിന്‍പറ്റത്തെ ആക്രമിക്കാന്‍ വരുന്ന കുറുനരികളെ തുരത്താനുള്ള തോക്കും പീറ്റ് നല്‍കിയിരുന്നു. ആ മേച്ചില്‍പുറത്തിനപ്പുറത്തിനപ്പുറം അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു നോര്‍ടണ്‍ എന്ന യു.എസ് സൈനികന്‍. അകലെ ഒരു വെടിയൊച്ച മുഴങ്ങിയപ്പോള്‍ അപായ സൂചനയില്‍ തിരിച്ചും വെടിവെച്ചു നോര്‍ടണ്‍. ഓടിച്ചെന്നപ്പോള്‍ കാണുന്നത് ഒരു മെക്സിക്കക്കാരന്‍ മണ്ണില്‍ വീണു കിടക്കുന്നതാണ്. ആടുകളെ ആക്രമിക്കാന്‍ വന്ന കുറുനരിയെ ഓടിക്കാന്‍ മെല്‍ക്വിയാഡിസ് വെച്ച വെടി, നോര്‍ട്ടണ്‍ ശത്രുവിന്‍റേതായി തെറ്റിദ്ധരിച്ച് മറുവെടിയുതിര്‍ക്കുകയായിരുന്നു. ആ പ്രത്യാക്രമണത്തില്‍ ഒരു ജീവിതം വീണു പൊട്ടിച്ചിതറി.

ഇതുവരെയുളളതല്ല, ഇനിയാണ് കഥ. താന്‍ കൊടുത്ത ഒരു വാക്കിന്‍റെ പേരില്‍ പീറ്റ് പെര്‍കിന്‍സ് മെല്‍ക്വിയാഡിന്‍റെ മൃതദേഹവുമേന്തി കുതിരപ്പുറത്ത് ഹിമിനിസിലേക്കു നടത്തുന്ന യാത്ര. ഭൂമിയില്‍ പ്രാണന്‍റെ അംശമുള്ള ഏതൊന്നിനെയും കൊല്ലുന്നതുപോയിട്ട് നുള്ളിനോവിക്കാന്‍ പോലും തോന്നാത്തവിധം ആദരവിന്‍റെ മഹാപാഠം പകരുന്ന ഒരു പ്രയാണമായിരുന്നു അത്. അറിയാതെ ആണെങ്കിലും തന്‍റെ മെക്സിക്കക്കാരനായ കൂട്ടുകാരന്‍റെ ജീവനെടുത്ത അമേരിക്കന്‍ പട്ടാളക്കാരന് മറ്റൊരു അമേരിക്കക്കാരന്‍ നല്‍കുന്ന അതികഠിനമായ ശിക്ഷകള്‍ ഇവിടെ തുടങ്ങുന്നു. ചെയ്തത് തെറ്റാണെന്ന് ഏതൊരു അമേരിക്കന്‍ സൈനികനെയും പോലെ സമ്മതിക്കാന്‍ നോര്‍ടണ്‍ കൂട്ടാക്കുന്നില്ല. എന്നാല്‍, മെല്‍ക്വിയാഡിന്‍റെ മൃതദേഹവും പേറി ഹിമിനിസില്‍ എത്തുമ്പോഴേക്ക് കുറ്റബോധത്തിന്‍റെ താങ്ങാനാവാത്ത ഭാരത്താല്‍ ആ പട്ടാളക്കാരന്‍റെ കഴുത്ത് കുനിഞ്ഞു പോയിരുന്നു.

മഹത്തായ വാക്കുകളാല്‍ പുസ്തകങ്ങളില്‍ എഴുതിവെക്കപ്പെടുന്ന നീതിന്യായങ്ങള്‍ തോറ്റമ്പുന്നതും ഇങ്ങനെ ചില മനുഷ്യരുടെ മനസ്സാക്ഷിക്കു മുന്നിലാണ്. അമേരിക്കന്‍ പൊലീസിന്‍റെ കണ്ണില്‍ മെല്‍ക്വിയാഡിസിനെ കൊലപ്പെടുത്തിയ സൈനികനല്ല, ആ സൈനികനെ ‘അന്യായ’മായി ആക്രമിച്ച് കടത്തിക്കൊണ്ടുപോവുന്ന പീറ്റ് പെര്‍ക്കിന്‍സ് ആണ് കുറ്റവാളി. പീറ്റ് സ്വന്തം നിലയില്‍ വിധിക്കുന്ന ശിക്ഷയാണ് സൈനികനെ അയാള്‍ ചെയ്ത തെറ്റിന്‍റെ ആഴങ്ങളിലേക്ക് തിരികെ നടത്തിക്കുന്നത്. മറിച്ച് വ്യവസ്ഥാപിത ഭരണകൂടമോ നീതിപീഠമോ അല്ല എന്നിടത്താണ് ഈ ചലച്ചിത്രത്തിന്‍റെ മാനവികത ഉജ്ജ്വലമാവുന്നത്. തെറ്റിനൊപ്പം നടക്കാതിരിക്കാനുള്ള ചങ്കൂറ്റം കാണിക്കാത്തിടത്തോളം ഭരണകൂടങ്ങള്‍ക്കും മനുഷ്യര്‍ക്കും പ്രതിയുടെ മനസ്സായിരിക്കും. അതുകൊണ്ട് തന്നെ കടലില്‍ അന്യായക്കൊല നടത്തിയ സാല്‍വതോറെ ഗിറോണും ലസ്തോറെ മാര്‍സി മിലാനേയും യു.എസ് സൈനികനെ പോലെ കുറ്റബോധത്തിന്‍റെ വഴികളിലൂടെ തെളിക്കപ്പെടാന്‍ വഴിയില്ല.

നോട്ടം കൊണ്ട് പോലും പരിഗണക്കപ്പെടേണ്ടതില്ലാത്തവര്‍ എന്ന വ്യാജ ബോധത്തില്‍ കാഴ്ചയുടെ ഓരങ്ങളിലേക്ക് നമ്മള്‍ പുച്ഛത്തോടെ തള്ളിമാറ്റുന്ന ഓരോ ജീവിതത്തോടും ചേര്‍ന്ന് അഭയത്തിന്‍റെയോ കരുതലിന്‍റെയോ സ്നേഹത്തിന്‍റെയോ കാരുണ്യത്തിന്‍റെയോ പ്രതീക്ഷയുടെയോ ഒക്കെ കരുതിവെപ്പുകള്‍ ഉണ്ടായിരിക്കും. മെല്‍ക്വിയാഡിന്‍റെ കരുതിവെപ്പും സ്വപ്നവും ആയിരുന്നു അദ്ദേഹത്തിന്‍റെ കൊച്ചു കുടുംബവും ആ മണ്ണും. ലോകത്തിന്‍റെ ഏതു മൂലയില്‍ ആയാലും രാജ്യത്തിന്‍റെ ഏതു അതിരിനകത്തായാലും ജീവനെടുക്കപ്പെടുന്ന ഓരോ മനുഷ്യനും ഓരോ മല്‍ക്വിയാഡിസുമാരാവുന്നിടത്തും കൊല്ലുന്ന സൈനികന്‍ നോര്‍ടണ്‍മാരാവുന്നിടത്തും ഈ സിനിമയുടെ രാഷ്ട്രീയം കാല ദേശങ്ങള്‍ക്കപ്പുറത്തേക്ക് വളരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.