യൂറോപ്പിന്‍റെ തകർച്ചയുമായി കെൻ ലോച് വീണ്ടും

എൺപത്തിമൂന്ന് വയസ്സുണ്ട് കെന്നത്ത് ചാൾസ് ലോച് എന്ന കെൻ ലോചിന്. രണ്ട് വർഷം മുമ്പ് 'ഐ ഡാനിയൽ ബ്ലേക്ക്' എന്ന ചിത്രത്തിലൂടെ ഐ.എഫ്.എഫ്.കെ പ്രേക്ഷകരോട് പറഞ്ഞ രാഷ്ട്രീയ തുടർച്ചയാണ് ലോച്ചി സംവിധാനം ചെയ്ത പുതിയ ചിത്രം 'സോറി, വീ മിസ്ഡ് യു'.

മൂന്നാം ലോക രാജ്യത്തെ ഭീഷണിപ്പെടുത്തി വാ പിളർക്കുന്ന കോർപറേറ്റ്‌വത്കരണം യൂറോപ്യൻ സമൂഹത്തിൽ, പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ ജനതയെ എങ്ങനെ കീഴ്പ്പെടുത്തുന്നു എന്നായിരുന്നു ഡാനിയൽ ബ്ലേക്ക് പറഞ്ഞത്. അതിനെക്കാൾ തീവ്രമായി ‘സോറി വീ മിസ്ഡ് യൂ’വിലൂടെ യൂറോപ്പിന്‍റെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളെ കെൻ ലോച് അനുഭവിപ്പിക്കുന്നു.

പുറമേക്ക് ഭദ്രമെന്ന് തോന്നിപ്പിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ആന്തരികമായി ഒരു അടിസ്ഥാന വർഗമുണ്ടെന്നും അവരുടെ ജീവിതവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു എന്നും ലോകത്തെ വിളിച്ചറിയിക്കുകയായിരുന്നു കെൻ ലോചിന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്ര താൽപര്യം.

കോർപറേറ്റുകൾ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിലെ ഒരു ഇടത്തരം കുടുംബനാഥനായ റിക്കിയുടെ നിസ്സഹായമായ അവസ്ഥ തന്നെയാണ് ഇപ്പോൾ ഇംഗ്ലണ്ടിലെ മധ്യവർഗത്തിന്‍റെ പ്രതിസന്ധിയെന്ന് വ്യക്തമാക്കുകയാണ് കെൻ ലോച്. റിക്കിയുടെ ഭാര്യ അബ്ബി പല പല വീടുകളിൽ പ്രായമായവരെ ടൈംടേബിളനുസരിച്ച് ഒാടിനടന്ന് ഹോം നഴ്സായി ജോലി ചെയ്യുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ റിക്കി കണ്ട വഴി ഇത്തിരി കടുത്തതായിരുന്നു.

വട്ടംകറക്കുന്ന നിയമങ്ങളും കാർക്കശ്യവും പുലർത്തുന്ന ഒരു കോർപറേറ്റ് കൊറിയർ സ്ഥാപനത്തിലെ ഡെലിവറി ഏജന്‍റാകാനായിരുന്നു അയാളുടെ തീരുമാനം. അതിനായി അയാൾ ബാങ്കിൽ നിന്നും കൊള്ളപ്പലിശക്ക് ലോൺ എടുത്തും ഭാര്യയുടെ ഏക ആശ്രയമായ കാറ് വിറ്റും ഒരു സെക്കൻഡ് ഹാൻഡ് ഡെലിവറി വാൻ വാങ്ങുന്നു. പിന്നീട് അബ്ബി ജോലിക്കു പോകുന്നതാകട്ടെ നടന്നും ബസ്സിലും.

ചിത്രകാരനും സ്കൂൾ വിദ്യാർഥിയുമായ മകൻ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും സാമ്പത്തിക തിരിച്ചടികളും ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളും ചേർന്നപ്പോൾ റിക്കിയുടെ ജീവിതം കൊടുങ്കാറ്റിലേക്ക് എറിയപ്പെടുകയാണ്.

മനുഷ്യബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത കോർപറേറ്റ് കാർക്കശ്യങ്ങൾ റിക്കിയുടെ വാഹനത്തിൽ അയാളുടെ മകളെ കയറ്റുന്നതു പോലും വിലക്കുന്ന രംഗമുണ്ട് ഇൗ ചിത്രത്തിൽ. ഒാൺലൈൻ ടാക്സി സർവീസുകാർ അതിലെ ജീവനക്കാരോട് കാണിക്കുന്ന കൊളളരുതായ്മകളെക്കുറിച്ച് ഒാർമയുള്ളവർക്ക് ഇൗ ചിത്രം വേഗത്തിൽ ഉൾക്കൊള്ളാനാവും.

സാമ്പത്തികമായ അസ്ഥിരതകളിലൂടെ ആടിയുലയുന്ന യൂറോപ്പിന്‍റെ സന്നിഗ്ധാവസ്ഥകളിലേക്ക് കാമറ തുറന്നുപിടിക്കുന്ന അസാമാന്യമായ ധീരതയാണ് കെൻ ലോചിന്‍റേത്. ക്രിസ് ഹിറ്റ്ചൻ റിക്കിയുടെ വേഷത്തിലും ഡെബ്ബി ഹണിവുഡ് അബ്ബിയുടെ റോളിലും ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന ഇൗ ചിത്രം 24ാം രാജ്യാന്തര ചലച്ചിത്രമേളയിൽ ടാഗോർ തിയറ്ററിൽ ആദ്യ പ്രദർശനമായി.

Tags:    
News Summary - Ken Loach Movie Sorry We Missed You in iffk 2019 -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.