ഏകാന്തതയുടെ തിരയടിയൊച്ചയിൽ ഒരു രാത്രിയപകടം

അയാൾക്ക് ശരിക്കും ഒരു പേരുണ്ടോ എന്ന് സംശയമാണ്. കക്കൂസിന് കുഴിയെടുക്കുന്ന പോലെ അയാൾ ശവക്കുഴിയും തോണ്ടും. കുളം തോണ്ടിപ്പോയ ജീവിതത്തിന്‍റെ തകർച്ചക്ക് കാരണക്കാരനായ മനുഷ്യനെ കൊല്ലാൻ തിര നിറച്ച തോക്കുമായി പുറപ്പെട്ട പാതിര ാത്രി പക്ഷേ, അയാളുടെ ജീവിതത്തെ മാറ്റിമറിച്ചു കളഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ കിർഗിസ്ഥാ നിൽ നിന്നെത്തിയ 'നൈറ്റ് ആക്സിഡന്‍റ്' ഏകാന്തതയും നിശബ്ദതയും ഇഴ ചേർത്ത ആവിഷ്കാരമാണ്.

മധ്യവയസ് പിന്നിട്ട അയാ ൾ താമസിക്കുന്നത് തടാകത്തിന്നരികിലെ വൃത്തിഹീനമായൊരു വീട്ടിൽ തനിച്ചാണ്. ജീവിതം അയാളുടെ മുന്നിൽ എന്നും പരാജയപ് പെട്ട ഒരനുഭവം മാത്രമായിരുന്നു. എവിടെയെങ്കിലും വിജയിച്ചതായി അയാൾക്ക് തോന്നിയിട്ടേയില്ല. കക്കൂസിന് കുഴിയെടുക ്കുന്ന അതേ നിർവികാരതയോടെ ശവക്കുഴിയും തോണ്ടുന്നൊരാൾ.

നിരന്തരം അയാളെ വെല്ലുവിളിച്ചു കൊണ്ട് തെളിഞ്ഞൊഴുകുന്ന തടാകം അയാൾക്കു മുന്നിൽ കിടപ്പുണ്ട്. എന്നെങ്കിലുമൊരിക്കൽ ആ തടാകത്തിന്നക്കരക്ക് കുറുകെ നീന്തി എത്തണമെന്നതു മാത്രമേ ഒരു മോഹമായി അയാളിൽ ശേഷിക്കുന്നുള്ളു. ആ മോഹവുമായി തടാകത്തിലേക്ക് നോക്കിയിരിക്കുന്നതിൽ അയാളുടെ വിനോദങ്ങളും അവസാനിക്കുന്നു. എപ്പോഴെങ്കിലും ചിരിച്ചിരുന്നതായി ഓർമ പോലുമില്ലാത്തൊരു മനുഷ്യൻ.

ഒറ്റനോട്ടത്തിൽ ശാന്തമെന്ന് പുറമേ തോന്നുന്നൊരു ജീവിതമായിരുന്നിട്ടു കൂടി അയാൾക്കൊരു പ്രതിയോഗിയുണ്ടായിരുന്നു. തന്‍റെ കുടുംബവും ജീവിതവുമെല്ലാം തകർത്തെറിഞ്ഞൊരു ശത്രു. ഒരു അധരാത്രിയിൽ തന്‍റെ ശത്രുവിനെ വക വരുത്താനുള്ള പകയുമായി നിറതോക്കുമെടുത്ത് പാഞ്ഞു പോയ അയാളുടെ ബൈക്കിടിച്ച് സുന്ദരിയായ യുവതി അബോധാവസ്ഥയിൽ വീണത് ശരിക്കും അയാളുടെ ജീവിതത്തിലേക്കായിരുന്നു.

അവർ ഉണർന്നെഴുന്നേൽക്കുന്നത് തന്നെ പരിചരിക്കുന്ന അയാളുടെ വൃത്തിഹീനമായ വീട്ടിലാണ്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവരെ അയാൾ ഒരു കുഞ്ഞിനെ എന്നോണം പരിചരിക്കുന്നു. അയാൾക്ക് നഷ്ടമായതെല്ലാം തിരികെ കിട്ടുന്ന പോലെ. അയാൾ പോലും മറന്നു പോയ പ്രണയം, വൃത്തി, ചിട്ട ഒക്കെ തിരികെ കിട്ടി. എന്നോ ഉപേക്ഷിച്ച അക്കോർഡിയൻ പൊടി തട്ടിയെടുത്ത് തടാകക്കരയിലിരുന്ന് അയാൾ മനോഹരമായി വായിച്ചു തുടങ്ങി. മനസിൽ, വിരൽതുമ്പിൽ ഇപ്പോഴും സംഗീതമുണ്ടെന്ന് അയാൾ തിരിച്ചറിയുന്നു.

അസുഖം ഭേദമായിട്ടും വിട്ടു പോകാതെ അയാളിലെ പ്രണയത്തിൽ അഭയം കണ്ടെത്തി തുടങ്ങിയ ദിവസങ്ങളിലൊന്നിൽ ആ വീട്ടുമുറ്റത്ത് പൊലീസ് വാഹനം വന്നു നിന്നു. അവരുടെ ജീവിതം ആ നിമിഷം മാറിമറിയുകയായിരുന്നു...


നിശബ്ദതയും ഏകാന്തതയും അലിഞ്ഞിണങ്ങിയ മനോഹരമായ ഒരു ചിത്രമാണ് ടെമിർ ബെക് ബിർന സാറോവ് സംവിധാനം ചെയ്ത 'നൈറ്റ് ആക്സിഡന്‍റ്'. അകിൽ ബെക്കിന്‍റെ മികച്ച അഭിനയമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അസിൽ ബെക് ഒസു ബെകോവിന്‍റെ സംഗീതം ഈ സിനിമയുടെ ഹൃദയമാണ്. തടാകത്തിന്‍റെ നിലയ്ക്കാത്ത തിരയടിയൊച്ച തിയറ്റർ വിട്ടു കഴിഞ്ഞും കാഴ്ചക്കാരനെ പിന്തുടരുന്നു.

Tags:    
News Summary - Kyrgyzstan film night accident Temirbek Birnazarov -movie special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.