തിരുവനന്തപുരം: പ്രാദേശിക ആചാരമനുസരിച്ച് ബന്ധുക്കളെ നേരിൽകണ്ട് മകൾ അമലിെൻറ വിവാഹം ക്ഷണിക്കാനിറങ്ങിയിരിക്കുകയാണ് നസ്രേത്തിൽ താമസിക്കുന്ന ഫലസ്തീൻ ക്രിസ്ത്യനും അധ്യാപകനുമായ അബൂ ഷാദി. ഇറ്റലിയിൽ ആർക്കിടെക്റ്റ് ആയ മകൻ ഷാദിയും അദ്ദേഹത്തെ സഹായിക്കാൻ ഒപ്പമുണ്ട്. പഠനകാലത്തേ പി.എൽ.ഒ (ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷൻ) അനുഭാവിയായ ഷാദി തെൻറ സഹോദരിയുടെ വിവാഹത്തിന് ഇസ്രായേലിയായ റൂണിയെ ക്ഷണിക്കുന്നതിനെ എതിർത്ത് കാറിൽനിന്ന് ഇറങ്ങിപ്പോകുന്നു. ദേഷ്യത്തിൽ മുന്നോെട്ടടുക്കുന്ന അബൂ ഷാദിയുടെ കാർ ഒരു വളർത്തുനായയെ ഇടിക്കുന്നു. ഒാടിയെത്തുന്ന മകനെയും കയറ്റി അപകടസ്ഥലത്തുനിന്ന് വേഗത്തിൽ കാറോടിച്ച് രക്ഷപ്പെടുന്നതിനിടെ അബൂ ഷാദി പറയുന്നുണ്ട്- ‘ഇവിടെ വളർത്തുമൃഗങ്ങളെ പരിക്കേൽപിച്ചാൽ കഠിനശിക്ഷയാണ്. പ്രത്യേകിച്ച് ഇസ്രായേലികളുടെ’.
യാഥാസ്ഥിതികനും പ്രായോഗികവാദിയുമായ ഒരു അധ്യാപകനും ആദർശവാദിയായ മകനും ഒരുമിച്ച് നടത്തുന്ന കാർ യാത്രയിലൂടെ ഇസ്രായേലിലെ ഫലസ്തീൻ ക്രിസ്തീയ സമൂഹത്തിെൻറ ജീവിതവും സ്വത്വ പ്രതിസന്ധിയും ചർച്ച ചെയ്യുകയാണ് ആൻ മരിയ ജസീറിെൻറ മത്സരചിത്രമായ ‘വാജിബ്’. മകൻ നസ്രേത്തിലെ ഏതെങ്കിലും പെൺകുട്ടിയെ വിവാഹം കഴിച്ച് അവിടെ തുടരണമെന്നാണ് അബൂ ഷാദിയുടെ ആഗ്രഹം.
എന്നാൽ, ഇറ്റലിയിൽ ഒരു പി.എൽ.ഒ നേതാവിെൻറ മകളായ കാമുകിക്കൊപ്പം കഴിയുന്ന ഷാദിക്കാകെട്ട വിവാഹം കഴിഞ്ഞാലുടൻ, ക്രിസ്മസിന് മുമ്പുതന്നെ ഇറ്റലിയിലേക്ക് പോകണമെന്നാണ്. താൻ മെഡിസിനാണ് പഠിക്കുന്നതെന്ന് ബന്ധുക്കളോട് കള്ളം പറയുന്ന, വിവാഹം ക്ഷണിക്കാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്ന ഒരാളെ ബന്ധുവീട്ടിൽ കണ്ടപ്പോൾ അയാൾക്കുള്ള ‘ഇല്ലാത്ത ക്ഷണക്കത്ത്’ എടുത്തുകൊണ്ടുവരാൻ തന്നോട് പറയുന്ന അച്ഛെൻറ നിലപാടുകളെയും അയാൾ ചോദ്യം ചെയ്യുന്നുണ്ട്. തനിക്ക് ഇഷ്ടമില്ലാത്ത ഗായകനെ അബൂ ഷാദി വിവാഹ സംഗീതവിരുന്നിന് ബുക്ക് ചെയ്തതും ബാൽക്കണിയുടെ ഭംഗി മറയ്ക്കുന്ന പ്ലാസ്റ്റിക് കർട്ടൻ വാങ്ങുന്നതിനെയുമെല്ലാം മകൻ എതിർക്കുന്നുണ്ട്.
എന്നാൽ, അതിനെയെല്ലാം തേൻറതായ ന്യായങ്ങളിലൂടെ അബൂ ഷാദി മറികടക്കുന്നു. അതേസമയം, വെസ്റ്റ് ബാങ്കിൽ നിന്നെത്തി ട്രാഫിക് സിഗ്നലുകളിൽ പാവകൾ വിൽക്കുന്ന ഫലസ്തീൻ ബാലെന സഹായിക്കാനും അബൂ ഷാദി തയാറാകുന്നുണ്ട്. അബൂ ഷാദിയുടെ ഭാര്യ വർഷങ്ങൾക്കുമുമ്പ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം അമേരിക്കയിലേക്ക് പോയതാണ്. അമലിെൻറ വിവാഹത്തിന് അവർ എത്തുന്നതും ആ കുടുംബം കാത്തിരിക്കുന്നുണ്ട്. രോഗശയ്യയിലായ അവരുടെ രണ്ടാം ഭർത്താവിനെ വിട്ട് അമ്മ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നാണ് ഷാദി പറയുന്നത്. എന്നാൽ, അവരുടെ അസാന്നിധ്യം ഇനിയും നാണക്കേട് ഉണ്ടാക്കുമെന്നതിനാൽ അവർ വരണമെന്ന നിർബന്ധബുദ്ധിയുണ്ട് അബൂ ഷാദിക്ക്.
തങ്ങളുടെ ജീവിതം ഇസ്രായേൽ സർക്കാറിന് ചോർത്തിക്കൊടുക്കുന്ന ചാരനായാണ് റൂണിയെ ഷാദി വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണ് അയാളെ ക്ഷണിക്കുന്നതിൽ അവൻ വിസമ്മതിക്കുന്നത്. അതേസമയം, അടുത്തുതന്നെ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം കിട്ടാൻ റൂണിയുടെ സഹായം അബൂഷാദിക്ക് ആവശ്യമാണ്. ഇത്തരം വൈരുധ്യ നിലപാടുകളുള്ള ഇവരുടെ ഒരുദിവസത്തെ യാത്രയിലൂടെയാണ് ഇസ്രായേലിലെ ഫലസ്തീനികളുടെ രാഷ്ട്രീയം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക്, റോഡരികിലെ മാലിന്യം തുടങ്ങി നഗരജീവിതം നേരിടുന്ന പ്രശ്നങ്ങളും ചിത്രത്തിൽ വിഷയമാകുന്നുണ്ട്. യഥാർഥ ജീവിതത്തിലും അച്ഛനും മകനുമായ മുഹമ്മദ് ബക്രിയുടെയും സാലിഹ് ബക്രിയുടെയും അഭിനയത്തിൽ ഇരുവരുടെയും വേഷം ഭദ്രവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.