ഹരിതാഭമായ ഫലോദ്യാനത്തിലെ ചുവന്നുതുടുത്ത മാതളത്തിന് ചുവട്ടിൽ തളിരിട്ട മനുഷ്യബന്ധങ്ങളുടെ വേദന നിറഞ്ഞ പരിണാമത്തിെൻറ ദൃശ്യവ്യാഖ്യാനമാണ് അസർബൈജാൻ ചിത്രമായ ‘പോമഗ്രനേറ്റ് ഒാർച്ചാർഡ്’. മാതളത്തിെൻറ മനോഹരമായ പശ്ചാത്തലത്തിൽ വളർച്ചയുടെ പടവുകൾ നടന്നുകയറിയ 12 വയസ്സുകാരാനായ ജലാലിന് കടുംചുവപ്പിെൻറ മനോഹാരിത കയ്പ്പായി മാറുേമ്പാൾ ആ കാർഷിക കുടുംബത്തിെൻറ വേദന പ്രേക്ഷകനിലേക്കും പടരുന്നു.
12 വയസ്സുകരാനായ ജലാലിനും അമ്മ സാറക്കും വൃദ്ധനായ ഷാമിലാണ് ഏക ആശ്രയം. ആ ഗ്രാമത്തിെല ഏറ്റവും മനോഹരമായ തോട്ടത്തിന് നടുവിലാണ് അവരുടെ താമസം. പലരും അതിൽ നോട്ടമിടുന്നുണ്ടെങ്കിലും അത് കൈവിടാൻ ഷാമിൽ തയാറല്ല. നാടുവിട്ട് പോയ സാറയുടെ ഭർത്താവും ഷാമിലിെൻറ രണ്ടാമത്തെ മകനുമായ ഗാബിലിെൻറ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള വരവോടെയാണ് സങ്കീർണത നിറഞ്ഞ വൈകാരിക നിമിഷങ്ങളിലേക്ക് സിനിമ കടക്കുന്നത്. ആദ്യമായി പിതാവിെന കാണുന്ന ജലാലിെൻറ കണ്ണുകൾക്ക് നിറങ്ങൾ തിരിച്ചറിയാനാകാത്ത രോഗം ഇതിനകം പിടിപ്പെട്ടിരുന്നു.
അപരിചിതനായി മാത്രമാണ് അവന് ഗാബിലിനെ അനുഭവപ്പെടുന്നത്. വിവാഹത്തിെൻറ ആദ്യ നാളുകളിൽ തനിച്ചായാക്കി അകന്ന ഭർത്താവിനെ നൊമ്പരങ്ങൾ അടക്കി സാറ സ്വീകരിക്കുകയാണ്. എന്നാൽ ഗാബിലിനെ നന്നായി അറിയുന്ന ഷാമിലിന് മാത്രം ആ വരവിൽ സംശയങ്ങൾ ബാക്കിയാകുന്നുണ്ട്. ഇതിനിടെ ഗാബിൽ ഉത്തരവാദിത്വമുള്ളയാളായും സമ്പന്നനായും പിതാവിനെ വിശ്വസിപ്പിക്കുന്നു. റഷ്യയിലേക്ക് സാറയെയും ജലാലിനെയും കൊണ്ട് പോകുകയാണ് വരവിെൻറ ഉേദ്ദശമെന്ന് അയാൾ അറിയിക്കുന്നു. എന്നാൽ മുത്തച്ഛനെവിട്ട് പോകാൻ ജലാൽ തായാറല്ല. മനം മാറ്റിയെടുക്കാൻ ഷാമിലിനെ തന്നെയാണ് ഗാബിൽ നിയോഗിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും ലഭിക്കുമെന്ന് പറഞ്ഞിട്ടും ജലാലിെൻറ മനസ്സ് ആ തോട്ടത്തിൽ നിൽക്കുകയാണ്.
വർഷങ്ങൾക്ക് ശേഷമുള്ള മകെൻറ തിരിച്ച് വരവ് ഭാര്യയും മൂത്ത മകനും നഷ്ടപ്പെട്ട ആ വൃദ്ധന് നേരിയ സന്തോഷത്തിെൻറ കുടുംബ നിമിഷങ്ങളും നൽകുന്നുണ്ട്. ജലാലും സാറയും പോയാൽ തോട്ടം തനിയെ നോൽക്കാനാകില്ലെന്നതിനാൽ ആത്മസംഘർഷങ്ങൾക്കിടയിലും വിൽപ്പനക്ക് തായറാകുകയാണ് മാതളത്തെ സ്നേഹിച്ച ഷാമിൽ.
എന്നാൽ മനസ്സിലെ ആശങ്കകൾ േപാലെ തെന്ന പിന്നീട് അത് സംഭവിക്കുകയാണ്. തോട്ടംവിറ്റ് പണംവാങ്ങി പോയ ഗാബിൽ പിന്നെ തിരിച്ചുവരുന്നില്ല. അതുവരെ മറച്ചുവെച്ച മോസ്കോയിലെ തെൻറ ഭാര്യയുടെയും മകളുടെയും അടുത്തേക്കാണയാൾ പണവുമായി പോയത്. ജലാലിെൻറ കാഴ്ചയിൽ വീണ്ടും ഇരുട്ടുകയറുകയാണ്. ചുവന്ന മാതളങ്ങൾ അവന് മുന്നിൽ കടും കറുപ്പാകുന്നു. സാറ വീണ്ടും ചുവരുകൾക്കിടയിലെ നെടുവീർപ്പായിമാറുന്നു. ഷാമിൽ ഉത്തരവാദിത്തങ്ങൾക്ക് വീണ്ടും ഒറ്റപ്പെടുകയാണ്.
അർമേനിയൻ വംശജനായ ഇൽഗർ നജാഫാണ് ചിത്രത്തിെൻറ സംവിധായകൻ. മധുരം നൂറുന്ന മാതളത്തോട്ടത്തിന് നടുവിലെ കയ്പ്പുകലർന്ന മനുഷ്യജീവിതങ്ങളെ കൈയടക്കത്തോട് കൂടിയാണ് ദൃശ്യവൽകരിച്ചിരിക്കുന്നത്. കൃഷി സ്നേഹിക്കുന്ന കർഷകെൻറയും സാധരണക്കാരിയായ യുവതിയുെടയും നിസ്സഹായതകൾകൂടി പങ്കുവെച്ചാണ് സിനിമ അവസാനിക്കുന്നത്.
വീടിനും തോട്ടത്തിനും പുറത്തേക്ക് അധികം കടക്കുന്നില്ലെങ്കിലും മനോഹരമായ ദൃശ്യങ്ങളിലൂടെയും സാവധാനമുള്ളതും എന്നാൽ മടിപ്പിക്കാത്തതുമായ ചലനങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്്. ഭാവങ്ങൾക്കൊണ്ടും വാക്കുകൾക്കൊണ്ടും ഷാമിലായി ഗുർബാൻ ഇസ്മായിലോവ് ശ്രദ്ധേയമായ പ്രകടനം കാഴ്വെക്കുന്നുണ്ട്. തൊണ്ണൂറാമത് ഒാസ്കർ അക്കാദമി അവാർഡിലേക്കുള്ള അസർബൈജാെൻറ എൻട്രി കൂടിയാണ് ഇൗ സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.