ജലദൗർലഭ്യതക്കെതിരെ ബോധവൽക്കരണവുമായി ആമിർ ഖാൻ

മുംബൈ: ബോക്സ് ഓഫിസ് ഹിറ്റുകൾ സൃഷ്ടിക്കുക മാത്രമല്ല തന്‍റെ ഉത്തരവാദിത്തമെന്നും അതിലുപരി സാമൂഹിക നന്മക്ക് വേണ്ടി തന്‍റെ പ്രതിഛായ ഉപയോഗിക്കുകയും ചെയ്യുന്ന നടനാണ് ആമിർ ഖാൻ. ഇത്തവണ ജലദൗർലഭ്യതക്കെതിരെയാണ് ആമിർ ഖാൻ രംഗത്തിറങ്ങിയിരിക്കുന്നത്. 

സത്യമേവ ജയതേ എന്ന ജനപ്രിയ പരിപാടിയുടെ നാലാം സീസൺ എന്തുകൊണ്ട് പുറത്തിറങ്ങുന്നില്ല എന്നതിന് ഫേസ്ബുക്കിലൂടെ ആമിർ നൽകിയ ഉത്തരം തന്നെയാണ് അദ്ദേഹത്തിന്‍റെ സാമൂഹിക പ്രതിബദ്ധതക്ക് തെളിവായി ഇപ്പോൾ ഉയർത്തിക്കാട്ടപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി മഹാരാഷ്ട്രയിലെ വരൾച്ചാ ബാധിത ഗ്രാമങ്ങളിൽ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുകയാണ് സത്യമേവ ജയതേയുടെ മുഴുവൻ ടീമും എന്നാണ് ആമിർ വെളിപ്പെടുത്തിയിരിക്കുന്നത്. ജലദൗർലഭ്യത പരിഹരിക്കാൻ 2016ൽ പാനി ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സംഘടനക്ക് രൂപം നൽകിയിട്ടുമുണ്ട് താരം.

ജലക്ഷാമം പരിഹരിക്കാനും ജലം  കാര്യക്ഷമമായി വിനിയോഗിക്കുന്നതിനും വേണ്ടി ശാസ്ത്ര സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പഠിപ്പിക്കുന്ന പരിശീലന പരിപാടിയും പാനി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നുണ്ട്. സത്യമേവ ജയതേ വാട്ടർ കപ് എന്ന പേരിൽ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. 

വാട്ടർ മാനേജ്മെന്‍റിൽ പരിശീലനം ലഭിച്ച ഗ്രാമവാസികൾ ഇതിനോടകം തന്നെ തങ്ങളുടെ ഗ്രാമങ്ങളിൽ ഇവ പ്രാവർത്തികമാക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പ്രോത്സാഹനജനകമായ കഥകൾ സത്യമേവ ജയതേക്കുവേണ്ടി ചിത്രീകരിക്കാനും ആലോചനയുണ്ട്. ഇതിനുവേണ്ടി താനും ഭാര്യ കിരണും മഹാരാഷ്ട്ര മുഴുവൻ സഞ്ചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും ആമിർ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Aamir Khan Urges People to Act Urgently on Water Crisis-MOvies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.