ആമിർ ഖാന്‍റെ 'തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ' എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലർ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങായിരുന്നു. എന്നാൽ ചിത്രത്തിലെ രംഗങ്ങൾ ജോണി ഡെപ് ചിത്രം പൈറേറ്റ്സ് ഒാഫ് കരീബിയന്‍റെ കോപ്പിയടിയാണെന്ന വിമർശനവും ഉയർന്നു. പൈറേറ്റ്സ് ഒാഫ് കരീബിയയിലെ ജാക്ക് സ്പോരോയുടെ ഈച്ചകോപ്പിയാണ് തഗ്സിലെ ആമിറിന്‍റെ കഥാപാത്രമാണെന്നാണ് പ്രധാന വിമർശനം. ചിത്രം അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്.
രണ്ട് ചിത്രങ്ങളിലെയും വേഷങ്ങൾ താരതമ്യപ്പെടുത്തിയ ചിത്രങ്ങൾ ട്വിറ്ററിൽ നിറയുകയാണ്. എന്നാൽ ഇക്കാര്യങ്ങൾ നിഷേധിച്ച് തഗ്സ് ഒാഫ് ഹിന്ദുസ്ഥാനിന്‍റെ നിർമാതാവ് തന്നെ രംഗത്തെത്തി. താൻ ജോണി ഡെപ് ചിത്രം കണ്ടിട്ടില്ലെന്നും ചിത്രം പൈറേറ്റ്സ് ഒാഫ് കരീബിയന്‍റെ കോപ്പിയല്ലെന്നും നിർമാതാവ് സുമിത് ബസു വ്യക്തമാക്കി.
പൈറേറ്റ്സ് ഒാഫ് കരീബിയനെ അടിസ്ഥനപ്പെടുത്തിയല്ല ചിത്രം നിർമ്മിച്ചത്. പഴയ കാലഘട്ടത്തിൽ നടക്കുന്ന കഥയാണ്. അക്കാലത്തുള്ള കപ്പലുകളാണ്. അല്ലാതെ മറ്റൊരു ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയല്ല സിനിമയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ആമിർ ഖാനും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. ആക്ഷൻ അഡ്വഞ്ചർ സിനിമയാണ് ചിത്രം. ആക്ഷൻ സിനിമകളുമായി ചിത്രത്തിന് സാമ്യത തോന്നാം. എന്നാൽ കഥ വ്യത്യസ്തമാണെന്നും ആമിർ പറഞ്ഞിരുന്നു.
ഫിരംഗി എന്ന കഥാപാത്രത്തെയാണ് ആമിർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ, ഫാത്തിമ സന ശൈഖ്, കത്രീന കൈഫ് എന്നിവരും ചിത്രത്തിലുണ്ട്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം െചയ്യുന്ന ചിത്രം നിർമിക്കുന്നത് 300 കോടിയോളം മുടക്കിയാണ്.
ഫിലിപ്പ് മെദോവ്സ് ടെയ് ലറിന്‍റെ 1839ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ 'കൺഫെഷൻസ് ഒാഫ് എ തഗ്' എന്ന നോവലിനെ ആസ്പദമാക്കി 1790-1805 കാലഘട്ടത്തിൽ നടന്ന ഫിക്ഷണൽ സ്റ്റോറിയായാണ് ചിത്രം ഒരുക്കുന്നത്. 19ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വെല്ലുവിളി ഉയർത്തുന്ന കടൽ പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.