ന്യൂഡൽഹി: പ്രതിഷേധം ശക്തമായതോടെ സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്ന് നിർമാതാക്കളായ വിയാകോം 18 പിക്ചേഴ്സ് വ്യക്തമാക്കി. ഡിസംബർ ഒന്നിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന് സെൻസർ ബോർഡിെൻറ അംഗീകാരം വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിർമാതാക്കൾ പറഞ്ഞു.
അതേസമയം, സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാകുംമുമ്പ് ചില ചാനലുകൾക്ക് പ്രദർശനാനുമതി നൽകിയതിനെ സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി വിമർശിച്ചു. അപേക്ഷ അപൂർണമാണെന്നാരോപിച്ച് സി.ബി.എഫ്.സി (സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ) വെള്ളിയാഴ്ച സിനിമ തിരിച്ചയച്ചിരുന്നു. തങ്ങൾ രാജ്യത്തെ നിയമത്തെയും അധികാര സ്ഥാപനങ്ങളെയും മാനിക്കുമെന്ന് വ്യക്തമാക്കിയ നിർമാതാക്കൾ പുതിയ റിലീസിങ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
പത്മാവതി മാറ്റങ്ങളില്ലാതെ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരുന്നു. സിനിമ റിലീസ് ചെയ്യുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് യു.പി ആഭ്യന്തരമന്ത്രിയും അഭിപ്രായപ്പെട്ടു.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മിനിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക പദുകോൺ റാണി പത്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്, അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.