ന്യൂഡൽഹി: പ്രതിഷേധവും അക്രമവും തുടരുന്നതിനിടെ റിലീസ് ചെയ്ത സഞ്ജയ് ലീല ഭൻസാലി ചിത്രം പത്മാവത് ആദ്യ ദിനം കണ്ടത് പത്തുലക്ഷം പേരെന്ന് നിർമാതാക്കൾ. ഭീഷണിയും പ്രതിഷേധവും മുൻ കണ്ട് കനത്ത സുരക്ഷയിലാണ് ചിത്രം റിലീസ് ചെയ്തത്.
ദക്ഷിണേന്ത്യയിൽ 600 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ഭീഷണിയെതുടർന്ന് രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ റിലീസിങ് നടന്നില്ല. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭാഗികമായിരുന്നു റിലീസിങ്. ഉത്തർപ്രദേശിൽ കർണി സേന തിയേറ്ററുകൾക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചിത്രം കാണരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ചിത്രം റിലീസ് ചെയ്ത തിയറ്ററുകൾക്ക് നേരെ വ്യപക അക്രമമുണ്ടായി. കേരളത്തിൽ റിലീസിങ് സമാധാനപരമായിരുന്നു. അതിനിടെ, സിനിമ റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച നാല് സംസ്ഥാന സർക്കാറുകൾക്കും അക്രമം നടത്തിയ ശ്രീ രാഷ്ട്രീയ രജ്പുത് കർണിസേനക്കുമെതിരെ കോടതിയലക്ഷ്യക്കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. അഭിഭാഷകൻ വിനീത് ധണ്ട, കോൺഗ്രസ് അനുഭാവി തഹ്സീൻ പൂനവാല എന്നിവരാണ് ഹരജിക്കാർ.
ഹരജികൾ തിങ്കളാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ െബഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.