ന്യൂഡൽഹി: വ്യാഴാഴ്ച രാത്രിയാണ് ഋഷി കപൂറിന്‍റെ അടുത്ത സുഹൃത്തായ അമിതാഭ് ബച്ചന്‍റെ അനുസ്മരണക്കുറിപ്പ് പുറത്ത് വന്നത്. പലതവണ പോസ്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്തതിനുശേഷം ഏറെ ദുഖത്തോടെയായിരുന്നു ഋഷി കപൂറിനൊപ്പം ഒട്ടേറെ സിനിമകളിൽ ഒന്നിച്ചഭിനയിച്ച ബിഗ് ബിയുടെ കുറിപ്പ്. അടുത്ത സുഹൃത്തായിട്ടുപോലും എന്തുകൊണ്ട് ഋഷി കപൂറിനെ ആശുപത്രിയിൽ സന്ദർശിച്ചില്ല എന്ന് വെളിപ്പെടുത്തുകയാണ് ഈ കുറിപ്പിൽ ബിഗ് ബി. "ശിശുവിന്‍റേതുപോലുള്ള നിഷ്കളങ്കമായ ആ മുഖത്ത് നിരാശ തങ്ങിനിൽക്കുന്നത് കാണാൻ എനിക്കാവില്ലായിരുന്നു. പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്. അന്ത്യയാത്രയിലും കുലീനമായ ഒരു പുഞ്ചിരി അവന്‍റെ മുഖത്ത് തങ്ങിനിന്നിട്ടുണ്ടായിരിക്കും."
അമിതാഭ് ബച്ചനും ഋഷി കപൂറും ഒരുമിച്ചഭിനയിച്ച് 1979ൽ പുറത്തിറങ്ങിയ സർഗം എന്ന സിനിമയിലെ ചിത്രത്തോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.
കഭീ കഭീ,അമർ അക്ബർ ആന്‍റണി, 102 നോട്ട് ഔട്ട് എന്നിങ്ങനെ 77ഓളം ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഋഷി കപൂറിന്‍റെ വീട്ടിലും ആർ.കെ സ്റ്റുഡിയോയിലും വെച്ചുള്ള കൂടിക്കാഴ്ചകൾ, അദ്ദേഹത്തിന്‍റെ നടത്തത്തിന്‍റെയും സംഭാഷണത്തിന്‍റെയും സവിശേഷതകൾ, എല്ലാറ്റിനുമുപരി അപാരമായ നർമബോധം എന്നിവയെക്കുറിച്ചെല്ലാം വിശദമായി തന്നെ ബിഗ് ബി എഴുതിയിട്ടുണ്ട്.
ലോക്ക്ഡൗൺ മൂലം കുടുംബാംഗങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഋഷികപൂറിന്‍റെ സംസ്ക്കാര ചടങ്ങിൽ ബച്ചൻ കുടുംബത്തെ പ്രതിനിധീകരിച്ച് അഭിഷേക് ബച്ചനാണ് പങ്കെടുത്തത്. ഋഷി കപൂറിന്‍റെ മരണത്തിനുശേഷം കുടുംബം ഇറക്കിയ അനുസ്മരണക്കുറിപ്പിനോട് ചേർത്തുവെക്കാവുന്ന വാക്കുകളോടെയാണ് ബച്ചനും തന്‍റെ പ്രിയ സുഹൃത്തിന് വിട നൽകിയത്. 'കണ്ണീരോടെയല്ല, പുഞ്ചിരിയോടെ വേണം അദ്ദേഹത്തെ അനുസ്മരിക്കാൻ' എന്നായിരുന്നു കുടുംബം ലോകത്തോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.