ജയ്പൂർ: അശുതോഷ് ഗോവർക്കറുടെ പുതിയ ചിത്രമായ പാനിപത്തിൽ തങ്ങളെ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ ജാട്ടുകൾ രംഗത്തെത്തി. അർജുൻ കപൂർ, സഞ്ജയ് ദത്ത്, കൃതി സനോൺ എന്നിവയ്‌ക്കെതിരെ രാജസ്ഥാനിലെ നാട്ടുകാർ പ്രതിഷേധിച്ചു.
പാനിപത്തിലെ മൂന്നാം യുദ്ധത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സദാശിവ് റാവു ഭൗയുടെ വേഷം അർജുൻ കപൂർ അവതരിപ്പിക്കുന്നു. അഫ്ഗാൻ ആക്രമണകാരിയായ അഹ്മദ് ഷാ അബ്ദാലിക്കെതിരായ (സഞ്ജയ് ദത്ത്) പോരാട്ടത്തിൽ മറാത്ത സഖ്യകക്ഷിയായ മഹാരാജാ സൂരജ്മാലിൻെറ പിന്തുണ സദാശിവ് തേടുന്നുണ്ട്. തൻെറ നിബന്ധനകൾ അംഗീകരിക്കാൻ സദാശിവ് വിസമ്മതിച്ചപ്പോൾ മഹാരാജ സൂരജ്മൽ അഫ്ഗാനികൾക്കെതിരായ പിന്തുണ നിഷേധിക്കുന്നുവെന്നാണ് ചിത്രത്തിലുള്ളത്.
സൂരജ്മാലിൻെറ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി രാജസ്ഥാൻ സർക്കാരിലെ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് രംഗത്തെത്തി. ഭരത്പൂരിലെ മുൻ മഹാരാജാവ് കൂടിയാണ് ഇയാൾ. മഹാരാജ സൂരജ്മാലിനെ തെറ്റായി ചിത്രീകരിച്ചെന്ന് കാണിച്ച് രാജസ്ഥാനിലെ ജാട്ട് സമുദായത്തിൽ നിന്നുള്ളവർ സംവിധായകൻ അശുതോഷ് ഗോവരിക്കറുടെ കോലം കത്തിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സതീഷ് പൂനിയയും പ്രതിഷേധം രേഖപ്പെടുത്തി.
ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: “ഭരത്പൂരിലെ മഹാരാജ സൂരജ്മൽ ജാട്ടിനെപ്പോലുള്ള ഒരു മഹാനായ വ്യക്തിയെ പാനിപത്ത് സിനിമയിൽ വളരെ തെറ്റായ രീതിയിൽ ചിത്രീകരിച്ചത് ചരിത്രപരമായ വസ്തുതകളെ ഇല്ലാതാക്കുന്നതാണ്. ഹരിയാന, രാജസ്ഥാൻ, ഉത്തരേന്ത്യ എന്നിവിടങ്ങളിലെ ജാട്ട് സമുദായത്തിലെ കനത്ത എതിർപ്പ് കണക്കിലെടുത്ത് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം രാജ്യത്തെ ക്രമസമാധാനം വഷളായേക്കാം.
"ഞാൻ മഹാരാജ സൂരജ്മൽ ജാട്ടിൻെറ പതിനാലാം തലമുറയിൽ നിന്നുള്ളയാളാണ്. യുദ്ധത്തിൽ പരാജയപ്പെട്ട് പേഷ്വയും മറാത്തയും പരിക്കേറ്റ് പാനിപത്തിൽ നിന്ന് മടങ്ങുമ്പോൾ മഹാരാജ സൂരജ്മലും മഹാറാണി കിഷോറിയും മുഴുവൻ മറാത്ത സൈന്യത്തിനും പേഷ്വാസിനെയും അഭയം നൽകിയിരുന്നു എന്നതാണ് യാഥാർത്ഥ്യം. ആറ് മാസക്കാലം അത് തുടർന്നു.
ചരിത്രകാരന്മാർ, രാജവംശങ്ങൾ, സംഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് അനുമതി തേടണമെന്നും ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. ഡിസംബർ ആറിന് പുറത്തിറങ്ങിയ പാനിപത്ത് ബോക്‌സോഫീസിൽ കുതിപ്പ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.