ന്യൂഡൽഹി: സഞ്ജയ് ലീല ബൽസാലി ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ പത്മാവതി സാങ്കൽപ്പിക കഥാപാത്രമാണെന്ന വാദവുമായി ചരിത്രകാരൻ ഇർഫാൻ ഹബീബ്. ചരിത്രത്തിൽ റാണി പത്മാവതി എന്ന വ്യക്തിയില്ല. അതൊരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ്. പത്മാവതി ജീവിച്ചിരുന്നോ എന്ന കാര്യം ഇപ്പോഴും തർക്ക വിഷയമാണെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.
അലാവുദ്ദീൻ ഖിൽജി ചിറ്റൂർ കീഴടക്കിയ കാലഘട്ടത്തിലെ ചരിത്രത്തിൽ എവിടെയും പത്മാവതിയെ കുറിച്ച് പരാമർശമില്ല. അലാവുദ്ദീൻ ഖിൽജിയുടെ ചിറ്റൂർ വിജയത്തിന് 250 വർഷങ്ങൾക്ക് ശേഷം മാലിക് മുഹമ്മദ് ജയസി രചിച്ച ‘പത്മാവത്’ എന്ന കൃതിയിലാണ് ആദ്യമായി പത്മാവതിയെ കുറിച്ച് പറഞ്ഞത്. എന്നാൽ അത് സിംഗൾദീപിലെ ( ഇന്നത്തെ ശ്രീലങ്ക) രാജകുമാരി പത്മാവതിെയ കുറിച്ചാണ്. ഇവർ മേവാറിലെ രാജാ രത്തൻ സിങ്ങിനെ വിവാഹം ചെയ്തതായാണ് അദ്ദേഹം പറയുന്നത്.
പത്മാവത് എന്നത് നമ്മുടെ സാഹിത്യത്തിെൻറ അവിഭവജ്യഘടകമായ ബൃഹത്തായ കവിതാ സമാഹാരമാണ്. മേവാർ ദർബാറിലെ ചരിത്രകാരനായ ശ്യാംലാൽ ദാസും പത്മാവതിയെ കുറിച്ച് പറയുന്നുണ്ടെങ്കിലും അത് മറ്റൊരു അവസരത്തിലാണെന്നും ഇർഫാൻ ഹബീബ് വാദിക്കുന്നു.
ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതാണ് ‘പത്മാവതി’ എന്നാരോപിച്ച് രജപുത്ര വംശജർ സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനു പിറകെ രാഷ്ട്രീയക്കാരും വിവാദം ഏറ്റു പിടിച്ചിരുന്നു. എന്നാൽ, സിനിമയിൽ സത്യസന്ധമായ ചരിത്രം അവതരിപ്പിക്കുകയാണെങ്കിൽ അത് കാണികളെ ആകർഷിക്കുന്നതായിരിക്കില്ലെന്നും ഹബീബ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.