ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവതി’യിൽ പുകഞ്ഞ് സിനിമാലോകം. പത്മാവതിക്കെതിരെ നടക്കുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് ഗോവയിൽ നടക്കുന്ന ലോക സിനിമാമേള (െഎ.എഫ്.എഫ്.െഎ) സിനിമ പ്രവർത്തകർ ബഹിഷ്കരിക്കണമെന്ന് നടിയും ആക്ടിവിസ്റ്റുമായ ശബാന ആസ്മി ആവശ്യപ്പെട്ടു. സർട്ടിഫിക്കേഷനു വേണ്ടി നിർമാതാക്കൾ സമർപ്പിച്ച അപേക്ഷ അപൂർണമാണെന്ന് കാണിച്ച് സെൻസർബോർഡ് തിരിച്ചയച്ചതിനെയും അവർ വിമർശിച്ചു.
അതേസമയം, പത്മാവതി വിവാദം തണുപ്പിക്കുന്നതിനുവേണ്ടി രജ്പുത്ര നേതാക്കൾക്ക് സ്വകാര്യ പ്രദർശനം നടത്താനുള്ള തീരുമാനത്തിനെതിരെ സെൻസർ ബോർഡ് രംഗത്തുവന്നു. അനുമതി ലഭിക്കാത്ത ഒരു സിനിമ സ്വകാര്യ പ്രദർശനം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.ബി.എഫ്.സി ചെയൻമാൻ പ്രസൂൺ ജോഷി പറഞ്ഞു. സിനിമെക്കതിരായ നീക്കത്തിൽ പ്രതിഷേധവും സങ്കടവുമുണ്ടെന്ന് പത്മാവതിയിലെ നായിക ദീപിക പദുകോൺ വ്യക്തമാക്കി. പ്രദർശനം തടസ്സമുണ്ടാകാതെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് രജ്പുത് സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. ഡിസംബർ ഒന്നിനാണ് പത്മാവതിയുടെ റിലീസ്. സിനിമ ഇറങ്ങുകയാണെങ്കിൽ ഭാരത ബന്ദ് നടത്തുമെന്ന് കർണിസേന പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.