തിരുവനന്തപുരം: ലോക സിനിമയുടെ നേർക്കാഴ്ചകളുമായി 20ാമത് കേരള അന്തർദേശീയ ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തലസ്ഥാന നഗരിയിൽ തുടക്കമാകും. തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈൻ മുഖ്യാതിഥിയാകുന്ന നിശാഗന്ധിയിൽ വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിതെളിക്കും. ലോകസിനിമയുടെ പരിച്ഛേദങ്ങളുമായി സമഗ്ര സംഭാവനക്കുള്ള പുരസ്കാര ജേതാവ് ഇറാനിയൻ സംവിധായകൻ ദാർയൂഷ് മഹ്റൂജിയും ജൂറി ചെയർമാൻ ജൂലി ബ്രൊസൈനും മേളയെ സമ്പന്നമാക്കും. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഇറാനിയൻ സംവിധായകൻ ദാർയൂഷ് മഹ്റൂജിക്ക് സമ്മാനിക്കും.
ഗോത്രവർഗങ്ങൾക്കുമേൽ ഭരണകൂടങ്ങൾ നടത്തുന്ന കൈകടത്തലുകൾ എങ്ങനെ ബാധിക്കുന്നെന്ന് പറയുന്ന ചൈനീസ് ത്രീ–ഡി ചിത്രമായ ‘വുൾഫ് ടോട്ട’മാണ് ഉദ്ഘാടന ചിത്രം. നിശാഗന്ധിയിൽ തയാറാക്കിയ താൽക്കാലിക തിയറ്ററിലെ ഇരിപ്പിട പരിമിതി മൂലം ഉദ്ഘാടന ചിത്രമായ ‘വുൾഫ് ടോട്ടം’ ടാഗോറിലും കൈരളിയിലുമായി പ്രദർശിപ്പിക്കും.
ഓസ്കാർ നോമിനേഷൻ ലഭിച്ച 19 ചിത്രങ്ങളടക്കം 178 ചിത്രങ്ങളാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്. അഞ്ച് ചിത്രങ്ങളുടെ ലോക പ്രീമിയറിനും രണ്ട് ചിത്രങ്ങളുടെ ഏഷ്യൻ പ്രീമിയറിനും 53 ചിത്രങ്ങളുടെ ഇന്ത്യൻ പ്രീമിയർ പ്രദർശനങ്ങളും പ്രദർശനത്തിനെത്തും. 12 വിഭാഗങ്ങളിലാണിത്. നേപ്പാളിൽ നിന്നുള്ള ‘ദ ബ്ലാക് ഹെൻ’, കസാഖ്സ്താനിൽനിന്നുള്ള ‘ബോപ്പം’, ഇറാനിയൻ ചിത്രമായ ‘ഇമ്മോർട്ടൽ’, ബംഗാളി ചിത്രമായ ‘നോ വിമൻസ് ലാൻഡ്’, ഫിലിപ്പീൻസ് ചിത്രമായ ‘ഷാഡോ ബിഹൈൻഡ് ദ മൂൺ’ മലയാള ചിത്രങ്ങളായ ‘ഒറ്റാൽ’, ‘ചായം പൂശിയ വീട്’ അടക്കം 14 ചിത്രങ്ങളാണ് അന്തർദേശീയ വിഭാഗത്തിലുള്ളത്.
വെള്ളിയാഴ്ച മുതൽ റിസർവേഷൻ സൗകര്യം ഡെലിഗേറ്റുകൾക്ക് ലഭ്യമാകും. എല്ലാ തിയറ്ററിലും റിസർവേഷൻ സൗകര്യമുണ്ടാകും. കലാഭവൻ, ധന്യ–രമ്യ, ശ്രീകുമാർ, ശ്രീവിശാഖ് എന്നീ തിയറ്ററുകളിൽ ബാൽക്കണി മാത്രമേ റിസർവ് ചെയ്യാൻ കഴിയൂ. ടാഗോർ, കൈരളി, ശ്രീ, നിള, നിശാഗന്ധി, ന്യൂ സ്ക്രീൻ–1, ന്യൂ സ്ക്രീൻ–2, ന്യൂ സ്ക്രീൻ–3 എന്നിവയിൽ 60 ശതമാനം സീറ്റ് റിസർവേഷനിലൂടെയും ബാക്കി ക്യൂവിൽ നിൽക്കുന്നവർക്കുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.