ദാര്‍യൂഷ് മഹ്റൂജി, ലോകസിനിമാ ഭൂപടത്തില്‍ ഇറാനെ അടയാളപ്പെടുത്തിയ സംവിധായകന്‍

തിരുവനന്തപുരം: ലോകസിനിമാ ഭൂപടത്തില്‍ ഇറാനെ അടയാളപ്പെടുത്തിയ സംവിധായകന്‍ ദാര്‍യൂഷ് മഹ്റൂജിയുടെ സാന്നിധ്യം ഇക്കുറി രാജ്യാന്തര ചലച്ചിത്രമേളക്ക് കൊഴുപ്പേകും. യാത്രാമധ്യേ പനി ബാധിച്ച അദ്ദേഹം ഇപ്പോള്‍ സൗദിയിലാണ്. ചൊവ്വാഴ്ചമുതല്‍ മേളയില്‍ പങ്കെടുക്കും.
രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാര ജേതാവായ ദാര്‍യൂഷ് മഹ്റൂജി 1970കളില്‍ സംവിധാനം ചെയ്ത ‘ദ കൗ’ (ഗാവ്) ഇറാനിയന്‍ സിനിമാലോകത്ത് പുതിയ തരംഗത്തിന് തുടക്കമിടുകയായിരുന്നു. ഈ ചിത്രം ശനിയാഴ്ച രാത്രി 9.30ന് നിള തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, ചിത്രസംയോജകന്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മഹ്റൂജിയുടെ ആറ് ചിത്രങ്ങളാണ് ഇക്കുറി റെട്രോസ്പെക്ടിവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
1966ല്‍ ജയിംസ് ബോണ്ടിന് പാരഡിയായി നിര്‍മിച്ച ‘ഡയമണ്ട് 33’ ആണ് മഹ്റൂജി സംവിധാനം ചെയ്ത ആദ്യ സിനിമ. ‘ഷായുടെ ഭരണത്തിന്‍കീഴിലായിരുന്ന ഇറാനില്‍ സര്‍ക്കാര്‍ പിന്തുണയോടെ നിര്‍മിച്ചതായിരുന്നു രണ്ടാമത്തെ ചിത്രമായ ‘ദ കൗ’. ഏറെ നിരൂപക, പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രത്തിന്‍െറ പ്രമേയം രാജ്യത്തിന്‍െറ ഗ്രാമീണമേഖലയിലെ  പിന്നാക്കാവസ്ഥയും ദാരിദ്ര്യവും ആയിരുന്നു പകര്‍ത്തിയത്. എന്നാല്‍, ഭരണകൂടത്തിന് നാണക്കേടുണ്ടാക്കുമെന്നും സിനിമയുടെ രാഷ്ട്രീയം രാജ്യത്തിന്‍െറ പ്രതിച്ഛായയെ ബാധിക്കുമെന്നും പറഞ്ഞ് ചിത്രത്തിന് ഷാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ദാര്‍യൂഷ് മഹ്റൂജി അതീവ രഹസ്യമായി 1971ല്‍ ഈ സിനിമയുടെ ഒരു പ്രിന്‍റ് രാജ്യത്തിന് പുറത്തത്തെിച്ച് ആ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയില്‍ സബ് ടൈറ്റില്‍പോലുമില്ലാതെ പ്രദര്‍ശിപ്പിച്ചു. വെനീസിലെ ഇന്‍റര്‍നാഷനല്‍ ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചതോടെ ഇറാനിയന്‍ സിനിമയുടെ നവതരംഗം പുറംലോകമറിയുകയായിരുന്നു. ഇതോടെ നിയോ റിയലിസ്റ്റിക് സിനിമകളുടെ ഉദയം ഇറാനില്‍ ഉണ്ടായെന്ന് സിനിമാ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു. ദാര്‍യൂഷ് മഹ്റൂജിയുടെ ഈ തന്‍േറടം മറ്റ് സംവിധായകര്‍ക്ക് ധൈര്യം പകര്‍ന്നതോടെ മസൂദ് കിമിയായി, നാസര്‍ തഖ്വ തുടങ്ങിയ സംവിധായകരുടെ പരീക്ഷണ ചിത്രങ്ങളും പുറത്തത്തെി. ആദ്യമായി ഓസ്കര്‍ അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട ഇറാനിയന്‍ ചിത്രം മഹ്റൂജിയുടെ ‘ദ ബൈസിക്ക്ള്‍’ ആണ്. 1973ല്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് മൂന്നുവര്‍ഷത്തോളം ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.