തിരുവനന്തപുരം: കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്‍െറ സ്റ്റോപ്പിന് ചലച്ചിത്രമേളയില്‍ ആവേശകരമായ വരവേല്‍പ്. തിങ്കളാഴ്ച വൈകീട്ട് 6.45ന് മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
സീറ്റ് കിട്ടാത്തതിനാല്‍ 500 ഓളം ഡെലിഗേറ്റുകളില്‍ തറയില്‍ ഇരുന്നും നിന്നുമാണ് 87 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം കണ്ടത്. ഉച്ചക്ക് മൂന്നുമുതല്‍ ടാഗോറിനുമുന്നില്‍ ഡെലിഗേറ്റുകളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. സ്ത്രീകളടക്കം നൂറോളംപേര്‍ മഴ നനഞ്ഞും ക്യൂനിന്നു.
വൈകീട്ട് നാലോടെ റിസര്‍വേഷന്‍ സീറ്റുകളിലേക്ക് ഡെലിഗേറ്റുകളെ പ്രവേശിപ്പിച്ചതില്‍ ഒരു വിഭാഗം പ്രതിഷേധിച്ചു. 885 സീറ്റുള്ള ടാഗോറില്‍ 531 സീറ്റും റിസര്‍വേഷനാക്കിയതിലായിരുന്നു പ്രതിഷേധം. അഞ്ചോടെ 354 ജനറല്‍ സീറ്റുകളില്‍ ക്യൂവില്‍ നിന്നവര്‍ക്ക് പ്രവേശം നല്‍കി. ബാക്കിയുള്ളവരെ ഷോ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പേ പ്രവേശിപ്പിക്കൂവെന്ന് അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍ അറിയിച്ചു. ഇതോടെ പുറത്തുനിന്നവര്‍ മുദ്രാവാക്യവും കൂക്കുവിളികളുമായി മുന്നോട്ടാഞ്ഞു. ഉന്തിലും തള്ളിലും രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ജീവനക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സിനിമ ആരംഭിക്കാന്‍ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോഴും ഡെലിഗേറ്റുകളെ പ്രവേശിപ്പിക്കാന്‍ തയാറാകാഞ്ഞതോടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായി. ഇവരെ പൊലീസ് തടഞ്ഞതോടെ ചിലര്‍ തിയറ്റര്‍ പരിസരത്ത് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്തു. തുടര്‍ന്ന് എല്ലാവരെയും പ്രവേശിപ്പിക്കാന്‍ അക്കാദമി ചെയര്‍മാന്‍ രാജീവ്നാഥ് അനുമതി നല്‍കി.
ഫുക്കുഷിമ ന്യൂക്ളിയര്‍ പ്ളാന്‍റിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന മിക്കി, ആന്‍ഡു ദമ്പതികളുടെ കഥപറയുന്ന ചിത്രമാണ് കൊറിയന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘സ്റ്റോപ്’. ഗര്‍ഭിണിയായ മിക്കിയെയും കൊണ്ട് ടോക്യോവിലേക്ക് ചേക്കേറുന്ന ആന്‍ഡുവിന് തുടര്‍ന്ന് അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. ശക്തമായ പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും മികവ് പുലര്‍ത്തുന്നതാണ് ‘സ്റ്റോപ്‘ എന്ന് ഡെലിഗേറ്റുകള്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.