തിരുവനന്തപുരം: ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ‘ടാക്സി’ നിയമം ലംഘിച്ചാണ് നിരത്തിലിറങ്ങിയതെങ്കിലും അതിൽ ഇടം പിടിക്കാനായിരുന്നു പ്രതിനിധികളുടെ ഓട്ടം. രാത്രി മഴയും മഞ്ഞും കൊണ്ട് നിശാഗന്ധിയിൽനിന്ന് പുറപ്പെട്ട ‘ടാക്സി’യിൽ കയറാൻ നീണ്ട ക്യൂവായിരുന്നു. ആധുനിക ഇറാനെ അടയാളപ്പെടുത്തുകയാണ് മോഷണം തടയാൻ കാറിെൻറ ഡാഷ്ബോർഡുകളിൽ ഘടിപ്പിക്കുന്ന കാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച ടാക്സി. രാജ്യത്തിനുപുറത്ത് കടക്കാനും സിനിമ നിർമിക്കാനും വിലക്കുള്ള പനാഹിയുടെ ‘ടാക്സി’ അതീവ രഹസ്യമായാണ് അതിർത്തി കടന്നത്. തിരക്കേറിയ തെഹ്റാൻ നഗരത്തിലൂടെ മഞ്ഞനിറമുള്ള ടാക്സി ഓടിക്കുകയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ജാഫർ പനാഹി. കാറിൽ കയറുന്ന യാത്രക്കാരും സുഹൃത്തുക്കളുമായി പനാഹിയുടെ സംഭാഷണങ്ങളും മറ്റ് യാത്രക്കാരുടെ രസകരമായ അനുഭവങ്ങളുമാണ് സിനിമ.
ചിത്രീകരണം നടക്കുന്നതറിയാതെ അവർ നടത്തുന്ന സംഭാഷണങ്ങൾ പലപ്പോഴും സ്വാതന്ത്ര്യങ്ങളിലേക്കും വിലക്കുകളിലേക്കും രസകരമായ സംഭാഷണങ്ങളിലേക്കും നീങ്ങുന്നുണ്ട്. പലതരത്തിലുള്ള യാത്രക്കാർ കയറുന്ന ടാക്സിയിൽ മിക്കവരും ഡ്രൈവറുടെ പേരുവിളിച്ചാണ് സംസാരിക്കുന്നത്. ഇതിനിടെ, ഷോർട്ട് ഫിലിം തയാറാക്കാൻ സഹായം തേടി പനാഹിയുടെ മരുമകൾ കാറിൽ കയറുന്നു. ഷോർട്ട് ഫിലിം എങ്ങനെ നിർമിക്കണമെന്നുമൊക്കെയുള്ള ടീച്ചറുടെ നിർദേശങ്ങളും വിലക്കുകളും സിനിമാ ചിത്രീകരണത്തിൽ രാജ്യത്ത് നിലനിൽക്കുന്ന നിയന്ത്രണങ്ങളെ പറഞ്ഞ് തരുന്നുണ്ട്. വിലക്കേർപ്പെടുത്തിയ ശേഷമുള്ള ‘ക്ലോസ്ഡ് കർട്ടൻ’, ‘ദിസ് ഈസ് നോട്ട് എ ഫിലിം’ എന്നിവക്കുശേഷമുള്ള ചിത്രമാണിത്. മുൻ ചിത്രങ്ങൾ വീടിനകത്താണെങ്കിൽ ഇക്കുറി കാമറയുമായി തെരുവിലേക്കിറങ്ങുകയാണ്.
പനാഹി കൂടുതൽ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നെന്ന സൂചനയും ചിത്രം നൽകുന്നുണ്ട്. 65ാമത് ബെർലിൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബെയർ പുരസ്കാരം സ്വന്തമാക്കിയാണ് ഇക്കുറി മേളയിലെത്തിയത്. രാജ്യത്തിന് പുറത്തുകടക്കാൻ വിലക്കുള്ളതിനാൽ ചിത്രത്തിലെ അഭിനേതാവ് കൂടിയായ ഹനാ സെയ്ദി കണ്ണീരോടെയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.