തിരുവനന്തപുരം: സിനിമയുടെ വസന്തകാലമൊരുക്കിയ 20ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച നിശാഗന്ധിയിൽ തിരിതാഴും. 178 സിനിമകളുമായെത്തിയ മേളയുടെ സമാപനച്ചടങ്ങുകൾ വൈകീട്ട് ആറിന് ആരംഭിക്കും. ചടങ്ങിൽ വിവിധ അവാർഡുകളും പ്രഖ്യാപിക്കും. ഇക്കൊല്ലത്തെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഐ.എഫ്.എഫ്.കെ അവാർഡ് പ്രശസ്ത ഇറാനിയൻ സംവിധായകൻ ദാർയൂഷ് മഹ്റൂജിക്ക് സമ്മാനിക്കും.
മികച്ച രാജ്യാന്തര സിനിമക്കുള്ള സുവർണചകോരം, മികച്ച സംവിധായകനും നവാഗത സംവിധായകനും പ്രേക്ഷകരുടെ സിനിമക്കും നൽകുന്ന രജതചകോരങ്ങൾ, ഫെഫ്കയുടെ നേരത്തേ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ മാസ്റ്റേഴ്സ് അവാർഡ്, ഫിപ്രസി, നെറ്റ്പാക് അവാർഡുകൾ, മികച്ച തിയറ്ററിനുള്ള രണ്ട് അവാർഡ്, മികച്ച റിപ്പോർട്ടിങ്ങിനുള്ള മാധ്യമ അവാർഡുകൾ എന്നിവയാണ് ചടങ്ങിൽ സമ്മാനിക്കുക.
മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, മന്ത്രി വി.എസ്. ശിവകുമാർ എന്നിവർ പങ്കെടുക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ ടി.രാജീവ് നാഥ് 20ാമത് ചലച്ചിത്രമേളയിലെ അവാർഡ് പ്രഖ്യാപനം നടത്തും. പുരസ്കാരങ്ങൾ ഗവർണർ വിതരണം ചെയ്യും. ദാർയൂഷ് മഹ്റൂജി മറുപടി പ്രസംഗം നടത്തും. സുവർണചകോരം ലഭിച്ച ചിത്രത്തിെൻറ പ്രദർശനം സമാപനച്ചടങ്ങിനുശേഷം നിശാഗന്ധിയിൽ നടക്കും. ഫിപ്രസി അവാർഡ് ലഭിച്ച ചിത്രം ടാഗോർ തിയറ്ററിലും നെറ്റ്പാക് അവാർഡ് ലഭിച്ച ചിത്രം കലാഭവനിലും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.