ലോസാഞ്ചലസ്: ഒാസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിക്ക് മികച്ച സൗണ്ട് എഡിറ്റിങ്ങിനുള്ള ഗോൾഡൻ റീൽ പുരസ്കാരം. 'ഇന്ത്യാസ് ഡോട്ടർ' എന്ന ഡോക്യുമെന്‍ററിയുടെ സൗണ്ട് എഡിറ്റിങ്ങിലാണ് പൂക്കുട്ടിക്ക് പുരസ്കാരം ലഭിച്ചത്. 63മത് ഗോൾഡൻ റീൽ പുരസ്കാരത്തിന്‍റെ ബെസ്റ്റ് മോഷൻ പിക്ചർ സൗണ്ട് ആൻഡ് മ്യൂസിക് എഡിറ്റിങ് വിഭാഗത്തിലാണിത്.
പുരസ്കാര നേട്ടം നിർഭയയുടെ ആത്മാവിന് സമർപ്പിക്കുന്നതായി റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ യുവജനങ്ങൾക്ക് ആവേശം നൽകുന്ന നേട്ടമാണിതെന്നും പൂക്കുട്ടി പറഞ്ഞു. ലോസാഞ്ചലസിലെ വെസ്റ്റിൻ ബൊനാവെൻച്യുർ ഹോട്ടലിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.
2012 ഡിസംബർ 12ന് ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കഥ പറയുന്ന ഡോക്യുമെന്‍ററിയാണ് ‘ഇന്ത്യാസ് ഡോട്ടർ’. ബി.ബി.സിക്കായി ലെസ്‌ലി ഉഡ് വിനാണ് സംവിധാനം നിർവഹിച്ചത്. വിദേശ സിനിമ വിഭാഗത്തിൽ രാജ് അമിത് കുമാർ സംവിധാനം ചെയ്ത സ്വവർഗരതി പ്രമേയമായ ‘അൺ ഫ്രീഡം’ എന്ന ഹ്രസ്വ സിനിമക്കും ഗോൾഡൻ റീൽ നോമിനേഷൻ ഉണ്ടായിരുന്നു. ഇന്ത്യാസ് ഡോട്ടറിനും അൺ ഫ്രീഡത്തിനും ഇന്ത്യയിൽ പ്രദർശന വിലക്കുണ്ട്.
സൗണ്ട് എഡിറ്റിങ് രംഗത്ത് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായ ഗോൾഡൻ റീൽ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് റസൂൽ പൂക്കുട്ടി. 1953ൽ സ്ഥാപിച്ച മോഷൻ പിക്ചർ സൗണ്ട് എഡിറ്റേഴ്സാണ് പുരസ്കാരം നൽകുന്നത്. 2009ൽ സ്ലംഡോഗ് മില്യനെയർ എന്ന ചിത്രത്തിലെ സൗണ്ട് എഡിറ്റിങ്ങിന് റസൂൽ പൂക്കുട്ടിക്ക് ഒാസ്കർ പുരസ്കാരവും ബഫ്റ്റ പുരസ്കാരവും ലഭിച്ചിരുന്നു.
Is it true that I really got it....it's for the true spirit of the youth of India. This goes to Nirbhaya's soul..! pic.twitter.com/8ziq8mK7Zp
— resul pookutty (@resulp) February 28, 2016
And the Golden Reel goes to.... pic.twitter.com/cveHza7hJo
— resul pookutty (@resulp) February 28, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.