ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള ജനുവരി 28 മുതല്‍

എട്ടാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ബംഗളൂരു, മൈസൂരു നഗരങ്ങള്‍ ഒരേസമയം വേദിയാകും. ജനുവരി 28 മുതല്‍ ഫെബ്രുവരി നാലുവരെയാണ് മേള. ആദ്യമായാണ് ബംഗളൂരുവിന് പുറത്ത് ഒരു നഗരം മേളക്ക് വേദിയാകുന്നത്. ഏഴു ദിവസത്തെ മേളയില്‍ 61 രാജ്യങ്ങളില്‍നിന്നുള്ള 170 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് മേളയുടെ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നത്. ഏഷ്യന്‍ സിനിമ, ഇന്ത്യന്‍ സിനിമ, കന്നട സിനിമ എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരങ്ങള്‍.

ബംഗളൂരു വിധാന്‍ സൗധക്ക് സമീപം 28ന് വൈകീട്ട് ഉദ്ഘാടന ചടങ്ങ് നടക്കും. പ്രതിനിധികള്‍ക്കുള്ള പ്രദര്‍ശനം 29ന് തുടങ്ങും. സമാപന ചടങ്ങും പുരസ്കാര വിതരണവും നാലിന് വൈകീട്ട് മൈസൂരുവിലാണ് നടക്കുന്നത്. മേളയുടെ ചരിത്രത്തില്‍ ആദ്യമായി സിനിമകളുടെ പ്രദര്‍ശനം ഇത്തവണ ഒരു മേല്‍ക്കൂരക്കുകീഴിലാണ് നടക്കുക. ബംഗളൂരുവിലെ പ്രദര്‍ശനം രാജാജിനഗറിലെ ഒറിയോന്‍ മാളിലുള്ള പി.വി.ആര്‍ സിനിമാസിലാണ്. ഇവിടെ ഒരേ സമയം 11 സ്ക്രീനുകളില്‍ പ്രദര്‍ശനം നടക്കും. മൈസൂരു നഗരത്തില്‍ മാള്‍ ഓഫ് മൈസൂരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐനോക്സ് സിനിമാസില്‍ നാലു സ്ക്രീനുകളിലാണ് പ്രദര്‍ശനം.  

മുന്‍ വര്‍ഷത്തേതിനു സമാനമായി സമകാലിക ലോക സിനിമ, കണ്‍ട്രി ഫോക്കസ് (മെക്സിക്കോ, ഇറാന്‍, തുര്‍ക്കി), ഡയറക്ടേഴ്സ് റെട്രോസ്പെക്ടീവ്സ്, ആര്‍ട്ടിസ്റ്റ് റെട്രോസ്പെക്ടീവ്സ്, ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാര ജേതാക്കളുടെ സിനിമകള്‍ (മൃണാള്‍ സെന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍), ട്രിബ്യൂട്ട്സ് എന്നീ വിഭാഗങ്ങളിലും പ്രദര്‍ശനം നടക്കും. ഡോക്യുമെന്‍ററി സിനിമ വിഭാഗത്തില്‍ ഇത്തവണ പ്രത്യേക പ്രദര്‍ശനമുണ്ടാകും. ബെര്‍ലിന്‍, കാന്‍സ്, ടൊറന്‍േറാ, ഗോവ, മുംബൈ, കേരളം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമകളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്  സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മേളയിലേക്കുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച തുടങ്ങും. ഓണ്‍ലൈന്‍ വഴിയും രജിസ്ട്രേഷന്‍ നടത്താം. മുതിര്‍ന്നവര്‍ക്ക് 600 രൂപയും വിദ്യാര്‍ഥികള്‍ക്ക് 300 രൂപയുമാണ് ഫീസ്. മന്ത്രിയും ഓര്‍ഗനൈസിങ് കമ്മിറ്റി എക്സിക്യൂട്ടിവ് ചെയര്‍മാനുമായ റോഷന്‍ ബെയ്ഗ്, പ്രമുഖ നടിയും നിയമനിര്‍മാണ കൗണ്‍സില്‍ അംഗവുമായ ജയമാല, പി.ആര്‍.ഡി വകുപ്പ് സെക്രട്ടറി ഡോ. എന്‍.എസ്. ചെന്നപ്പ ഗൗഡ, പ്രമുഖ സംവിധായകന്‍ ഗിരീഷ് കാസറവള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.