ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതവും അവകാശവും പ്രതിപാദിക്കുന്ന 'മാധ്യമം' ന്യൂസ് ഫോട്ടോഗ്രാഫര്‍ പി. അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെന്‍ററി 'അവളിലേക്കുള്ള ദൂര'ത്തിന്‍റെ ആദ്യ പ്രദർശനം തിങ്കളാഴ്ച. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പ്രസ്ക്ലബിലെ ടി.എന്‍.ജി മെമ്മോറിയല്‍ ഫോര്‍ത്ത് സ്റ്റേറ്റ് ഹാളില്‍ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് പ്രദർശനം ഉദ്ഘാടനം ചെയ്യും.
മലയാളികളായ ഒരു ട്രാന്‍സ് ജന്‍ഡര്‍ കുടുംബത്തിന്‍റെ ജീവിതം ആവിഷ്കരിക്കുകയാണ് 'അവളിലേക്കുള്ള ദൂരം'. അവര്‍ നേരിടുന്ന പ്രതിസന്ധികളും കുടുംബവുമായുള്ള ബന്ധവും എല്ലാം സ്വന്തം വാക്കുകളിലൂടെ പ്രേക്ഷകരോട് പങ്കുവെക്കുന്നു. സെലിബ്രിറ്റികളായ സൂര്യയും ഹരിണിയും തങ്ങളുടെ ‘ട്രാന്‍സ്’ ജീവിതത്തെ കുറിച്ച് മറയില്ലാതെ തുറന്നു പറയുന്നതിലൂടെ കേരളത്തില്‍ ട്രാന്‍സ് ജന്‍ഡര്‍ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്കാണ് ഡോക്യുമെന്‍ററി വിരല്‍ ചൂണ്ടുന്നത്.
ആശയവും സംവിധാനവും പി. അഭിജിത്ത്. നിര്‍മാണം ശോഭില, ക്യാമറ ബി.ആര്‍. റോബിന്‍, എഡിറ്റിങ് അമല്‍ജിത്ത്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ കെ. ജില്‍ജിത്ത്, അജയ് മധു, സംഗീതം എസ്. അജിത്കുമാര്‍, സൗണ്ട് മിക്സിങ് മിഥുന്‍ മുരളി, പരസ്യകല ടി. ശിവജി കുമാര്‍, സബ്ടൈറ്റില്‍സ് എം. അയ്യപ്പന്‍.
2002 മുതല്‍ ന്യൂസ് ഫോേട്ടാഗ്രാഫി രംഗത്ത് പ്രവർത്തിക്കുന്ന കോഴിേക്കാട് സ്വദേശിയായ പി. അഭിജിത്ത് 2008ല്‍ മാധ്യമം ദിനപത്രത്തിന്‍റെ ഭാഗമായി. ഒമ്പത് വര്‍ഷമായി ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം പ്രമേയമാക്കി ചിത്രങ്ങളെടുക്കുന്നു. 2007 മുതല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഈ വിഷയത്തില്‍ ഫോട്ടോ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. 2010ല്‍ ഫോട്ടോ ആല്‍ബം പുറത്തിറക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരെ കുറിച്ചുള്ള ചിത്രങ്ങള്‍ കൂട്ടിയിണക്കി 2015ല്‍ ‘ട്രാന്‍സ്’ ഫോട്ടാ ഡോക്യുമെന്‍ററി പുറത്തിറക്കി. ഫോട്ടാഗ്രാഫിക്കും ഫോട്ടാ ഡോക്യുമെന്‍ററിക്കും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.