നടന്‍ ശ്രീജിത്ത് രവിക്കെതിരായ പരാതി: പൊലീസിന്‍െറ വീഴ്ചകള്‍ അന്വേഷിക്കും

ഒറ്റപ്പാലം: നടന്‍ ശ്രീജിത്ത് രവിയുമായി ബന്ധപ്പെട്ട കേസില്‍ പത്തിരിപ്പാലയിലെ സ്കൂള്‍ പ്രിന്‍സിപ്പലിന്‍െറ പരാതി ലഭിച്ചിട്ടും അന്വേഷണം വൈകിപ്പിച്ചതുള്‍പ്പെടെ പൊലീസിന്‍െറ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ അന്വേഷിച്ച് ജില്ലാ കലക്ടര്‍ക്ക് അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ്.

ആഗസ്റ്റ് 27ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതി അവഗണിച്ച പൊലീസിനെതിരെ ആരോപണവുമായി സ്കൂളില്‍നിന്ന് ചിലര്‍ കലക്ടറെ കണ്ടിരുന്നു. ഇതേതുടര്‍ന്ന് കലക്ടര്‍ ഒറ്റപ്പാലം സബ് കലക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന പരാതിയില്‍ നടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

സബ് കലക്ടര്‍ വ്യാഴാഴ്ച സ്കൂളിലത്തെി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് മൊഴി എടുത്ത ശേഷമാണ് പൊലീസ് രംഗത്തുവന്നത്. ഒറ്റപ്പാലം സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് സിവില്‍ പൊലീസ് ഓഫിസര്‍ പരാതിക്കാരോട് മോശമായി പെരുമാറിയും ഭീഷണിപ്പെടുത്തിയും കേസ് ഒതുക്കി തീര്‍ക്കാനും നടനെ സംരക്ഷിക്കാനും ശ്രമിക്കുന്നുണ്ടെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.

മൊഴിയെടുപ്പിലും പ്രാഥമികാന്വേഷണത്തിലും സബ് കലക്ടര്‍ക്ക് മുന്നിലും ഇതേ ആരോപണം പരാതിക്കാര്‍ ഉന്നയിച്ചതായാണ് വിവരം. സബ് കലക്ടര്‍ സ്കൂളിലത്തെി മൊഴിയെടുത്ത ശേഷമാണ് പൊലീസ് അന്വേഷണത്തിനായി സ്കൂളിലത്തെിയത്. നടനെ കസ്റ്റഡിയിലെടുക്കുന്നതിലും അമാന്തിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.