നേരത്തെ ലിസി മാത്രമാണ് വിവാഹ മോചനത്തിന് ഹരജി നൽകിയിരുന്നത്. തുടർന്ന് മദ്രാസ് ഹൈകോടതി ഇരുവരേയും ഒന്നിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്നാണ് രണ്ടു പേരും പരസ്‌പര സമ്മതത്തോടെ ചെന്നൈ കുടുംബ കോടതിയിൽ വിവാഹ മോചനത്തിന് ഹർജി നൽകുകയായിരുന്നു.
മോചന ഉടന്പടി പ്രകാരം ചെന്നൈ നുങ്കമ്പക്കം ലേക്ക് ഏരിയയിലെ ഗുഡ്‌ലക്ക് പ്രിവ്യു തിയേറ്റർ (ഫോർ ഫ്രെയിംസ്) ലിസിക്ക് ലഭിക്കും. അതേസമയം ഫോർഫ്രെയിംസ് മിക്‌സിംഗ് സ്‌റ്റുഡിയോ പ്രിയദർശന് ലഭിക്കും. ചെന്നൈ നുങ്കമ്പാക്കം വീരഭദ്ര അയ്യർ സ്ട്രീറ്റിലെ വീടിന്റെ അവകാശം പൂർണമായും പ്രിയദർശനാണ്. സിംഗപ്പൂരിൽ ഇരുവരുടെയും പേരിലുള്ള വസ്തു വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുക തുല്യമായി ഭാഗിക്കും. ആറ് കോടി രൂപ മതിക്കുന്ന വസ്തുവാണിത്. കൊച്ചി മറൈൻ ഡ്രൈവിൽ ദേവ പ്രോജക്‌ട് ലിമിറ്റഡിന്റെ ഫ്ളാറ്റ് ലിസിക്ക് കൈമാറാമെന്ന് പ്രിയൻ സമ്മതിച്ചിട്ടുണ്ട്. ഈ ഫ്ളാറ്റിന്റെ നിർമാതാവിന് നൽകാൻ ബാക്കിയുള്ള തുക ലിസിയായിരിക്കും നൽകുക. തിരുവനന്തപുരം ഗ്രാൻഡ് മോട്ടോഴ്‌സ് സെയിൽസ് കോർപ്പറേഷനിൽ തനിക്കുള്ള ഓഹരികൾ പ്രിയൻ ലിസിക്ക് കൈമാറാനും.
ലിസി പുറത്തു വിട്ട പ്രസ്താവനയുടെ പൂർണരൂപം:
''പ്രിയദർശനുമായുള്ള എന്റെ ദാന്പത്യബന്ധം ഇന്ന് അവസാനിച്ചു. ചെന്നൈയിലെ കുടുംബ കോടതിയിൽ അവസാന പേപ്പറും ഞങ്ങൾ ഇരുവരും ഒപ്പുവച്ചു. ഇത് വല്ലാത്തൊരു അഗ്നിപരീക്ഷയായിരുന്നു. അടുത്തിടെ ബോളിവുഡ് താരം ഋത്വിക് റോഷനും സൂസെയനും വേർപിരിഞ്ഞു. മഞ്ജു വാര്യരും ദിലീപും പിരിഞ്ഞു, അമല പോളും തമിഴ് സംവിധായകൻ വിജയും തമ്മിൽ പിരിഞ്ഞു. ഇതെല്ലാം പരസ്‌പര സമ്മതത്തോടെയായിരുന്നു. ഇത്തരമൊരു സാഹചര്യം ദമ്പതിമാർക്ക് വേദനാജനകമാണ്. എന്നാൽ, അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നപ്പോഴും അവർ പരസ്‌പരം ബഹുമാനിച്ചിരുന്നു. എന്നാൽ, ഞങ്ങളതിനൊരു അപവാദമാണ്. ഞങ്ങൾക്കിടയിലുള്ള ഭിന്നതകൾ പലപ്പോഴും മോശമായ വാദപ്രതിവാദത്തിൽ പോലും എത്തി. വിവാഹ മോചന നടപടികളിലുണ്ടായ ഈ മോശമായ സമീപനം തന്നെ ഞങ്ങളുടെ വിവാഹബന്ധം എങ്ങനെ ആയിരുന്നു എന്ന് വിളിച്ചു പറയുന്നുണ്ട്. എന്തായാലും ഞാനിപ്പോൾ ആശ്വാസവതിയാണ്. ദീർഘവും ബുദ്ധിമുട്ടേറിയതുമായ പാതയിവിടെ അവസാനിച്ചിരിക്കുകയാണ്. എനിക്കൊപ്പം നിന്ന സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അഭിഭാഷകർക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. തന്നോട് ദയ കാണിച്ച മാദ്ധ്യമ പ്രവർത്തകരോടും നന്ദിയുണ്ട്. സ്‌നേഹവും പിന്തുണയും തന്ന രണ്ട് മക്കളോടും കടപ്പെട്ടിരിക്കുന്നു. എല്ലാത്തിനുപരി ദൈവത്തോടും നന്ദി പറയുന്നു''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.