തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ രണ്ടാം പ്രതിയാക്കി അന്വേഷണസംഘം ഇൗമാസം ആറിന് കുറ്റപത്രം സമർപ്പിക്കും. ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് ഇൗമാസം എട്ടിന് 90 ദിവസം തികയുമെന്നതിനാൽ അതിന് മുമ്പായി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. എട്ടിന് ഞായറാഴ്ച ആയതിനാൽ പരമാവധി ഏഴിനകം കുറ്റപത്രം സമർപ്പിക്കും. പിഴവുകൾ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിെൻറ നീക്കം. പൾസർ സുനി എന്ന സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കിയും നടൻ ദിലീപിനെ രണ്ടാം പ്രതിയാക്കിയുമാകും കുറ്റപത്രം. മറ്റ് എത്ര പ്രതികളുണ്ടാകുമെന്ന കാര്യം വ്യക്തമല്ല. കുറ്റപത്രം സമർപ്പിച്ചാലും കേസിൽ ചിലപ്പോൾ കൂടുതൽ അറസ്റ്റുണ്ടാകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. പ്രമുഖ നടൻ ഉൾപ്പെട്ട കേസായതിനാൽ കേസിെൻറ വിചാരണക്കായി പ്രത്യേക കോടതി സജ്ജമാക്കണമെന്ന ആവശ്യവും പൊലീസ് മുന്നോട്ടുവെക്കും. സുരക്ഷപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാകും പൊലീസ് ഇൗ ആവശ്യം ഉന്നയിക്കുക. മുമ്പ് ജാമ്യം ഉൾപ്പെടെ കാര്യങ്ങളിൽ ദിലീപിനെ കോടതിയിൽ ഹാജരാക്കുന്നതിൽനിന്ന് കോടതി ഒഴിവാക്കിയതും ഇതേ സുരക്ഷകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു. ആ സാഹചര്യത്തിൽ പ്രേത്യക വിചാരണകോടതി സംവിധാനം എന്ന ആവശ്യം കോടതി അംഗീകരിക്കാനാണ് സാധ്യത.
തീവ്രവാദക്കേസുകൾ, പീഡനക്കേസുകൾ എന്നിവക്കായി പ്രത്യേക കോടതികൾ അനുവദിച്ച സാഹചര്യമുള്ളതിനാൽ ഇക്കാര്യത്തിലും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ. കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ആറംഗസംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് ദിലീപിന് കേസിലുള്ള ഗൂഢാലോചനയിലെ പങ്ക് സംബന്ധിച്ച വിവരം പുറത്തുവന്നതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും. ഗൂഢാലോചനക്കുറ്റമാണ് പ്രധാനമായും ചുമത്തിയിട്ടുള്ളതെങ്കിലും ഇതിന് പിന്നിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്ന പോരായ്മയും കുറ്റപത്രം സമർപ്പിക്കുേമ്പാൾ പൊലീസിന് മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.