കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലില്‍ ദിലീപും നാദിര്‍ഷായും നല്കിയ മൊഴികളില്‍ വൈരുധ്യം. ദിലീപ്, നാദിർഷ എന്നിവർക്കൊപ്പം കാവ്യ മാധവന്റെ അമ്മയേയും പൊലീസ് ചോദ്യം ചെയ്യും. ചില ശാസ്ത്രീയ തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. മൂവരിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ, പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, നാദിര്‍ഷാ എന്നിവരടക്കം പള്‍സര്‍ സുനി ബന്ധപ്പെട്ട നാല് പേരുടെ ഫോണ്‍ രേഖകളാണ് പൊലീസ് പരിശോധിക്കുന്നത്. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്ന ഫെബ്രുവരി 17 വരെ പള്‍സര്‍ സുനി ബന്ധപ്പെട്ടവരുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. 26 ഫോണ്‍ നമ്പറുകളാണ് നിരീക്ഷണത്തില്‍ ഉള്ളത്.
പള്‍സര്‍ സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണി തിരിച്ച് വിളിച്ചതായും തെളിവ് ലഭിച്ചു. എന്നാല്‍ ഇത് താനല്ല ദിലീപാണ് വിളിച്ചതെന്ന് അപ്പുണ്ണി മൊഴി നല്‍കിയതായാണ് സൂചന. അപ്പുണ്ണിയെയും നാദിര്‍ഷയെയും കൂടാതെ ഒരു സ്ത്രീ അടക്കം സുനി വിളിച്ച രണ്ട് പേര് കൂടി പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്.
അതേസമയം ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഇക്കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും ഡി.ജി.പി പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിന് ശരിയായ ദിശയിലാണെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.