തൃശൂർ/കുന്നംകുളം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ‘മാഡത്തിന് പങ്കുണ്ടെ’ന്ന ആരോപണത്തിൽനിന്ന് മലക്കം മറിഞ്ഞ് പ്രതി പൾസർ സുനി. ചൊവ്വാഴ്ച കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനെത്തിയപ്പോഴാണ് സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്ന് സുനി പറഞ്ഞത്. കഴിഞ്ഞ ദിവസം വരെ സംഭവത്തിൽ മാഡത്തിന് പങ്കുണ്ടെന്ന നിലപാടെടുത്ത സുനി, കഴിഞ്ഞ 16ന് അങ്കമാലി കോടതിയിൽ ഹാജരാക്കുമ്പോൾ വെളിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു.
അങ്കമാലി കോടതിയിൽ ഹാജരാക്കാതിരുന്നതിനെ തുടർന്ന് കോടതിയിൽ എഴുതി നൽകുമെന്നും സുനിതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ‘മാഡം’ അവതരിപ്പിക്കപ്പെട്ടത് ദിലീപിൽനിന്ന് കേസ് തിരിച്ചുവിടാനുള്ള തന്ത്രമായിരുന്നുവെന്നായിരുന്നു പൊലീസിെൻറ വാദം. കഴിഞ്ഞ 16ന് മുമ്പ് ആലുവ സബ്ജയിലിൽ കഴിയുന്ന വി.ഐ.പി മാഡം ആരെന്ന് പറഞ്ഞില്ലെങ്കിൽ താൻ വെളിപ്പെടുത്തുമെന്ന സുനിലിെൻറ വെല്ലുവിളിയോടെയാണ് നടി ആക്രമണക്കേസിൽ മാഡത്തിെൻറ പങ്ക് വീണ്ടും ചർച്ചയായത്.
അതേസയമം, തന്നെ അറിയില്ലെന്ന് നടി കാവ്യാമാധവൻ പൊലീസിന് മൊഴി നൽകിയത് കളവാണ്. കാവ്യാമാധവന് തന്നെ വ്യക്തമായി അറിയാം. കാവ്യ പലപ്പോഴും പണം തന്നിട്ടുണ്ട്. താൻ പലപ്പോഴും അവരുടെ പണം തട്ടിയെടുത്തിട്ടുമുണ്ട്. മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് മാഡത്തിന് പങ്കില്ലെന്നും സുനി പറഞ്ഞു. കാക്കനാട് ജയിലിൽ ജീവനക്കാരും തടവുകാരും മർദിക്കുന്നതിനാൽ ജയിൽ മാറ്റണമെന്ന അപേക്ഷയെ തുടർന്ന് വിയ്യൂർ ജയിലിലാണ് ഇപ്പോൾ സുനി.
അങ്കമാലി കോടതിയിൽ 30ന് വീണ്ടും സുനിയെ ഹാജരാക്കും. അന്ന് കേസിലെ വി.ഐ.പിയുടെ പേര് എഴുതി നൽകുമെന്നാണ് സുനി പറഞ്ഞിരുന്നത്. അതിനിടെ കാവ്യയല്ല മാഡമെന്ന് സുനി വ്യക്തമാക്കുന്നതിന് പിന്നിൽ സമ്മർദമുണ്ടെന്നാണ് സൂചന. അങ്കമാലി കോടതിയിൽ പൾസർ 30ന് രഹസ്യമൊഴി നൽകുമെന്നാണ് സൂചന. അതിൽനിന്ന് പൾസറിനെ പിന്തിരിപ്പിക്കാൻ അണിയറയിൽ നീക്കമുണ്ടെന്നും സൂചനയുണ്ട്.
റിമാൻഡിൽ കഴിയുന്ന ദിലീപിെൻറ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നതിനിടെയാണ് നിർണായകമെന്ന് കരുതിയിരുന്ന ‘മാഡം’ പങ്കിൽ പൾസറിെൻറ മലക്കം മറിച്ചിൽ. കാവ്യാമാധവെൻറ ഡ്രൈവർ ആയിരുന്നോ പൾസർ സുനി എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ രണ്ടുമാസം കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു.
പൾസർ സുനി നൽകിയ മൊഴിയിൽ താൻ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നൽകിയ മൊഴി. കനത്ത സുരക്ഷയിലാണ് പൾസറിനെ കുന്നംകുളം കോടതിയിൽ ഹാജരാക്കിയത്.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സുനി പ്രതികരിക്കുന്നത് തടയാൻ സുരക്ഷ പൊലീസ്
ഏറെ ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.