കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽബോഡി യോഗത്തിെൻറ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനം താരങ്ങളും മാധ്യമപ്രവർത്തകരും തമ്മിൽ വാക്പോരിന് വേദിയായി. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് താരങ്ങളെ ചൊടിപ്പിച്ചത്. ഭരണകക്ഷി എം.എൽ.എമാർ കൂടിയായ മുകേഷും ഗണേഷ്കുമാറും രോഷം നിറഞ്ഞ മറുപടികളുമായി മാധ്യമങ്ങളെ നേരിട്ടപ്പോൾ വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹൻലാലും മൗനം പാലിച്ചു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10.30ന് ആരംഭിച്ച ജനറൽബോഡി യോഗം മൂന്നുമണി വരെ നീണ്ടു. തുടർന്നായിരുന്നു വാർത്തസമ്മേളനം. അമ്മ പ്രസിഡൻറ് ഇന്നസെൻറ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്തസമ്മേളനം അവസാനിപ്പിക്കാനൊരുങ്ങെവ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ആരംഭിച്ചു.
വിഷയം അംഗങ്ങളാരും യോഗത്തിൽ ഉന്നയിച്ചില്ലെന്നും അതിനാൽ ചർച്ചയായില്ലെന്നും ഇന്നസെൻറ് വിശദീകരിച്ചെങ്കിലും കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ മറുപടിയുമായി ഒരേസമയം മുകേഷും ഗണേഷ്കുമാറും ദേവനും എഴുന്നേറ്റു. ദിലീപിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ചിലരുടെ ശ്രമത്തെക്കുറിച്ച ചോദ്യത്തോട് ഏറെ രൂക്ഷമായാണ് മുകേഷ് പ്രതികരിച്ചത്. ഒറ്റപ്പെടുത്തിയെങ്കിൽ എങ്ങനെയാണ് ദിലീപ് ഇവിടെ ഇരിക്കുന്നതെന്നും ഇത്തരം അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്നും മുകേഷ് പറഞ്ഞു. എന്താണ് നടന്നതെന്ന് ഞങ്ങൾക്കെല്ലാം അറിയാം. ക്ഷമയുടെ അവസാനത്തിലാണ് തങ്ങളെന്നും അദ്ദേഹം മാധ്യമപ്രവർത്തകർക്ക് നേരെ കൈചൂണ്ടി പറഞ്ഞു. ഇതോടെ ബഹളമായി.
ഇതിനിടെ, എല്ലാവർക്കും നാലുമണിക്ക് മറ്റൊരു പരിപാടിക്ക് പോകാനുള്ളതിനാൽ ചായകുടിച്ച് പിരിയാമെന്ന് മണിയൻപിള്ള രാജു മൈക്കിലൂടെ അറിയിച്ചതോടെ ചായ കുടിക്കാനല്ല തങ്ങൾ വന്നതെന്നും കാര്യങ്ങൾ വിശദീകരിക്കാനല്ലെങ്കിൽ എന്തിനാണ് വാർത്തസമ്മേളനം വിളിച്ചതെന്നുമായി മാധ്യമപ്രവർത്തകർ. തുടർന്ന് സംസാരിച്ചത് ഗണേഷ്കുമാറാണ്. വിഷയത്തിൽ സംഘടന ഒറ്റക്കെട്ടാണ്. ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലാൻ ശ്രമിച്ചാൽ നടക്കില്ല. ദിലീപും ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ മക്കളാണ്. അവരെ സംരക്ഷിക്കുകതന്നെ ചെയ്യും.
നിങ്ങൾ എത്ര തലകുത്തി മറിഞ്ഞാലും അവരെ വേട്ടയാടാൻ വിട്ടുതരില്ലെന്ന് ഗണേഷ്കുമാർ പറഞ്ഞപ്പോൾ സദസ്സിലിരുന്ന താരങ്ങൾ കരഘോഷം മുഴക്കി. ദിലീപിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്ന് ദേവനും പ്രതികരിച്ചു. ആക്രമിക്കപ്പെട്ട നടിയും വനിത താരങ്ങളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന മഞ്ജു വാര്യരും യോഗത്തിനെത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.