തൃശൂർ: വിവാദമായ ചാലക്കുടിയിലെ ഡി-സിനിമാസ് ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഉടമസ്ഥനായ നടൻ ദിലീപിന് നോട്ടീസ്. ജില്ല സർവെ സൂപ്രണ്ട് ആണ് ദിലീപ് അടക്കം ഏഴു പേർക്ക് നോട്ടീസ് അയച്ചത്. കൂടാതെ ഈ മാസം 27ന് ഡി-സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താനും റവന്യു വകുപ്പ് തീരുമാനിച്ചതായി വിവരം.
ഡി-സിനിമാസ് സർക്കാർ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കിൽ തിരിച്ചു പിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഭൂമി സംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ല കലക്ടർ ഡോ. എ. കൗശിഗൻ മന്ത്രിക്ക് കൈമാറിയിരുന്നു. പുറമ്പോക്കുഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ (മുൻ മുകുന്ദപുരം താലൂക്കിന്‍റെ ഭാഗം) കിഴക്കെ ചാലക്കുടി വില്ലേജിൽ 680/1, 681/1 എന്നീ സർവേ നമ്പറിലെ വസ്തുവാണ് ഗോപാലകൃഷ്ണൻ എന്ന നടൻ ദിലീപ് വാങ്ങിയത്. സർക്കാർവക ഭൂമിയിൽ കൃത്രിമ ആധാരങ്ങൾ ഉണ്ടാക്കി അനധികൃത നിർമാണം നടത്തുന്നുവെന്നായിരുന്നു ജില്ലാ കലക്ടർക്ക് ആദ്യം ലഭിച്ച പരാതി. സർക്കാർവക തോടും ദേവസ്വം ഭൂമിയും കൈയേറിയെന്നും പരാതിക്കരാനായ കെ.സി സന്തോഷ് ചൂണ്ടിക്കാട്ടിയിരുന്നു.
കൊച്ചി രാജവംശത്തിലെ വലിയ തമ്പുരാൻ വക വസ്തുക്കളാണ് സർവേ നമ്പർ 680ൽ ഉൾപ്പെട്ടസ്ഥലം. അത് ശ്രീധരമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻെറ ഊട്ടുപുര നിന്നിരുന്ന സ്ഥലമാണ്. സർവേ നമ്പർ 680/1 ലെ സ്ഥലം തോട് പുറമ്പോക്കാണ്. ഇപ്പോൾ ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്. റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് 680/1ൽ നിന്ന് 23 സെന്‍റ് സർക്കാർ ഏറ്റെടുത്തിരുന്നു. ബാക്കി വസ്തു ക്ഷേത്രവുമായി ബന്ധമില്ലാതെ കിടന്നു. ആ ഭൂമിക്ക് കള്ള പ്രമാണമുണ്ടാക്കി കൈയേറ്റം നടത്തിയെന്നായിരുന്നു കലക്ടർക്ക് നൽകിയ പരാതിയിൽ സന്തോഷ് ചൂണ്ടിക്കാണിച്ചത്.
പരാതിയിൽ അന്നത്തെ കലക്ടർ എം.എസ്. ജയ നടപടി സ്വീകരിക്കാത്തതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു മാസത്തിനകം കലക്ടർ അന്വേഷണം നടത്തി തീർപ്പ് കൽപ്പിക്കണമെന്നായിരുന്നു 2013 ജൂലൈ മൂന്നിലെ കോടതി ഉത്തരവ്. അതോടെ ജില്ലാ ഭരണകൂടം ചലിച്ചു തുടങ്ങി. ഈ സർവേ നമ്പരുകളിൽ പുറമ്പോക്ക് വസ്തുക്കളില്ലെന്ന് സർവേയർ റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിൽ 2013 ജൂലൈ 24ന് കലക്ടർ എം.എസ് ജയ ദിലീപിന് അനുകൂലമായി ഉത്തരവും ഇറക്കി.
ഈ ഉത്തരവ് ഇറക്കുമ്പോൾ കലക്ടറുടെ മേശപ്പുറത്ത് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ചാലക്കുടി അഡീഷണൽ തഹസിൽദാരുടെ റിപ്പോർട്ട് കൂടി ഉണ്ടായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. ബി.ടി.ആർ രേഖകൾ പ്രകാരം പണ്ടാരവക പാലിയത്ത് പുത്തൻ കോവിലകത്തിെൻറ 17.5 സെന്‍റും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിെൻറ 17.5 സെൻറ് ഭൂമിയും അദ്ദേഹം കണ്ടത്തി.
സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം തോട് പുറമ്പോക്കായി 35 സെൻറ് സ്ഥലവുമുള്ളതായി തഹസിൽദാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ റിപ്പോർട്ട് അട്ടിമറിച്ച് ‘തോട് പുറമ്പോക്കിൽ ഉൾപ്പെടുന്ന ഭൂമിയല്ല’ എന്ന സർവേയറുടെ റിപ്പോർട്ടിൻെറ മാത്രം അടിസ്ഥാനത്തിൽ കലക്ടർ എം.എസ്.ജയ പരാതി തള്ളി ഉത്തരവിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.