കൊച്ചി: ദിലീപ് അഭിനയിച്ച് പൂർത്തീകരിച്ചതും പൂർത്തീകരിക്കാനിരിക്കുന്നതുമായ സിനിമകളെല്ലാം പ്രതിസന്ധിയിലാെണന്ന് നിർമാതാക്കളുടെ സംഘടന. നിർമാണം പൂർത്തിയാക്കി റിലീസ് തീയതി നിശ്ചയിച്ച ‘രാമലീല’ ഉടൻ റിലീസ് ചെയ്യേണ്ടെന്നും കൊച്ചിയിൽ ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു.
ഇതിനകം വൻ തുക ചെലവഴിച്ച് ചിത്രീകരണം പാതിവഴിയിലായ ചിത്രങ്ങളുടെയും ദിലീപ് കരാർ ഒപ്പിട്ട മറ്റ് ചിത്രങ്ങളുടെയും കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് ആലോചിച്ച് തീരുമാനിക്കും. ആക്രമണത്തിന് ഇരയായ നടിക്ക് പൂർണ പിന്തുണ നൽകാനും പ്രസിഡൻറ് സുരേഷ്കുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നടിക്കെതിരായ പരാമർശം നടത്തിയ നിർമാതാവ് സജി നന്ത്യാട്ട് യോഗത്തിൽ ഖേദം പ്രകടിപ്പിച്ചു. അതിനിടെ, ദിലീപ് പ്രസിഡൻറായി രൂപവത്കരിച്ച തിയറ്റർ ഉടമസംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഒാർഗനൈസേഷൻ ഒാഫ് കേരള (ഫിയോക്) പ്രസിഡൻറായി ആൻറണി പെരുമ്പാവൂരിനെ തെരഞ്ഞെടുത്തു.
കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ദിലീപിനെ പ്രസിഡൻറുസ്ഥാനത്തുനിന്ന് നീക്കാനും സംഘടനയിൽനിന്ന് പുറത്താക്കാനും കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. എ ക്ലാസ് തിയറ്റർ ഉടമസംഘമായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷെന തകർത്താണ് ദിലീപിെൻറ നേതൃത്വത്തിൽ ഫിയോക് രൂപവത്കരിച്ചത്. നിർമാതാവും സംവിധായകനും ആവശ്യപ്പെട്ടാൽ ‘രാമലീല’ പ്രദർശിപ്പിക്കാനും ധാരണയായി.
അതേസമയം, നേതൃമാറ്റം അടക്കം ചർച്ചചെയ്യാൻ ലക്ഷ്യമിട്ട് വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന അമ്മ എക്സിക്യൂട്ടിവ് യോഗം മാറ്റിവെച്ചു. ആശുപത്രിയിലായതിനാൽ പ്രസിഡൻറ് ഇന്നസെൻറിന് പെങ്കടുക്കാൻ സാധിക്കാത്തതിനാലാണ് യോഗം മാറ്റിയതെന്ന് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.