കൊച്ചി: ഹിമാലയത്തിലെ കശ്മലൻ എന്ന പുതുമുഖ ചിത്രത്തോട് തീയറ്ററുടമകൾക്ക് മുഖം തിരിക്കുന്നതായി അണിയറപ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംവിധാനം മുതൽ അഭിനയം വരെ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രമാണ് ഹിമാലയത്തിലെ കശ്മലൻ. റിലീസിങിന് ശേഷം മികച്ച പ്രതികരണം കിട്ടിയിട്ടും തിയേറ്ററുടമകൾ തങ്ങളെ തഴയുകയാണെന്ന് അവർ വ്യക്തമാക്കി.
പുതുമുഖചിത്രങ്ങൾക്ക് ആൾ വരില്ലെന്നതാണ് തിയേറ്ററുകാർ പറയുന്ന ന്യായം. സിനിമയെ കുറിച്ച് പഠിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു ചിത്രം വെളളിത്തിരയിൽ എത്തിച്ചത്. 36 കേന്ദ്രങ്ങളിൽ ശനിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ മിക്ക തീയറ്ററുകളിലും രാവിലെ 11 മണിയുടെ ഷോയാണ് നൽകിയിരിക്കുന്നത്. റഗുലർ ഷോ വരുന്ന രണ്ടോ മൂന്നോ തീയറ്ററുകൾ മാത്രമാണ് ഉളളത്.
സൂപ്പർതാര ചിത്രങ്ങൾക്ക് വേണ്ടി വിതരണക്കാർ തങ്ങളുടെ ചിത്രത്തെ തഴയുകയാണ്. താരതമ്യേന ആള് കുറവായ സമയമായിട്ടും രാവിലെ നടത്തിയ ഒരു ഷോയിൽ മാത്രം ഒരു തിയേറ്ററിൽ 7000 ത്തോളം രൂപ ലഭിച്ചിരുന്നു. ഇത് സിനിമ ആളുകൾ സ്വീകരിച്ചെന്നതിന് തെളിവാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെ സിനിമ വൈകുന്നേരങ്ങളിൽ പ്രദർശിപ്പിക്കണം. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രത്തിന് പ്രചരണം കിട്ടുന്നുണ്ടെങ്കിലും ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ തീയറ്ററുടമകളും സംഘടനകളും സഹായിക്കുന്നില്ലെന്ന് സംവിധായകൻ അഭിരാം സുരേഷ് ഉണ്ണിത്താൻ പറഞ്ഞു.
സിനിമയുടെ പോസ്റ്ററുകളും പ്രതിസന്ധിയിലാണ്. പോസ്റ്ററുകൾ അടിക്കാൻ കൊടുത്തെങ്കിലും ഇതുവരെ ഒട്ടിക്കാൻ പോസ്റ്റർ സംഘടനകളും തയ്യാറായിട്ടില്ല. സോപാനം എൻറർടൈമെൻറ് ആണ് സിനിമയുടെ വിതരണക്കാർ. തിരക്കഥാകൃത്ത് നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ എന്നിവരും മറ്റ് അണിയറപ്രവർത്തകരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.