കോഴിക്കോട്: ചലച്ചിത്രങ്ങളില്‍ പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത് പുരുഷന്‍െറ കാഴ്ചപ്പാടിലെ സ്ത്രീ പ്രശ്നങ്ങളാണെന്ന് കല്‍പ്പറ്റ നാരായണന്‍. ലോകത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെ മൊത്തം പ്രതിനിധിയാണ് സ്ത്രീ. ഭക്തിവ്യാപാരത്തിലെ പ്രധാന ഉപഭോക്താക്കള്‍ സ്ത്രീകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നും രണ്ടാം നിരയിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘ഷി ബിലീവ്സ്’ ഡോകുമെന്‍ററി സിനിമയുടെ പ്രഥമ പ്രദര്‍ശനത്തോടൊപ്പം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീയെ സമൂഹത്തിന്‍െറ മുന്‍നിരയിലേക്ക് നയിക്കുന്നതില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഏറെയൊന്നും മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒരു ന്യൂനപക്ഷം സ്ത്രീകള്‍ മതവും സമൂഹവും സൃഷ്ടിച്ചുവെച്ച വേലിക്കെട്ടുകള്‍ പൊളിച്ച് സ്വന്തം ജീവിതം നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴും ഭൂരിഭാഗവും ഒതുങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതായാണ് പുതിയ കാലത്തുപോലും കാണുന്നത്- അദ്ദേഹം പറഞ്ഞു.
പുരുഷന്‍െറ പിന്നില്‍ നില്‍ക്കേണ്ടവളാണ് സ്ത്രീയെന്ന പുരുഷന്‍ പറഞ്ഞുപഠിപ്പിച്ച പാഠം പിന്തുടരുകയാണ് പെണ്‍കുട്ടികളെന്ന് കെ. അജിത പറഞ്ഞു. സ്ത്രീക്ക് ശക്തിപകരാനുള്ള കൂട്ടായ്മകള്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ട്- അവര്‍ അഭിപ്രായപ്പെട്ടു.
ചിത്രകാരിയും കവയിത്രിയുമായ ഷിംനയാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്തത്. കാമറ എം.ജെ. രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, അനില്‍ സണ്ണി, ശ്രീരാം രമേശ് എന്നിവരും സംഗീതം ജോണ്‍ പി. വര്‍ക്കിയും നിര്‍വഹിക്കുന്നു. മാമാമിയ പ്രൊഡക്ഷന്‍ ആണ് നിര്‍മാണം. അരയിടത്തുപാലം ഓറിയന്‍റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ‘സിനിമാ പാരഡൈസോ’ മിനി തിയറ്ററായറ്ററിലാണ് പ്രദര്‍ശനം നടന്നത്.
പ്രദര്‍ശനത്തിനു ശേഷം നടന്ന സംവാദത്തില്‍ കെ. അജിത, കല്‍പ്പറ്റ നാരായണന്‍, സിവിക് ചന്ദ്രന്‍ എന്നിവര്‍ക്കു പുറമെ മലബാര്‍ ടൂറിസം കണ്‍സോര്‍ട്ടിയം ചെയര്‍മാന്‍ ഡോ. മുഹമ്മദ് മുനവ്വര്‍, കവി ഒ.പി. സുരേഷ്, ശൈലന്‍, എം. കുഞ്ഞാപ്പ, അപര്‍ണ ശിവകാമി, ബൈജു മേരിക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
സംവിധായിക ഷിംന മറുപടി പറഞ്ഞു. ഷാഹിന കെ. റഫീഖ് മോഡറേറ്ററായി. ഓറിയന്‍റല്‍ ഫിലിം സൊസൈറ്റിയാണ് പ്രദര്‍ശനവും സംവാദവും സംഘടിപ്പിച്ചത്. ഡിസംബര്‍ 4ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വഴുതക്കാട് കലാഭവന്‍ തിയറ്ററിലും ഡിസംബര്‍ 23ന് 5.30ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലും ചിത്രം പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.