തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിക്കുന്നതിനെതിരെ രംഗത്തുവന്നതിനെ തുടർന്ന് സൈബർ ആക്രമണം നേരിടുന്നുവെന്ന് സംവിധായകൻ ഡോ.ബിജു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്ത് നിന്നുള്ള ചിലരുടെയും ഭാഗത്ത് നിന്ന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയുമാണ് വരുന്നത്. അതിനാൽ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.
താരങ്ങളുടെ അനുയായികൾക്കെതിരെ കേസ് നൽകിയിട്ട് കാര്യമില്ലെന്ന് അറിയാം. ആയതിനാൽ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുക മാത്രമേ മാർഗമുള്ളു. ടെലിഫോണിൽ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെയുമുണ്ട്. സാംസ്കാരിക കേരളത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് മേൽ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വർണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോൾ അവർ പൂർണ്ണമായും ഒറ്റപ്പെടുന്നു. സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങൾ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുതെന്നും ബിജു ഫേസ്ബുക്കിൽ കുറിച്ചു.
ഡോ. ബിജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
എന്‍റെ പേരിൽ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്..അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്.താരങ്ങളുടെ അനുയായികൾ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തിൽ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാൽ ഇതേ ഉള്ളൂ മാർഗ്ഗം. ടെലിഫോണിൽ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്. സാംസ്കാരിക കേരളത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് മേൽ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വർണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോൾ അവർ പൂർണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കൾച്ചറൽ ഫാസിസം ഈ നാട്ടിൽ ഇല്ലല്ലോ.
ഇത് പേഴ്‌സണൽ പ്രൊഫൈൽ ആണ്.ഇവിടെ വല്ലപ്പോഴും ഉണ്ടാകും . സുഹൃത്തുക്കളോട് മാത്രം സംവദിച്ചാൽ മതിയല്ലോ. ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങൾ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.