തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദേശപ്രകാരം ചരക്കുസേവനനികുതി (ജി.എസ്.ടി) ഏർപ്പെടുത്തുന്നതോടെ മലയാള സിനിമക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ചലച്ചിത്ര പ്രവർത്തകർക്ക് ഉറപ്പുനൽകി. ഇരട്ടനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമ്മ പ്രസിഡൻറും എം.പിയുമായ ഇന്നസെൻറ്, മുകേഷ് എം.എൽ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, നടനും തിയറ്റർ ഉടമകളുടെ പ്രതിനിധിയുമായ ദിലീപ്, നിർമാതാക്കളായ സുരേഷ്കുമാർ, മണിയൻപിള്ള രാജു, രജപുത്ര രഞ്ജിത്ത്, സെവൻ ആർട്സ് വിജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച മന്ത്രിയെ സന്ദർശിച്ചത്.
ജി.എസ്.ടി നടപ്പാക്കുമ്പോൾ ചലച്ചിത്രമേഖലക്ക് 28 ശതമാനം അധികനികുതി നൽകേണ്ടിവരും. ഇതിനുപുറമേയാണ് തദ്ദേശസ്ഥാപനങ്ങൾ വിനോദനികുതി ഈടാക്കുന്നത്. ഇത് സിനിമ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിനിധിസംഘം മന്ത്രിയെ അറിയിച്ചു. തുടർന്നാണ് വിനോദനികുതി ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചത്.
പരാജയപ്പെടുന്ന സിനിമക്ക് ഒടുക്കിയ ജി.എസ്.ടി അടുത്ത സിനിമയുടെ നികുതിയിൽ പരിഗണിക്കാമെന്നും ധനമന്ത്രി ഉറപ്പുനൽകി. വിനോദനികുതി ഒഴിവാക്കുന്നതിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് നഷ്ടംവരുമെന്ന ആശങ്കവേണ്ട. ഈ നഷ്ടം സർക്കാർ നികത്തും. ഇക്കാര്യം അഞ്ചാം ധനകമീഷന് വിടുമെന്നും ധനമന്ത്രി പറഞ്ഞു. ഇരട്ടനികുതി നൽകേണ്ടിവന്നാൽ സിനിമ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് പോകും. സർക്കാർ തീരുമാനം അനുസരിച്ചാണ് ഇരട്ടനികുതി ഒഴിവാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ആദ്യമായാണ് ഒരു ധനമന്ത്രി ഒരുനിമിഷംകൊണ്ട് തങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയതെന്നും മറ്റൊരു സംസ്ഥാനത്തിനും ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇന്നസെൻറ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരായ കെ.ടി. ജലീൽ, എ.കെ. ബാലൻ എന്നിവരേയും ചലച്ചിത്രപ്രവർത്തകർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.