ആഷിഖ് അബു നുണകൾ ആവർത്തിക്കുന്നു -ഫെഫ്ക

കൊച്ചി: ഫെഫ്കയുടെ കാരണം കാണിക്കൽ കൈപറ്റി ആറുമാസം കഴിഞ്ഞിട്ടും മറുപടി തരാത്ത സംവിധായകൻ ആഷിഖ് അബു ഫേസ്ബുക്കിൽ നുണ ആവർത്തിക്കുകയാണെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂനിയൻ. ആഷിഖ് അബുവിന്‍റെ ആരോപണങ്ങൾക്ക് തെളിവ് സഹിതമാണ് ഫെഫ്ക രംഗത്ത് വന്നിരിക്കുന്നത്. സാൾട്ട്‌ ആന്‍റ് പെപ്പർ എന്ന ചിത്രത്തിന്‍റെ പകർപ്പവകാശ വിഹിതം വാങ്ങി തന്ന വകയിൽ ആഷിഖ് അബുവിനോടും തിരക്കഥാകൃത്തുക്കളോടും 20% സർവ്വിസ്‌ ചാർജ്ജ്‌ ഫെഫ്ക്ക ആവശ്യപ്പെട്ടുവെന്ന ആരോപണം കള്ളമാണെന്നും ചട്ടപ്പടി 10% മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഫെഫ്ക ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഫെഫ്ക ആഷിഖ് അബുവിന്‍റെ കത്തും പുറത്തുവിട്ടിട്ടുണ്ട്. 

ഫെഫ്കയുടെ കുറിപ്പ്:

പ്രിയ ആഷിക്ക് അബു,

സംഘടനയുടെ കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റി ആറുമാസം കഴിഞ്ഞിട്ടും മറുപടി തരാത്ത താങ്കൾ ഫെഫ്കക്കയുടെ തുറന്ന കത്തിന് മണിക്കൂറുകൾക്കുള്ളിൽ മറുപടി തന്നു എന്നതിൽ തന്നെ താങ്കൾക്ക്‌ സംഘടനയോടുള്ള സമീപനം വ്യക്തമാണ്‌. പക്ഷെ, അപ്പോഴും താങ്കൾ ചെയ്യുന്നത്‌ നുണകൾ ആവർത്തിക്കുക എന്നത്‌ മാത്രമാണ്‌.

നുണ 1: സാൾട്ട്‌ ആന്റ്‌ പെപ്പർ എന്ന ചിത്രത്തിന്റെ പകർപ്പവകാശ വിഹിതം വാങ്ങി തന്ന വകയിൽ താങ്കളോടും തിരക്കഥാകൃത്തുക്കളോടും 20% സർവ്വിസ്‌ ചാർജ്ജ്‌ ഫെഫ്ക്ക ആവശ്യപ്പെട്ടു.

സത്യം: ഫെഫ്‌ക്ക ചട്ടപ്പടി താങ്കളോട്‌ ആവശ്യപ്പെട്ടത്‌ 10% മാത്രം. താങ്കൾക്കയച്ച കത്തിന്റെ പകർപ്പ്‌ താഴെ കൊടുക്കുന്നു.

നുണ 2: മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ അഭിമുഖത്തിൽ ഫെഫ്ക്ക താങ്കളോട്‌ 20% കമ്മീഷൻ വാങ്ങിയെന്നു പറയുന്നു. ഇത്‌ നുണയായിരുന്നു, താങ്കളുടെ ചെക്ക്‌ ഫെഫ്ക്ക താങ്കൾക്ക്‌ തന്നെ മടക്കിയെന്നും ഒരു രൂപ പോലും ഫെഫ്ക്ക താങ്കളോട്‌ വാങ്ങിയിട്ടില്ലെന്നും കഴിഞ്ഞ ദിവസത്തെ മറുപടിയിലൂടെ താങ്കൾ സമ്മതിക്കുന്നുണ്ട്‌. പിന്നെന്തിനായിരുന്നു, അഭിമുഖത്തിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയത്‌? ഈ വിഷയത്തിൽ താങ്കൾ ആത്മപരിശോധന നടത്തുമെന്ന് കരുതുന്നു.

നുണ 3. 
കമ്മിഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ താങ്കൾ ശ്രീ. സിബി മലയിലും ശ്രീ.ബി ഉണ്ണിക്കൃഷ്ണനുമായി കലഹിച്ചിരുന്നുവത്രെ!

സത്യം: താങ്കൾ ഫെഫ്കയിൽ അടക്കാനുള്ള 10% എന്ന തുകയെ കുറിച്ചോർമ്മിപ്പിക്കാനായി ഫെഫ്ക ഓഫിസിൽ നിന്ന് താങ്കളെ വിളിച്ചപ്പോൾ, താങ്കൾ ശ്രീ.സിബി മലയിലിനെ ഫോണിൽ വിളിച്ച്‌‌ അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. താങ്കൾ ഈ ഇനത്തിൽ കൊടുക്കുന്ന തുക യൂണിയൻ ചിലവഴിക്കുന്നത്‌ ജോലിയില്ലാത്ത, വരുമാനമില്ലാത്ത അംഗങ്ങൾക്ക്‌ നൽകുന്ന പെൻഷനും ചികിത്സാ-മരണാനന്തര സഹായങ്ങൾക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക്ക ഇടപെട്ട്‌ വാങ്ങിതന്ന തുകയിൽ നിന്നും ഒരു രൂപാ പോലും പൂർണ്ണ മനസ്സോടെ താങ്കൾ തരാൻ തയ്യാറായില്ല. അതുകൊണ്ട്‌ തന്നെ, താങ്കൾ "വിഷമിച്ച്‌" അയച്ചു തന്ന ചെക്ക്‌ താങ്കൾക്ക്‌ തന്നെ യാതൊരു പരിഭവുമില്ലാതെ യൂണിയൻ തിരിച്ചയച്ചു തന്നു. തങ്കളോ, ആ തുക എന്തിനുവേണ്ടിയാണ്‌ ചിലവഴിക്കപ്പെടുക എന്നൊരു വിചാരവുമില്ലാതെ അത്‌ കൈപറ്റുകയും ചെയ്തു.

നുണ 3. 
ഫെഫ്‌ക്ക, ശ്യാം പുഷ്ക്കരൻ ദിലീഷ്‌ നായർ എന്നീ തിരക്കഥാകൃത്തുക്കളോട്‌‌ 20% കമ്മീഷൻ വാങ്ങിയത്രെ.

സത്യം

തിരക്കഥാകൃത്തുക്കളായ ശ്രീ ശ്യാം പുഷ്കരനും ശ്രീ ദിലീഷ് നായർക്കും അന്യഭാഷാ അവകാശമായി പ്രൊഡ്യൂസറിൽ നിന്നും ഏറെ നീണ്ട നാളത്തെ ശ്രമഫലമായി ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ വീതം രണ്ട് പേർക്കും ഫെഫ്ക വാങ്ങി കൊടുത്തപ്പോൾ ഇരുവരും സ്വമേധയാ സന്തോഷപൂർവ്വം തൊഴിലാളി സംഘടനയുടെ ക്ഷേമ പ്രവർത്തനങ്ങളിലേക്ക് 5% ആയ മുപ്പത്തി മൂവ്വായിരത്തി എഴുന്നൂറ്റി അമ്പത് രൂപ വീതം അടച്ചു. സമാന സന്ദർഭങ്ങളിൽ ഇതുപോലെ പണം നൽകി സംഘടനയെ സഹായിച്ച ധാരാളം അംഗങ്ങളുണ്ട്. ശ്രീ. സിദ്ദിഖ്‌, ശ്രീ.ഉദയകൃഷ്ണൻ, ശ്രീ കലവൂർ രവികുമാർ, ശ്രീ വി കെ പ്രകാശ് തുടങ്ങി ചില പേരുകൾ സന്ദർഭവശാൽ സ്മരിക്കുന്നു.

നുണ 4.

ഡാഡി കൂൾ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സഹസംവിധായകനായിട്ടല്ല സംവിധായകനായിട്ട് തന്നെയാണ് പൊതുസമൂഹവും ചലച്ചിത്ര ലോകവും താങ്കളെ പരിഗണിച്ചത്. പുതുമുഖ സംവിധായകരെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ള മലയാളിക്ക് അത്രയും തിരിച്ചറിവില്ലെന്നാണോ താങ്കൾ കരുതുന്നത്..?

മറ്റൊരു സംഘടന ആ സിനിമയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി ലൊക്കേഷനിൽ ആക്രമണം അഴിച്ചുവിട്ടപ്പോൾ (ആ സംഘടന ഏതാണെന്ന് താങ്കൾക്കിപ്പോൾ 100% ഉറപ്പില്ല?!! അത്‌ ഒരു സൗകര്യപ്രദമായ മറവിയാണ്‌..!!) ചിത്രീകരണം പൂർത്തിയാക്കാൻ ഫെഫ്ക നൽകിയ പൂർണപിന്തുണയും സുരക്ഷയും ഇപ്പോൾ അംഗീകരിക്കണമെങ്കിൽ അന്ന് ആക്രമണത്തിന് നേതൃത്വം നൽകിയ സംഘത്തിന്റെ നേതാവ് സത്യവാങ്മൂലം നൽകണമെന്ന താങ്കളുടെ വിചിത്ര വാദം ഈ വിഷയത്തിൽ താങ്കൾ പുലർത്തുന്ന അസത്യ പ്രചാരണങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ്.

ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും സാമ്പത്തിക പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്ക കാലത്ത് സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ അംഗങ്ങൾ രശീതി വാങ്ങി പ്രവർത്തന ഫണ്ടിലേക്ക് സ്വമേധയാ സംഭാവനകൾ നൽകുന്ന പതിവ് ട്രേഡ് യൂണിയൻ ചരിത്രത്തിന്റെ ഭാഗമാണ്. ശരിയായ ദിശക്ക് രാഷ്ട്രീയ ശിക്ഷണം ലഭിച്ചവർക്ക് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമായി വരില്ല. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവർത്തിക്കുന്ന ഈ രീതി അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചത്.

നുണ 5.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ അഭിമുഖത്തിൽ, പ്രസ്തുത വിഷയത്തിന്റെ വിശദീകരണത്തിനിടയിൽ, തെന്നിന്ത്യൻ സിനിമയിലെ പുരോഗമന ആശയങ്ങളുടെ ശക്തനായ പ്രതിനിധി ചലച്ചിത്ര നടൻ ശ്രീ പ്രകാശ് രാജിനെ താങ്കൾ വിശേഷിപ്പിച്ചത് ചതിയനും വഞ്ചകനും ആയിട്ടാണ്. എന്നാൽ, താങ്കൾ ഫെഫ്കക്ക്‌ തന്ന പരാതിയിൽ പ്രകാശ് രാജിനെ കുറിച്ച് പരാമർശമുണ്ടായിരുന്നില്ല, പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഫെഫ്ക്ക ഒരിക്കൽ പോലും ശ്രീ പ്രകാശ് രാജുമായി ഇടപെട്ടിട്ടുമില്ല. ഫെഫ്ക്ക ആശയവിനിമയം നടത്തിയതും താങ്കൾക്ക്‌ പണം വാങ്ങി തന്നതും Lucsam Creations -ൽ നിന്നാണ്‌. പിന്നെന്തിനാണ് ശ്രീ.പ്രകാശ്‌ രാജിനെ ഇതിലേക്ക്‌ വലിച്ചിഴക്കുന്നത്‌?

ഇങ്ങനെയെല്ലാം പ്രവർത്തിച്ച താങ്കളെ യൂണിയനിൽ നിന്ന് അകറ്റി നിറുത്തുകയല്ല ഫെഫ്ക്‌ നേതൃത്വം ചെയ്തത്‌. പകരം, സംഘടനയെ മനസ്സിലാക്കാനും പ്രവർത്തനങ്ങളുമായി അടുത്തിടപെടാനും അതിന്റെ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനും അന്ന് പുതുതായി നിലവിൽ വന്ന ശ്രീ കമലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ താങ്കൾ മുമ്പ്‌ അപമാനിച്ച ശ്രീ.സിബി മലയലിന്റെ നിർദ്ദേശപ്രകാരം, താങ്കളെ അംഗമാക്കി. പക്ഷെ താങ്കൾ കമ്മറ്റികളിൽ പോലും വരാറില്ലായിരുന്നു. വന്നിരുന്നുവെങ്കിൽ താങ്കൾ ഫെഫ്കക്ക് എതിരെ നിരന്തരം വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുന്നയിക്കുമ്പോൾ, 
ഓരോ മാസവും ഈ സംഘടനയുടെ പെൻഷനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സിനിമ പ്രവർത്തകരുടെയെങ്കിലും ദൈന്യമുഖം മനസ്സിൽ വന്നേനെ. അങ്ങിനെയുള്ള ഒരുപാട് പേരുടെ ജീവിതത്തിലെ കരുതലും സംഘടനാ ബോധവുമാണ് പ്രിയ അംഗമെ, ഫെഫ്ക എന്ന ഈ തൊഴിലാളി സംഘടന.

ഫെഫ്കയോട് വിയോജിപ്പുള്ളത് കൊണ്ട് വിട്ടുനിന്നു എന്ന് പറയുന്ന താങ്കൾ ഒരൊറ്റ വിയോജിപ്പെങ്കിലും എന്നെങ്കിലും ഏതെങ്കിലും കമ്മറ്റിയിൽ അറിയിച്ചിട്ടുണ്ടോ..?

ഒരു ഫെഫ്ക അംഗം അടക്കേണ്ട വാർഷിക വരിസംഖ്യ 500 രൂപയാണ് എല്ലാ അംഗങ്ങൾക്കും ഓരോ വർഷവും മൂവ്വായിരത്തി അഞ്ഞൂറ് രൂപയോളം പ്രിമീയം വരുന്ന മെഡിക്കൽ ഇൻഷുറൻസ് വർഷങ്ങളായി സൗജന്യമായി നൽകുന്നു, പെൻഷൻ പദ്ധതി, അടിയന്തിര ചികിത്സാ സഹായം, കേന്ദ്ര സംസ്ഥാന ക്ഷേമ നിധികളിൽ അംഗങ്ങളെ ചേർക്കുവാൻ വേണ്ട സഹായങ്ങൾ, പ്രതിഫല, തൊഴിൽ തർക്ക പരിഹാരം, മരണാനന്തരം അംഗങ്ങളുടെ കുടുംബത്തിന് നൽകുന്ന ഒരു ലക്ഷം രൂപ തുടങ്ങി ഓരോ മാസവും വൻതുക ക്ഷേമപ്രവർത്തനങ്ങൾക്ക് ഫെഫ്ക കണ്ടെത്തുന്നത് അംഗങ്ങൾ നൽകുന്ന മെമ്പർഷിപ്പ് തുകയിൽ നിന്നും ലെവിയിൽ നിന്നുമാണ്.

പ്രശ്നം പരിഹരിക്കാൻ സംഘടനയെ സമീപിക്കാതെ ഏതെങ്കിലും കൊട്ടേഷൻ സംഘത്ത ഏൽപ്പിച്ചിരുന്നെങ്കിൽ കമ്മീഷൻ കുറഞ്ഞു കിട്ടിയേനെ എന്ന് കൊട്ടേഷൻ സംഘങ്ങളുടെ ശതമാന കണക്ക് ഉദ്ധരിച്ചു കൊണ്ട് മാതൃഭൂമി അഭിമുഖത്തിൽ താങ്കൾ പരിഹസിക്കുന്നുണ്ട്. 
ഗുണ്ടകൾക്ക് കൊടുത്താലും തൊഴിലാളി വർഗ്ഗത്തിന് കിട്ടരുത്, എന്നതാണോ താങ്കളുടെ നിലപാട്‌?

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ദിലീപിനെ ആദ്യം പുറത്താക്കുന്ന സംഘടന ഫെഫ്കയാണെന്നും, കോടതിയിൽ ദിലീപ് നിരപരാധിത്വം തെളിയിച്ചാൽ മാത്രമെ അതിൽ പുനഃവിചിന്തനം ഉണ്ടാകൂ എന്നും ദൃഢ നിശ്ചയത്തോടെ ഫെഫ്ക പ്രഖ്യാപിച്ചതാണ്. അംഗങ്ങളും പൊതു സമൂഹവും ആ തീരുമാത്തോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുമ്പോൾ സംഘടന മൗനം പാലിക്കുന്നുവെന്ന ആരോപണം താങ്കൾ ദുരുദ്ദേശത്തോടെ ആവർത്തിക്കുന്നു. ഫെഫ്ക വേദികളിലും ഫെഫ്ക അംഗങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിലും ഈ വിഷയത്തിൽ സജീവമായ ചർച്ചകൾ നടന്നപ്പോൾ ആ ഗ്രൂപ്പിൽ ഉണ്ടായിട്ട് പോലും ഒരു വാക്ക് കൊണ്ട് പോലും എന്തേ താങ്കൾ പ്രതികരിക്കാത്തത്‌? ഇന്ത്യൻ ജുഡീഷ്യറിയിലും കേരള സർക്കാരിലും വിശ്വാസമർപ്പിച്ച്, അതിജീവനത്തിന്റെ പോരാട്ട മുഖമായ ആ പെൺകുട്ടിക്കൊപ്പം പ്രസ്തുത വിഷയത്തിലെ തുടർ നടപടികൾക്കായി ഞങ്ങളും കാത്തിരിക്കുകയാണ്.

ഫെഫ്കയ്ക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ചില ഭാഗങ്ങളിൽ നിന്ന് ഉയരുമ്പോൾ ഞങ്ങൾ മറുപടി നൽകി സമയം പാഴാക്കാറില്ല. ആ നേരം കൂടി ക്രിയാത്മകമായി വിനിയോഗിക്കുക എന്നതാണ് ഫെഫ്കയുടെ പ്രവർത്തന രീതി.

ഇതാ ഇവിടെ ഒരു സംവിധായകൻ കൂലിപ്പണി ചെയ്ത് ജീവിക്കുന്നു, സിനിമാ സംഘടനകൾ കൊണ്ട് എന്ത് കാര്യം.., എവിടെയവർ എന്നൊക്കെ മുറവിളി കൂട്ടി,
അന്തരിച്ച സംവിധായകൻ എം കെ മുരളിധരന്റെ ജീവിതം മാധ്യമങ്ങൾ ആഘോഷിച്ചപ്പോൾ ഫെഫ്ക എവിടെയും വിളിച്ചു പറഞ്ഞിട്ടില്ല അദ്ദേഹത്തിന് വർഷങ്ങളായി ഞങ്ങൾ പെൻഷൻ നൽകുന്നുണ്ടെന്ന സത്യം.

നിപ്പ പനി ബാധിത സമയത്ത് കോഴിക്കോട് പേരാമ്പ്രയിലെ അദ്ദേഹത്തിന്റെ വാടക വീട്ടിലെത്തി ഫെഫ്കയുടെ ഭാരവാഹികൾ മരണാനന്തര സഹായമായ ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് നേരിട്ട് കൈമാറുമ്പോഴും ആ വിവരം ഞങ്ങൾ മാധ്യമങ്ങളിൽ ആഘോഷിച്ചിട്ടില്ല. ഇതുപോലെ നൂറുകണക്കിന് കാര്യങ്ങൾ പറയാനുണ്ടാകും എന്നാൽ അതിനു ഞങ്ങൾ തയ്യാറല്ല.

കാരണം സംഘടന പ്രവർത്തനം എന്നത് ഞങ്ങൾക്ക് വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള സൂത്രപ്പണിയല്ല; വ്യാജപ്രതിച്ഛായാ നിർമ്മിതിയുമല്ല. തൊഴിലിനോടും സഹപ്രവർത്തകരോടും പുലർത്തുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും കാതലും കരുത്തുമുള്ള തൊഴിലാളി വർഗ്ഗ സംഘടനാ ബോധമാണ്.

ചലച്ചിത്ര പ്രവർത്തകരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമപ്രവർത്തനങ്ങൾക്ക് മാത്രമല്ല ഒരു സിനിമ ചിത്രീകരണം പൂർത്തിയാക്കി റിലീസ് ചെയ്യുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളിൽ ഫെഫ്ക്കയുടെ സേവനം സമയബന്ധിതമായി ചലച്ചിത്ര രംഗം ഉപയോഗപ്പെടുത്തുന്നു. ഒപ്പം സഹകരിക്കുന്ന ഇതര സംഘടനകളെ കൂടി ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

ആഷിക്ക് അബുവിന്റെ തന്നെ ആദ്യ സിനിമയായ ഡാഡികൂളിന്റെ പ്രതിഫലയുമായി ബന്ധപ്പെട്ട് ആ ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടർ അരസകുമാർ FEFSI (തമിഴ് നാട്ടിലെ ചലച്ചിത്ര സംഘടന) വഴി തന്ന പരാതിയും മെസ്സ് കോൺട്രാക്ടർ ജോമോൻ ജോർജ്, ആർട്ട് ഡയറക്ടർ സാബു കൊല്ലം, സംവിധായകനായ താങ്കളും, ക്യാമറാമാൻ സമീർ താഹിറും, എഡിറ്റർ സാജനും, പ്രൊഡക്ഷൻ കൺട്രോളർ സഫീർ സേട്ടും പരാതി നൽകുകയും അത് ഫെഫ്ക ഇടപെട്ട് പരിഹരിച്ച് നൽകുകയുമുണ്ടായി. ഇതിന്റെ രേഖകളെല്ലാം ഫെഫ്കയിൽ ലഭ്യമാണ്, വർഷത്തിൽ 150 ലേറെ സിനിമകൾ റിലീസാകുന്ന പുതിയ കാലത്ത് ഫെഫ്ക്കയുടെ ഉത്തരവാദിത്വവും പ്രസക്തിയും ഏറെ വർദ്ധിക്കുകയാണെന്ന തിരിച്ചറിവും സംഘടനാ ബോധവും ഞങ്ങൾക്കുണ്ട്.

വിമർശനങ്ങളെയും വിയോജന അഭിപ്രായങ്ങളെയും എക്കാലവും ഫെഫ്ക സ്വാഗതം ചെയ്തിട്ടുണ്ട് . താങ്കളെ നേരിട്ട് കേൾക്കാനും, താങ്കളുടെ സാർത്ഥകമായ വിമർശ്ശനങ്ങളാൽ തിരുത്തപ്പെടാനും ഞങ്ങൾ തയ്യാറാണെന്ന് സൗമ്യമായി ഓർമ്മപ്പെടുത്തി കുറിപ്പ് അവസാനിപ്പിക്കുന്നു .
 

Tags:    
News Summary - Fefka's Response on Aashiq Abu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.