തിരുവനന്തപുരം: തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമാ യ ലെനിൻ രാജേന്ദ്രെൻറ ഭൗതികശരീരം ചെന്നൈയിൽനിന്ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.50 ഓടെയാണ് പണ്ഡിറ്റ്സ് കോളനിയിലെ ‘ഗ്രേസി’ലേക്ക് ഭൗതിക ശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ എത്തിച്ചത്. കരൾരോഗത്തെതുടർന്ന് അപ്പോളോ ആശു പത്രിയിൽ ചികിത്സയിലിരുന്ന ലെനിൻ രാജേന്ദ്രൻ തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അന്തരിച്ചത്.
ഡിസംബർ 17ന് അപ്പോളോ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങുകയായിരുന്നു. ഒരാഴ്ച മുമ്പ് ഭക്ഷണം കഴിക്കുന്നതിനിടെ ആഹാരം ശ്വാസനാളത്തിൽ കുടുങ്ങുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാത്രി വസതിയിലെത്തി ലെനിൻ രാജേന്ദ്രന് അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഡോ. എ. സമ്പത്ത് എം.പി, പി.എസ്.സി അംഗം പാർവതീദേവി, സംവിധായകരായ ടി.വി. ചന്ദ്രൻ, ഹരികുമാർ, മധുപാൽ, ബി. അജിത്ത്കുമാർ, നിർമാതാക്കളായ ഗോകുലം ഗോപാലൻ, സുരേഷ്കുമാർ, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, നേതാക്കളായ വി. ശിവൻകുട്ടി, പിരപ്പൻകോട് മുരളി തുടങ്ങിയവർ അേന്ത്യാപചാരം അർപ്പിച്ചു.
ബുധനാഴ്ച രാവിലെ 9.30ഓടെ മൃതദേഹം ലെനിൻ രാജേന്ദ്രൻ പഠിച്ച യൂനിവേഴ്സിറ്റി കോളജിലും 11.30ന് കലാഭവനിലും പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിലാണ് ഒൗദ്യോഗികബഹുമതികളോടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.