പാലക്കാട്: നടനവിസ്മയങ്ങള്‍ ഒത്തുചേര്‍ന്ന വര്‍ണാഭ ചടങ്ങില്‍ 46ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. സിനിമാ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള ജെ.സി. ഡാനിയല്‍ പുരസ്കാരം സംവിധായകന്‍ കെ.ജി. ജോര്‍ജും മികച്ച നടനുള്ള പുരസ്കാരം ദുല്‍ഖര്‍ സല്‍മാനും മികച്ച നടിക്കുള്ളത് പാര്‍വതിയും ഏറ്റുവാങ്ങി. മികച്ച ചിത്രമായി തെരഞ്ഞെടുത്ത ‘ഒഴിവുദിവസത്തെ കളി’ക്കുള്ള പുരസ്കാരം സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഏറ്റുവാങ്ങി.
മികച്ച സംവിധായകനുള്ള അവാര്‍ഡ് മാര്‍ട്ടിന്‍ പ്രക്കാട്ടും (ചാര്‍ളി) മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് രമേഷ് നാരായണന്‍ (ഇടവപ്പാതി, എന്ന് നിന്‍െറ മൊയ്തീന്‍), ഗായകനുള്ള അവാര്‍ഡ് ജയചന്ദ്രന്‍ (ജിലേബി, എന്നും എപ്പോഴും, എന്ന് നിന്‍െറ മൊയ്തീന്‍), ഗായികക്കുള്ളത് മധുശ്രീ നാരായണന്‍ (ഇടവപ്പാതി), മികച്ച കാമറാമാനുള്ള പുരസ്കാരം ജോമോന്‍ ജോണും ഏറ്റുവാങ്ങി. 48 ചലച്ചിത്ര അവാര്‍ഡുകളാണ് വിതരണം ചെയ്തത്. ചലച്ചിത്ര ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ മധു, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്‍, നടിമാരായ ഷീല, ശാരദ എന്നിവരെയും അന്തര്‍ദേശീയ പുരസ്കാരം നേടിയ റസൂല്‍ പൂക്കുട്ടിയെയും നിറഞ്ഞ കരഘോഷത്തിനിടെ ആദരിച്ചു. കെ.ജെ. യേശുദാസ്, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല.
വൈകീട്ട് അഞ്ചിന് പാലക്കാടന്‍ നാട്ടുകലകളുടെ അവതരണത്തോടെയാണ് മേളക്ക് തുടക്കമായത്. ഷഡാനനന്‍ ആനിക്കത്തിന്‍െറയും ജനാര്‍ദനന്‍ പുതുശ്ശേരിയുടെയും നേതൃത്വത്തില്‍ കാര്‍ഷികപ്പാട്ട്, കിഴക്കന്‍ കരകാട്ടം, പൊയ്ക്കുതിരകളി, വേട്ടുവന്‍ കണ്യാര്‍പാട്ട്, കാവടിയാട്ടം, കാളകളി, പാണന്‍ പൊറാട്ട് തുടങ്ങിയ കലാരൂപങ്ങളാണ് അവാര്‍ഡ് ദാനത്തിനോടനുബന്ധിച്ച് വേദിയിലത്തെിയത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.ബി. രാജേഷ് എം.പി, പി.കെ. ബിജു എം.പി, എം.എല്‍.എമാരായ എം. മുകേഷ്, ഷാഫി പറമ്പില്‍, വി.ടി. ബല്‍റാം, പി. ഉണ്ണി, കെ. കൃഷ്ണന്‍കുട്ടി, കെ. ബാബു, മുഹമ്മദ് മുഹ്സിന്‍, നടന്‍ ജയറാം, സംവിധായകന്‍ ലാല്‍ ജോസ്, സംഗീത നാടക അക്കാദമി പ്രസിഡന്‍റ് കെ.പി.എ.സി ലളിത, തമിഴ് നടന്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുരസ്കാര സമര്‍പ്പണവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സുവനീറിന്‍െറ പ്രകാശനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന താരനിശയില്‍ പി. ജയചന്ദ്രന്‍, രമേശ് നാരായണന്‍, ബിജിപാല്‍, ശ്രേയ തുടങ്ങിയ പിന്നണി ഗായകരും പുരസ്കാര ജേതാക്കളും അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. സമുദ്ര തിരുവനന്തപുരം അവതരിപ്പിച്ച നൃത്തശില്‍പങ്ങളും ഉണ്ടായിരുന്നു. സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണന്‍െറ നേതൃത്വത്തിലുള്ള സര്‍ഗസംഗീതം അരങ്ങേറി. ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന് ആദ്യമായാണ് പാലക്കാട് വേദിയായത്. 8500 ചതുരശ്ര അടിയിലൊരുക്കിയ വേദിയില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍കൊണ്ട് പുരസ്കാര ശില്‍പത്തിന്‍െറ രൂപം തെളിഞ്ഞത് അവിസ്മരണീയ അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.