ആന്‍റോ ജോസഫ് ക്രൂശിക്കപ്പെട്ടതിൽ വിഷമമുണ്ടെന്ന് ലാൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിനിമാ നിർമാതാവ് ആന്‍റോ ജോസഫ് ക്രൂശിക്കപ്പെട്ടതിൽ വിഷമമുണ്ടെന്ന് സംവിധായകൻ ലാൽ. തന്‍റെ വീട്ടിൽ മാധ്യമപ്രവർത്തകരോടാണ് ലാൽ മനസ് തുറന്നത്. സംഭവം നടന്ന് നടി തന്‍റെ വീട്ടിലേക്കാണ് വന്നത്. പിന്നീട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ സഹായത്തിനായി ആന്‍റോ ജോസഫിനെയും രൺജി പണിക്കരെയും വിളിക്കുകയായിരുന്നു. താൻ ആവശ്യപ്പെട്ടത് പ്രകാരം സഹായത്തിനെത്തിയ ആന്‍റോ ജോസഫിനെ സംഭവത്തിൽ കുറ്റപ്പെടുത്തുന്ന രീതിയിൽ ചില റിപ്പോർട്ടുകൾ കണ്ടപ്പോൾ അതിയായ വിഷമം ഉണ്ടായി. പിന്നീട് താൻ ആന്‍റോ ജോസഫിനെ വിളിച്ച് മാപ്പ് ചോദിച്ചു. സംഭവത്തിൽ നടൻ ദിലീപ് അനുഭവിച്ച ദുരിതത്തിന് കൈയും കണക്കുമില്ലെന്നും ലാൽ പറഞ്ഞു. 

ആക്രമിക്കപ്പെട്ട ദിവസം തന്‍റെ മകൻ സംവിധായകനായ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയല്ല നടി എത്തിയത്. സുഹൃത്തായ രമ്യാ നമ്പീശന്‍റെ വീട്ടിൽ താമസിക്കാനായി നടി വരുമ്പോൾ വണ്ടി ഏർപ്പാട് ചെയ്തുകൊടുത്തത് താനാണ് എന്നത് മാത്രമാണ് ചെയ്ത കുറ്റം. തൃശൂരിൽ നിന്ന് പുറപ്പെട്ട നടി സുരക്ഷിതയാണോ എന്ന് പല തവണ വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു.

സുനി ഒരു ക്രിമിനൽ ആണെന്ന് അറിയാമായിരുന്നില്ല. വളരെ മിടുക്കനായ വ്യക്തിയായി അറിയപ്പെട്ടിരുന്ന ഇയാളെപ്പറ്റി സെറ്റുകളിൽ വളരെ നല്ല അഭിപ്രായമായിരുന്നു.

നടി തൃശൂരിൽ നിന്ന് വന്ന വണ്ടിയുടെ ഡ്രൈവർ മാർട്ടിനെ സംശയം തോന്നി താൻ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പരിക്കുണ്ടെന്ന് അഭിനയിച്ച് ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞ മാർട്ടിനെ സംശയം തോന്നി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു എന്നും ലാൽ പറഞ്ഞു.

ന്യൂ ജനറേഷൻ സിനിമകളിൽ കഞ്ചാവും മദ്യവും ഒഴുകുകയാണെന്ന് പറ‍യുന്നവരെയും ലാൽ വിമർശിച്ചു. കഞ്ചാവും മദ്യവും ഒഴുകുന്ന സെറ്റുകൾ ഏതാണെന്ന് ഇങ്ങനെ പറയുന്നവർ വ്യക്തമാക്കണമെന്നും ലാൽ പറഞ്ഞു.

നടി വലിയ ആത്മവിശ്വാസവും ധൈര്യവുമാണ് പ്രകടിപ്പിക്കുന്നതെന്നും തെറ്റായ വാർത്തകൾ നൽകി അവരെ തകർക്കരുതെന്നും ലാൽ മാധ്യമങ്ങളോട് അപേക്ഷിച്ചു. നടി പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞ് പ്രതികൾക്ക് സഹായകമാകരുത് എന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും ലാൽ പറഞ്ഞു.

Tags:    
News Summary - Lal about actress attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.