അവാര്‍ഡ് നിശകള്‍ നിർത്തലാക്കണം -നവാസുദ്ദീന്‍ സിദ്ദീഖി

മുംബൈ: സിനിമാ മേഖലയിലെ അവാര്‍ഡ് നിശകള്‍ അവസാനിപ്പിക്കണമെന്ന് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി. അവാര്‍ഡ് നിശകളുടെ അര്‍ഥവും ലക്ഷ്യവും ചോര്‍ന്നിരിക്കുന്നു. പൊള്ളയാണിന്നത്. രാജ്യത്തിനോ സിനിമ മേഖലക്കോ എതിരെയല്ല പൊള്ളയായ അവാര്‍ഡ് നിശകള്‍ക്ക് എതിരെ മാത്രമാണ് താന്‍ പ്രതികരിക്കുന്നതെന്നും നവാസുദ്ദീന്‍ സിദ്ദീഖി 'ഹിന്ദുസ്ഥാന്‍ ടൈംസ്' പത്രത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒസ്‌കാര്‍ അവാര്‍ഡ് നിശയില്‍ അന്തരിച്ച നടന്‍ ഓംപുരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചത് ചൂണ്ടിക്കാട്ടി ബോളിവുഡ് അവാര്‍ഡ് നിശകള്‍ക്കെതിരെ നവാസുദ്ദീന്‍ സിദ്ദീഖി ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ചത് വയറലായിരുന്നു. ഓംപുരി അന്തരിച്ച ശേഷം നടന്ന ബോളിവുഡ് അവാര്‍ഡ് നിശകളില്‍ ഒന്നിലും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നില്ല. ഇതാണ് സിദ്ദീഖിയെ പ്രകോപിപ്പിച്ചത്. ട്വിറ്റര്‍ പ്രതികരണവുമായി ബന്ധപ്പെട്ട നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഉള്ളുതുറന്നത്.

ഇന്ത്യന്‍ സിനിമകളില്‍ മാത്രമല്ല; ലോക സിനിമയിലെയും ഇതിഹാസമാണ് ഓംപുരി. ബോളിവുഡ് അവാര്‍ഡ് നിശകളില്‍ രണ്ട് വാക്കെങ്കിലും അദ്ദേഹത്തെ കുറിച്ച് പറയണമായിരുന്നു. നിശകളില്‍ സിനിമയോടും കലയോടുമുള്ള ആത്മാര്‍ഥത ചോര്‍ന്നു പോയിരിക്കുന്നു. ഇത്തരം സ്വഭാവം തുടര്‍ന്നാല്‍ മാനക്കേട് ഭയന്ന് നല്ല നടന്മാരാരും പങ്കെടുക്കാതാകും. അവാര്‍ഡ് എന്നാല്‍, വലിയ ബഹുമതി നല്‍കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവാര്‍ഡ് ദാനം നിർത്തി ചാനല്‍ എപ്പിസോഡുകള്‍ക്ക് വേണ്ടി നൃത്തവും പാട്ടുമുള്ള നിശ മാത്രമാക്കുകയാകും അഭികാമ്യം. തന്‍റെ പേര് ഒരവാര്‍ഡിനും പരിഗണിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം ചടങ്ങുകളില്‍ പേര് കേള്‍ക്കുന്നത് അലോസരമാണുണ്ടാക്കുന്നതെന്നും നവാസുദ്ദീന്‍ സിദ്ദീഖി വ്യക്തമാക്കി.

 

Tags:    
News Summary - nawazuddin siddiqui react about film award nights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.