മലപ്പുറം: നിലമ്പൂരില്‍ സംവിധായകൻ കമൽ പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിന് വിലക്ക്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള ഉദ്ഘാടന പരിപാടികൾ സംഘാടകരുടെ ഭാഗത്തു നിന്ന് പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ കലക്ടർ സംഘാടകർക്ക് നോട്ടിസ് നൽകിയത്.
വെള്ളിയാഴ്ച നിലമ്പൂരില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള സംവിധായകൻ കമൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് ജില്ല കമ്മിറ്റി കലക്ടർക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പെരുമാറ്റച്ചട്ടം ബാധകമാണ്. അതിനാൽ സർക്കാർ പ്രതിനിധി കൂടിയായ ചലച്ചിത്ര അക്കാദമി ചെയര്‍മാൻ കമൽ മേള ഉദ്ഘാടനം ചെയ്യരുതെന്നാണ് ലീഗിന്‍റെ ആവശ്യം.
മേളയുടെ സുഗമമായ നടത്തിപ്പിന് ഉദ്ഘാടനം ഒരു അനിവാര്യതയല്ല. ഇതു പരിഗണിച്ചാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ കലക്ടർക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്. സംസ്ഥാന സർക്കാറിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയാണ് നിലമ്പൂരില്‍ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.