ന്യൂഡൽഹി: സജ്ഞയ് ലീല ഭൻസാലി ചിത്രം പദ്മാവത് വിലക്കാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന തങ്ങൾക്ക് സിനിമ വിലക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പൊതു താല്പര്യഹരജി കോടതി തള്ളി.
എം.എൽ ശർമയെന്ന അഭിഭാഷകനാണ് പൊതു താൽപര്യ ഹരജി സമർപ്പിച്ചത്. സിനിമ റിലീസ് ചെയ്താൽ ഈ സംസ്ഥാനങ്ങളിൽ കൊലപാതകവും അക്രമങ്ങളുണ്ടാകുമെന്ന് പരജിയിൽ ശർമ വാദിച്ചു.
എന്നാൽ ക്രമസമാധാന നില സുരക്ഷിതമാക്കേണ്ടത് സംസ്ഥാന സർക്കാറുകളുടെ ഉത്തരവാദിത്തമാണ് തങ്ങളുടേതല്ലെന്നും ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഈ കേസ് ഇനി വാദം കേൾക്കില്ലെന്നും കോടതി വ്യക്തമാക്കി.
ചിത്രം സംസ്ഥാനങ്ങൾക്ക് വിലക്കാൻ അവകാശമില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫൂലൻദേവിയുടെ ജീവിത കഥ പറയുന്ന ബണ്ഡിറ്റ് ക്യൂൻ റിലീസ് ചെയ്യാമെങ്കിൽ എന്തിന് പത്മാവത് വിലക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചിരുന്നു. ബോക്സ് ഒാഫീസിൽ വിധി നിർണയിക്കാനിരിക്കുന്ന ചിത്രം ജനങ്ങൾക്ക് കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. എന്നാൽ ക്രമസമാധാന നില തകരാറിലാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു സംസ്ഥാനത്തിന് ചിത്രത്തെ വിലക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.