ന്യൂഡൽഹി: വിവാദ ചിത്രം പത്മാവതിെൻറ പ്രദർശനം വിലക്കാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. രാജസ്ഥാൻ, മധ്യപ്രദ്ശ് സർക്കാറുകളും കര്‍ണിസേനയും സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ െബഞ്ചാണ് ഹരജി പരിഗണിച്ചത്.
സുപ്രീംകോടതി ഈ കേസിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ചിത്രം സെൻസർ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് ലഭിച്ചതാണ്. ഇനി ക്രമസമാധാനം ചൂണ്ടിക്കാട്ടി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളും സംസ്ഥാനങ്ങളും മുന്നോട്ടുവരുന്നത് ശരിയല്ലെന്നും ദീപക് മിശ്ര വ്യക്തമാക്കി.
ഹരജി സമർപ്പിച്ച കർണി സേനയെയും കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. നിങ്ങൾ പ്രശ്നങ്ങളുണ്ടാക്കിയതിന് ശേഷം അക്കാര്യം പറഞ്ഞ് കോടതിയെ സമീപിക്കുകയാണോ, വിദഗ്ധർ ചിത്രം കണ്ടതിന് ശേഷമാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകിയത്. അതിനാൽ ഒരു സംസ്ഥാനത്തിനും ചിത്രം നിരോധിക്കാൻ അവകാശമില്ലെന്നും ഇതാണ് ഉത്തരവെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് ഇരു സംസ്ഥാനങ്ങളും വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. സിനിമാട്ടോഗ്രാഫ് ആക്ട് സെക്ഷൻ ആറ് പ്രകാരം ചിത്രം നിരോധിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങളുടെ ഹരജി.
കേസിൽ ചിത്രത്തിെൻറ നിർമാതാക്കൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കേസ് പരിഗണിക്കുന്നതിനെ എതിർത്തിരുന്നു. രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളോടും കേസിൽ കക്ഷി ചേരാൻ രാജസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇൗ മാസം 25നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.