ചെന്നൈ: ‘പത്മാവതി’ ചിത്രത്തിലെ നായികയായ ദീപിക പാദുകോണിനെതിരെ ഉയർന്ന വധഭീഷണിയിൽ രൂക്ഷമായി പ്രതികരിച്ച് നടൻ കമൽഹാസൻ. വധഭീഷണി നേരിടുന്ന ദീപികയുടെ തല സംരക്ഷിക്കണമെന്ന് കമൽഹാസൻ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
വധഭീഷണി നേരിടുന്ന ദീപികയെ ബഹുമാനിക്കണം. ദീപികക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. വിഷയത്തിൽ തീവ്രവാദം കടന്നുവരുന്നത് പരിതാപകരമാണ്. മസ്‌തിഷ്കമുള്ള ഇന്ത്യക്കാർ ഉണരണം. ചിന്തിക്കേണ്ട സമയമാണിത്. നമ്മുക്ക് പറയാൻ ധാരാളമുണ്ട്. ഭാരതീയരോട് ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും കമൽഹാസൻ വ്യക്തമാക്കി.
I wantMs.Deepika's head.. saved. Respect it more than her body.Even more her freedom. Do not deny her that.Many communities have apposed my films.Extremism in any debate is deplorable. Wake up cerebral India.Time to think. We've said enough. Listen Ma Bharat
— Kamal Haasan (@ikamalhaasan) November 20, 2017
സിനിമയിൽ നായികയായ ദീപിക പദുകോണിനെ ജീവനോടെ കത്തിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നാണ് അഖില ഭാരതീയ ക്ഷത്രിയ മഹാസഭ (എ.ബി.കെ.എം) യുവജന വിഭാഗം നേതാവ് ഭുവനേശ്വർ സിങ് പ്രതിഷേധ യോഗത്തിൽ കൊലവിളി നടത്തിയത്. രജപുത്ര രാജ്ഞി പത്മിനിയെ അപകീർത്തിപ്പെടുത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവതി’യുടെ റിലീസ് തടയണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇതിനിടെ, ‘പത്മാവതി’ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈദരാബാദിൽ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയിൽ നിന്ന് ദീപിക പാദുകോൺ പിന്മാറി. ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ്: ദ് പാത്ത് ടു മൂവി േമക്കിങ് എന്ന വിഷയത്തിലെ ചർച്ചയിൽ സംസാരിക്കുന്നതിൽ നിന്നാണ് പാദുകോൺ പിന്മാറിയത്. തെലങ്കാന സർക്കാറിന്‍റെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യമറിയിച്ചത്. ‘സ്ത്രീകൾ ആദ്യം, സമൃദ്ധി ഏവർക്കും’ എന്ന പ്രമേയത്തിൽ ഇന്ത്യയും യു.എസും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ 179 രാജ്യങ്ങളിൽ നിന്ന് 1,500 വ്യവസായ സംരംഭകരാണ് പെങ്കടുക്കുന്നത്. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻക ട്രംപാണ് യു.എസ് സംഘത്തെ നയിക്കുന്നത്.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മിനിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക പദുകോൺ റാണി പത്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്, അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.