പാർവതിയെ സിനിമയിൽ നിന്ന് വിലക്കണം; വൈറലായി എഫ്.ബി പോസ്റ്റ്

ഉയരെയിലെ പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രത്തിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച പാർവതി തിരുവോത്തിനെ പ്രശംസ കൊണ്ട് മൂടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. പാർവതിക്കെതിരെ ഒാൺലൈനിലും സിനിമ മേഖലയിലുമുള്ള വിലക്കുകളെ ആക്ഷേപഹാസ്യത്തിലൂടെ പരിഹസിച്ച് 'ഈ പാർവതിയെ ബാൻ ചെയ്യണം' എന്ന തലക്കെട്ടിലെഴുതിയ ഡോ. നെൽസൺ ജോസഫിന്‍റെ കുറിപ്പാണ് വൈറലായത്. ഉയരെക്ക് തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഈ പാർവതിയെ (Parvathy Thiruvothu) ബാൻ ചെയ്യണം
------------------------------------------------------------------------

സത്യത്തിൽ പാർവതിയെ ഒക്കെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌?

ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ല... പണ്ട്‌ 2006ൽ നോട്ട്ബുക്കിൽ അഭിനയിക്കുമ്പൊ പതിനെട്ട്‌ വയസാണത്രേ..

അപ്പന്റെയും അമ്മയുടെയും കയ്യീന്ന് കാശും വാങ്ങിച്ചോണ്ട്‌ ഒരു ശരാശരി ആൺകുട്ടിയായ ഞാൻ പോയി സിനിമ കാണുമ്പൊ എന്നേക്കാളും പ്രായം കുറഞ്ഞ പാർവതി സ്വന്തമായിട്ട്‌ കാശുണ്ടാക്കുന്നു.

എന്തൊരഹമ്മതിയാണിത്‌? പെണ്ണ് ആണിനെക്കാൾ പുറകിലാണെന്ന് വിശ്വസിക്കുന്ന ആണുങ്ങൾക്കുണ്ടാവുന്ന ഇൻഫീരിയോറിറ്റി കോമ്പ്ലക്സിന് ആരു സമാധാനം പറയും?

പിന്നിങ്ങോട്ട്‌ തമിഴ്‌, മലയാളം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. അത്‌ ഞങ്ങൾ സഹിക്കും... 'കല്യാണം വരെ' നടിമാരെ അഭിനയിക്കാൻ അനുവദിക്കുന്ന ഒരു പുരോഗമന ചിന്താഗതിയാണു ഞങ്ങളുടേത്‌.

പിന്നെ അവാർഡുകൾ. ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ദേശീയ തലത്തിലുമൊക്കെ ഒരുപാട്‌ അവാർഡ്‌ വാങ്ങിച്ച പെണ്ണുങ്ങളെ അഭിനന്ദിക്കാനുള്ള മഹാമനസ്കതയും ഞങ്ങൾക്കുണ്ട്‌.

പക്ഷേ എത്ര വല്യ നടനായാലും നടിയായാലും വിനയ കുനയത പ്രകടിപ്പിച്ചില്ലെങ്കിൽ ഞങ്ങ സഹിക്കൂല. പ്രത്യേകിച്ച്‌ പെണ്ണ്... സ്വന്തം അഭിപ്രായം പറയ്യേ, എന്താ കഥ !! വീടിന്‍റെ ഉമ്മറത്ത്‌ പെണ്ണുങ്ങളു വന്ന് നിന്ന് അഭിപ്രായം പറയാറില്യാന്ന് അറിഞ്ഞൂടേ കുട്ട്യേ?

അതിനു വിരുദ്ധമായിട്ട്‌ പ്രവർത്തിച്ചാ ഞങ്ങള് പൊങ്കാലയിടും... കലത്തിൽ പായസമുണ്ടാക്കുമെന്നല്ല, വീട്ടുകാരെടെ പൈസകൊണ്ട്‌ ചാർജ്‌ ചെയ്ത നെറ്റ്‌ വച്ച്‌ നല്ല പുളിച്ച തെറിവിളിക്കും... വിളിച്ചിട്ട്‌ മാപ്പ്‌ പറഞ്ഞില്ലേൽ പിന്നേം വിളിക്കും... പൊറകേ നടന്ന് വിളിക്കും. കരയിക്കും. ഇപ്പഴും വിളിക്കുന്നൊണ്ട്‌...

പക്ഷേ ഇതെന്താ സംഭവം? കരയുന്നില്ലാന്ന് മാത്രമല്ല, സ്വന്തം ഫീൽഡിൽ കഴിവ്‌ തെളിയിച്ചോണ്ടിരിക്കുന്നു... കയ്യടി വാങ്ങിക്കുന്നു

മുപ്പതു വയസായിട്ടും കെട്ടുന്നില്ല. ജാതിവാൽ വേണ്ടെന്ന് വയ്ക്കുന്നു. സ്വന്തം അഭിപ്രായം പറയുന്നു. പുസ്തകം വായിക്കുന്നു

ഇനിയും സഹിക്കാൻ പറ്റില്ല...
ഇവരെ ഇനിയും വളരാനനുവദിച്ചൂടാ...

ബാൻ ചെയ്തേ പറ്റൂ...

Full View
Tags:    
News Summary - Parvathy Uyare supported FB Post Viral -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.