ഫഹദ് ഫാസിൽ-വേണു ചിത്രം കാർബണിനെ പുകഴ്ത്തി സംവിധായകൻ സത്യൻ അന്തിക്കാട്. ഫഹദ് ഫാസില്‍ എന്ന നടന്‍റെ സാന്നിദ്ധ്യമാണ് 'കാര്‍ബണ്‍' ന്റെ ഏറ്റവും വലിയ ശക്തി. നോട്ടം കൊണ്ടും, ചലനങ്ങള്‍ കൊണ്ടും, മിന്നി മറയുന്ന ഭാവങ്ങള്‍ കൊണ്ടും ഫഹദ് വീണ്ടും നമ്മളെ കൈയ്യിലെടുക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
പേരിന്റെ കൂടെ ഒരു 'കാട്' ഉണ്ടെങ്കിലും യഥാര്‍ത്ഥ കാടിനുള്ളില്‍ കയറാന്‍ എനിക്കിതു വരെ ധൈര്യമുണ്ടായിട്ടില്ല. 'ഭാഗ്യദേവത' മുതല്‍ തുടര്‍ച്ചയായി നാല് ചിത്രങ്ങളുടെ ക്യാമറമാനായി വേണു വന്നപ്പോഴാണ് കാടിന്റെ കൊതിപ്പിക്കുന്ന കഥകള്‍ ഞാന്‍ കേട്ടിട്ടുള്ളത്. ഒരുപാടു തവണ വനയാത്ര നടത്തിയിട്ടുള്ള വേണു അതിശയിപ്പിക്കുന്ന കാടനുഭവങ്ങള്‍ പറയുമായിരുന്നു.
വേണുവിന്റെ വനയാത്ര ഇന്നലെ നേരിട്ട് കണ്ടു. 'കാര്‍ബണ്‍' എന്ന സിനിമ. മലയാളത്തില്‍ ഇങ്ങനൊരു സിനിമ ആദ്യമാണ്. നമ്മള്‍ പോലുമറിയാതെ 'സിബി' എന്ന ഭാഗ്യാന്വേഷിയോടൊപ്പം വേണു നമ്മളെ കാടിന്റെ ഉള്ളറകളില്‍ പിടിച്ചിടുന്നു. മഞ്ഞും, മഴയും, തണുപ്പും, ഏകാന്തതയുമൊക്കെ നമ്മളും അനുഭവിക്കുന്നു. ഇടക്കെങ്കിലും ഇത്തരം സിനിമകള്‍ സംഭവിക്കണം. എങ്കിലേ വ്യത്യസ്തത എന്തെന്ന് നാം തിരിച്ചറിയൂ.
ഫഹദ് ഫാസില്‍ എന്ന നടന്റെ സാനിദ്ധ്യമാണ് 'കാര്‍ബണ്‍' ന്റെ ഏറ്റവും വലിയ ശക്തി. നോട്ടം കൊണ്ടും, ചലനങ്ങള്‍ കൊണ്ടും, മിന്നി മറയുന്ന ഭാവങ്ങള്‍ കൊണ്ടും ഫഹദ് വീണ്ടും നമ്മളെ കൈയ്യിലെടുക്കുന്നു. മംമ്തയും, കൊച്ചുപ്രേമനും മണികണ്ഠനുമൊക്കെ കാടിനുള്ളില്‍ നമ്മുടെ കൂട്ടുകാരായി മാറുന്നു.
വേണുവിനും വേണുവിന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നിന്ന കെ.യു. മോഹനനും, വിശാല്‍ ഭരദ്വാജിനും, ബീനാ പോളിനും മറ്റെല്ലാ പ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനം, സ്നേഹം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.