കോഴിക്കോട്: ആരാധകരുടെ സ്നേഹ പ്രകടനം അതിരുവിട്ടപ്പോൾ പ്രതികരിക്കേണ്ടി വന്ന സംഭവത്തിൽ ക്ഷമാപണവുമായി സിനിമ താരം ടൊവിനോ തോമസ്. ആരോ ഉപദ്രവിച്ചപ്പോഴുണ്ടായ വേദന സഹിക്കാവുന്നതിലും അപ്പുറമായതിനാലാണ് പ്രതികരിച്ചതെന്ന് ടൊവീനോ ഫേസ്ബുക്കിൽ കുറിച്ചു. ഒരു പച്ച മനുഷ്യനായതിനാലാണ് പ്രതികരിച്ചു പോയത്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ലെന്നും ടൊവിനോ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പ്രിയപെട്ടവരെ,
നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാന്‍. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ ഒരാള്‍. പ്രേക്ഷകരില്‍നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാനാകുന്ന കഥാപാത്രങ്ങള്‍ എന്നും ചെയ്യാന്‍ കഴിയണമെന്നാണ് ഓരോ സിനിമക്ക് മുന്‍പും ശേഷവും ആഗ്രഹിക്കുന്നത്. നല്ല സിനിമകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്.
പ്രൊമോഷന് വേണ്ടി തീയേറ്ററുകളിലും ക്യാമ്പസുകളിലുമൊക്കെ പോയപ്പോള്‍ എത്രയോ പേര്‍ സിനിമകളോടുള്ള അവരുടെ ഇഷ്ടം ഞങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും കൈയ്യടിയുമാക്കി മാറ്റിയിരുന്നു. ഇനിയുള്ള സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും മാത്രമേ നിങ്ങളുടെ അളവില്ലാത്ത സ്‌നേഹത്തിനു പകരം നല്‍കാനാവൂ. ഇതിനിടയില്‍ ചില മോശം അനുഭവങ്ങള്‍ കൂടിയുണ്ടായി.
വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചിരുന്നു. വേദനിച്ചപ്പോള്‍ ഒരു പച്ച മനുഷ്യനായി പ്രതികരിച്ചു പോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. സിനിമക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.